നാല് വർഷങ്ങളിലായി ഒരു ലക്ഷം കോടി രൂപയുടെ പ്രവർത്തനങ്ങളാണ് പൊതുമരാമത്തു വകുപ്പ് നടപ്പാക്കുന്നത് - മന്ത്രി ജി സുധാകരൻ
ആലപ്പുഴ ബൈപ്പാസ് ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകും
ആലപ്പുഴ : ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള നാല് വർഷങ്ങളിലായി 105608 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് പൊതുമരാമത്തു വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് പൊതുമരാമത്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. കക്ഷി - രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും പൊതുമരാമത്തു വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നത് ജനോപകാരപ്രദമായ വികസന പ്രവർത്തനങ്ങളാണ്. മാവേലിക്കര മണ്ഡലത്തിലെ ളാഹ - ചുനക്കര റോഡിൻറെ നിർമ്മാണോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി.
കോവിഡ് കാലത്തെ പ്രയാസങ്ങൾ അവഗണിച്ച് പൊതുമരാമത്തു വകുപ്പ് സംസ്ഥാനത്ത് നടത്തുന്നത് മാതൃകാപരമായ വികസന പ്രവർത്തനങ്ങളാണ്. ഇതിനായി വകുപ്പിലെ ഉദ്യോഗസ്ഥരും എഞ്ചിനീയർമാരും അക്ഷീണം പ്രവർത്തിക്കുകയാണ്. കുറ്റമറ്റ രീതിയിലാണ് സംസ്ഥാനത്തെ റോഡുകളും പാലങ്ങളും എല്ലാം തന്നെ നിർമ്മിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലയുടെ സ്വപ്ന പദ്ധതിയായ ആലപ്പുഴ ബൈപാസിൻറെ നിർമാണം അവസാന ഘട്ടത്തിലാണ്. ഒക്ടോബർ അവസാനത്തോടെ നിർമാണം പൂർത്തിയാകും. ജില്ലയിലെ പ്രധാന പദ്ധതിയായ ആലപ്പുഴ -ചങ്ങനാശ്ശേരി റോഡ് ഉയർത്തി പണിയാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. 625 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഈ റോഡിലൂടെയുള്ള പള്ളാത്തുരുത്തി, നെടുമുടി, കിടങ്ങറ പാലങ്ങളുടെ നിർമാണത്തിനായി 115 കോടി രൂപയാണ് ചിലവ്. 82 ചെറിയ പാലങ്ങളുമുണ്ട്. ഈ റോഡിൻറെ പണി പൂർത്തിയാകുന്നതോടെ കുട്ടനാട്ടിൽ മഴക്കാലത്ത് റോഡിലൂടെയുള്ള ഗതാഗത പ്രശ്നങ്ങൾ അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു.
മാവേലിക്കര നിയമസഭ മണ്ഡലത്തിലെ തെക്കേക്കര -ചുനക്കര ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ളാഹ -മുള്ളിക്കുളങ്ങര - കോട്ടമുക്ക് ചുനക്കര റോഡ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് കോടി രൂപ വിനിയോഗിച്ചാണ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നത്. താഴ്ന്ന ഭാഗങ്ങളിൽ ജിഎസ്ബി, ഡബ്ലിയുഎംഎം എന്നിവ ഇട്ടുയർത്തി ആവശ്യമായ ഭാഗങ്ങളിൽ കാന, ഇന്റർലോക്കിംഗ് ടൈൽ, റോഡ് സേഫ്റ്റി വർക്കുകൾ എന്നിവയും ചെയ്യും.
ആർ. രാജേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. പൊതുമരാമത്തു നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി അംബിക റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഗോപാലകൃഷ്ണൻ, തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല ലക്ഷ്മണൻ, പൊതുമരാമത്തു വകുപ്പ് റോഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി വിനു തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments