Skip to main content

പുക പരിശോധനാ സർട്ടിഫിക്കറ്റ് കാലാവധി ചുരുക്കി നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് 

 

ആലപ്പുഴ: വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റ് ഒരു വർഷത്തേക്ക് നൽകേണ്ടത് ആറ് മാസത്തേക്ക് ചുരുക്കി നൽകുന്ന പുക പരിശോധനാ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. 2012ന് ശേഷം പുറത്തിറങ്ങിയ ബിഎസ് 4(ഭാരത് സ്റ്റേജ് എമിഷൻ നോംസ്) വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റിന് ഒരു വർഷത്തെ കാലപരിധിയാണ് നൽകേണ്ടത്. എന്നാൽ നിലവിൽ പുകപരിശോധനാ കേന്ദ്രങ്ങൾ നൽകുന്നത് ആറ് മാസം കാലാവധിയുള്ള സർട്ടിഫിക്കറ്റാണ്. നിലവിൽ ബി എസ് 3 വാഹനങ്ങൾക്ക് മാത്രമാണ് ആറ് മാസത്തെ പുക പരിശോധന സർട്ടിഫിക്കറ്റ് നൽകേണ്ടത്. 

ഇരു ചക്ര വാഹനങ്ങൾക്ക് 80 രൂപയും മുച്ചക്ര വാഹനങ്ങൾക്ക് (പെട്രോൾ 80) രൂപയും (ഡീസൽ 90)രൂപയുമാണ്. ലൈറ്റ് മോട്ടോർ വെഹിക്കിൾ (പെട്രോൾ 100 ) രൂപയും (ഡീസൽ 110) രൂപയും ഹെവി മോട്ടോർ വെഹിക്കിളിന് 150 രൂപയുമാണ് പുക പരിശോധന ഫീസായി വാങ്ങേണ്ടത്. 

പുക പരിശോധനാ സർട്ടിഫിക്കറ്റ് ഈ മാസം മുതൽ ഓൺലൈനിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. വാഹൻ സോഫ്റ്റ് വെയറും പുക പരിശോധനാ കേന്ദ്രങ്ങളും തമ്മിൽ ലിങ്ക് ചെയ്യും. ഒരു വർഷം കാലാവധി നൽകുന്ന സർട്ടിഫിക്കറ്റുകൾക്ക് ഇരട്ടി ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പരാതിയുണ്ടെങ്കിൽ ആർ.ടി.ഒ യെ സമീപിക്കാം. 

എല്ലാ പുക പരിശോധന കേന്ദ്രങ്ങളിലും നൽകുന്ന സർട്ടിഫിക്കറ്റുകളുടെ കാലാവധിയും പരിശോധന ഫീസും വാഹന ഉടമസ്ഥർക്ക് കാണുന്ന വിധത്തിൽ ബോർഡായി എഴുതി പ്രദർശിപ്പിക്കണം. അല്ലാത്ത പക്ഷം അത്തരം പുക പരിശോധന കേന്ദ്രങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആലപ്പുഴ ആർ.ടി.ഒ. പി.ആർ സുമേഷ് അറിയിച്ചു.

date