പുറത്തൂര്‍ പള്ളിക്കവിലെ പുഴയോര സംരക്ഷണ ഭിത്തിയുടെ നിര്‍മാണ പ്രവൃത്തികള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു
ഭാരതപ്പുഴയും പൊന്നാനി പുഴയും സംഗമിക്കുന്ന പുറത്തൂര്‍ പള്ളിക്കടവിലെ കരയിടിച്ചില്‍ രൂക്ഷമായ സ്ഥലത്ത് പുഴയോര സംരക്ഷണ ഭിത്തി നിര്‍മിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പള്ളിക്കടവ് മുതല്‍ പുറത്തൂര്‍ ബസ്റ്റാന്‍ഡ് വരെ രണ്ട് മീറ്റര്‍ ഉയരത്തില്‍ 950 മീറ്റര്‍ നീളത്തലുള്ള ഭിത്തിയാണ് നിര്‍മിക്കുന്നത്. നബാര്‍ഡ് ഫണ്ടില്‍ നിന്ന് ലഭിച്ച 7.15 കോടി ഉപയോഗിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗമാണ് നിര്‍മാണം നടത്തുന്നത്.
കരിങ്കല്ലുകള്‍ നിരത്തി അതിന് മുകളില്‍ വലിയ കോണ്‍ക്രീറ്റ് കട്ടകള്‍ കയറ്റി വെച്ച് ഭിത്തിയാക്കുകയാണ് ചെയ്യുന്നത്. ഈ വര്‍ഷം തന്നെ പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. മഴ ശക്തമാകുന്നതോടെ ഭാരതപ്പുഴയും പൊന്നാനി പുഴയും സംഗമിക്കുന്ന ഈ ഭാഗത്ത് വെള്ളം കയറി വ്യാപകമായി കര ഇടിയുകയും ഒട്ടേറെ വീടുകള്‍ തകരുന്നതും പതിവായിരുന്നു. പടിഞ്ഞാറെക്കര അഴിമുഖത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ കരിങ്കല്‍ പാറകള്‍ ഉപയോഗിച്ച് പുലിമുട്ട് നിര്‍മിച്ചതോടെയാണ് പുറത്തൂര്‍ ഭാഗത്ത് പുഴ കരയിലേക്ക് കയറാന്‍ തുടങ്ങിയത്. ഇതിനെ തുടര്‍ന്നാണ് സംരക്ഷണ ഭിത്തി നിര്‍മിക്കുകയെന്ന ആശയം ഉടലെടുക്കുന്നത്.
ചടങ്ങില്‍ പുറത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി റഹ്മത് സൗദ അധ്യക്ഷയായി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി റംല മുഖ്യാഥിതിയായി. പുറത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി സുധാകരന്‍, വിവിധ സ്ഥിരം സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments