കോവിഡ് കാലത്തും പൊതുമരാമത്തു വകുപ്പ് നടത്തുന്നത് മാതൃകാപരമായ വികസന പ്രവർത്തനങ്ങൾ: മന്ത്രി ജി. സുധാകരൻ
ആലപ്പുഴ : കോവിഡ് കാലത്തെ പ്രയാസങ്ങൾ അവഗണിച്ചും പൊതുമരാമത്തു വകുപ്പ് സംസ്ഥാനത്തു നടത്തുന്നത് മാതൃകാപരമായ വികസന പ്രവർത്തനങ്ങളെന്നു പൊതുമരാമത്തു - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ. ഇതിനായി വകുപ്പിലെ ഉദ്യോഗസ്ഥരും എഞ്ചിനീയർമാരും അക്ഷീണം പ്രവർത്തിക്കുകയാണ്. കുറ്റമറ്റ രീതിയിലാണ് സംസ്ഥാനത്തെ റോഡുകളും പാലങ്ങളും എല്ലാം തന്നെ നിർമ്മിക്കുന്നത്. കക്ഷി - രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പൊതുമരാമത്തു വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നത് ജനോപകാരപ്രദമായ വികസനങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാവേലിക്കര നിയസഭാമണ്ഡലത്തിലെ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മങ്കുഴി പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി .
64 വർഷം പഴക്കമുള്ള മങ്കുഴി പാലം പുനർനിർമ്മിക്കുക എന്നത് നാട്ടുകാരുടെ ദീർഘാനാളായുള്ളആവശ്യമായിരുന്നുവെന്നും ഇതിന് പരിഹാരം കാണാനായതിൽ ഏറെ സന്തോഷമുണ്ടെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് ആർ. രാജേഷ് എം. എൽ. എ പറഞ്ഞു. വഴുവാടിക്കടവ് പാലം ഉൾപ്പെടെ മണ്ഡലത്തിലേക്ക് ആവശ്യമായ റോഡുകളും, പാലങ്ങളും അനുവദിച്ച പൊതുമരാമത്തു വകുപ്പിനോടും മന്ത്രിയോടുമുള്ള നന്ദിയും ചടങ്ങിൽ എം. എൽ. എ പ്രകാശിപ്പിച്ചു. 4.93കോടി രൂപയാണ് പാലത്തിന്റെ നിർമ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. 18 മീറ്റർ നീളത്തിലും 9മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുക. ഇരുഭാഗങ്ങളിലുമായി 300 മീറ്റർ അപ്രോച്ച് റോഡും ബി. എം. ആൻഡ് ബി. സി നിലവാരത്തിൽ നിർമ്മിക്കും. തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മുള്ളിക്കുളങ്ങര -തടത്തിലാൽ റൂട്ടിൽ തൊടിയൂർ - ആറാട്ടുകടവ് കനാലിനു കുറുകെയാണ് മങ്കുഴി പാലം.
തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല ലക്ഷ്മണൻ, ജില്ലാ പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മൻ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ദീപ ജയാനന്ദൻ, പൊതുമരാമത്തു പാലം വിഭാഗം ചീഫ് എഞ്ചിനീയർ എസ്. മനോമോഹൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ എ. സിനി തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments