ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിനെ സമ്പര്‍ക്കരഹിതമാക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും
ആന്‍റിജന്‍ പരിശോധനയില്‍ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റില്‍ സമ്പര്‍ക്കം പൂര്‍ണമായി ഒഴിവാക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇന്നലെ(ജൂലൈ 17) പുലര്‍ച്ചെ മൂന്നു മുതല്‍ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് മത്സ്യ വ്യാപാരശാലകളിലെ തൊഴിലാളികളായ ഏറ്റുമാനൂര്‍ സ്വദേശിക്കും(37)ഓണന്തുരുത്ത് സ്വദേശിക്കും(60) രോഗം സ്ഥിരീകരിച്ചത്.
വ്യാപാരികള്‍, വ്യാപര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ തുടങ്ങി 48 പേരുടെ സാമ്പിളുകളാണ് ശേഖരിച്ചത്. 46 പേരുടെയും ഫലം നെഗറ്റീവാണ്. മാര്‍ക്കറ്റ് താത്കാലികമായി അടയ്ക്കാന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. മാര്‍ക്കറ്റിലെത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, വ്യാപാരികള്‍, തൊഴിലാളികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ തമ്മിലുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയും വിധത്തില്‍ മാര്‍ക്കറ്റില്‍ പുനഃക്രമീകരണങ്ങള്‍ നടത്തണം. ഇതിനായി മുനിസിപ്പാലിറ്റിയിലെയും ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെയും എന്‍ജിനീയറിംഗ് വിഭാഗങ്ങള്‍ ചേര്‍ന്ന് രൂപരേഖ തയ്യാറാക്കണം.
വാഹനങ്ങളും ആളുകളും വരുന്നതും പോകുന്നതും ഓരോ വഴികളില്‍ മാത്രമായി നിയന്ത്രിക്കണം. പുറത്തുനിന്ന് ലോറികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വിശ്രമിക്കുന്നതിന് പ്രത്യേക സൗകര്യം ഒരുക്കണം. മാര്‍ക്കറ്റില്‍ ഒരിടത്തും തൊഴിലാളികളോ സന്ദര്‍ശകരോ കൂട്ടം ചേരുന്ന സാഹചര്യം ഉണ്ടാകരുത്. അണുനശീകരണം നടത്തുന്നതിന് മുനിസിപ്പാലിറ്റി അടിയന്തിര നടപടി സ്വീകരിക്കണം. ശേഷിക്കുന്ന വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും കോവിഡ് പരിശോധന നടത്തുന്നതിനും രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കണം. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് റവന്യൂ, ആരോഗ്യം, പോലീസ് തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തവും ലഭ്യമാക്കും.
ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ബിജു കൂമ്പിക്കല്‍, എ.ഡി.എം. അനില്‍ ഉമ്മന്‍, ആര്‍.ഡി.ഒ ജോളി ജോസഫ്, തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു, വിവിധ വകുപ്പുകളുടെ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments