Skip to main content

വ്യവസായ പരിശീലന കേന്ദ്രങ്ങൾ ജനങ്ങൾക്ക് പുതിയ തൊഴിൽ മാർഗങ്ങൾ സൃഷ്ടിക്കും: മന്ത്രി പി തിലോത്തമൻ

 

ആലപ്പുഴ :തൊഴിൽ സാഹചര്യങ്ങൾ മാറി വരുന്ന ഈ കാലത്ത് നാട്ടിൻപുറങ്ങൾ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന വ്യവസായ പരിശീലന കേന്ദ്രങ്ങൾ ജനങ്ങൾക്ക് പുതിയ തൊഴിൽ മാർഗങ്ങൾ സൃഷ്ടിക്കുമെന്ന്  ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വയലാർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച വ്യവസായ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച ചെറുകിട വ്യവസായ പരിശീലന കേന്ദ്രം മാതൃകാപരമായ ഒരു പ്രവർത്തനമാണ്. ഇത്തരമൊരു കേന്ദ്രം വരുന്നതോടെ വനിതകൾക്ക് തൊഴിൽ പരിശീലനം നേടി സ്വയംപര്യാപ്തത കൈവരിക്കാനും ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും സാധിക്കും.  ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകാൻ ഈ സർക്കാർ ധാരാളം നടപടികൾ കൈക്കൊള്ളുന്നുണ്ട്. ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന  ഇത്തരം വ്യവസായ പരിശീലന കേന്ദ്രങ്ങൾ അതിലേക്കുള്ള ചുവടുവയ്പ്പാണെന്നും മന്ത്രി പറഞ്ഞു. 

എ.എം ആരിഫ് എംപി അധ്യക്ഷത വഹിച്ചു. വ്യവസായ പരിശീലന കേന്ദ്രത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതോടെ ജനങ്ങൾക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യം സാധ്യമാകുമെന്നും   എംപി പറഞ്ഞു.

ഗ്രാമീണ മേഖലയിലുള്ളവരെ സ്വയം തൊഴിൽ പരിശീലിപ്പിച്ച് അവരെ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

വിശാലമായ സൗകര്യങ്ങളോടെ നിർമ്മിച്ചിരിക്കുന്ന തൊഴിൽ പരിശീലന കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നതോടെ തയ്യൽ യൂണിറ്റ്, കുട, ബാഗ്, ചെരുപ്പ് നിർമ്മാണം തുടങ്ങി നിരവധി തൊഴിൽ  പരിശീലനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കും.

‌കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ഷാനിമോൾ ഉസ്മാൻ എം.എൽ.എ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ, വൈസ് പ്രസിഡന്റ് സി.റ്റി വിനോദ്, വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി ബാബു,  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.റ്റി ശ്രീജ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹേമ ദാമോദരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.കെ ഗൗരീശൻ, ജയ അശോകൻ, എൻ.സജി, വത്സല തമ്പി, സിന്ധു വാവക്കാട്, റ്റി.എച്ച് സലാം, സെബാസ്റ്റ്യൻ, അനിത ദിലീപ്, തങ്കമ്മ, എസ്. കവിത, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷംല എം.എസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മോനിഷ് വി.ആർ തുടങ്ങിയവർ പങ്കെടുത്തു.

date