പരപ്പനങ്ങാടിയില്‍ 2.32 കോടിയുടെ ഇന്‍ഡോര്‍ സ്റ്റേഡിയം എം.എല്‍.എ തറക്കല്ലിട്ടു
കായിക പ്രേമികളുടെ ആവശ്യം പരിഗണിച്ച് പരപ്പനങ്ങാടിയില്‍ ആധുനിക സജ്ജീകരണങ്ങളോടെ ഇന്‍ഡോര്‍ സ്റ്റേഡിയം പണിയുന്നു. പി.കെ അബ്ദുറബ് എം. എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 2.32 കോടി രൂപ ചെലവഴിച്ചാണ് തിരൂരങ്ങാടി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പരപ്പനങ്ങാടില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം പദ്ധതി നടപ്പാക്കുന്നത്. പരപ്പനങ്ങാടി റസ്റ്റ് ഹൗസിന്റെയും കോടതിയുടെയും ഇടയിലുള്ള സ്ഥലത്താണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. ജലവിഭവ വകുപ്പില്‍ നിന്നും ഇന്‍ഡോര്‍ സ്റ്റേഡിയ നിര്‍മ്മാണത്തിന് വേണ്ടി ലഭ്യമാക്കിയതാണ് സ്ഥലം. രണ്ട് ബാസ്‌ക്കറ്റ് ബോള്‍, നാല് ഷട്ടില്‍ ബാഡ്മിന്റണ്‍, രണ്ട് ടെന്നീസ്, രണ്ട് വോളി ബോള്‍, നാല് ടേബിള്‍ ടെന്നീസ്, ജിംനേഷ്യം എന്നീ സൗകര്യങ്ങള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുണ്ടാകും. നിര്‍മാണ പ്രവൃത്തി അടുത്ത ദിവസം തുടങ്ങും. ആറു മാസത്തിനകം സ്റ്റേഡിയം യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യം.
ഇന്‍ഡോര്‍ സ്റ്റേഡിയം ശിലാസ്ഥാപനം പി.കെ അബ്ദുറബ് എം.എല്‍.എ നിര്‍വഹിച്ചു. പരപ്പനങ്ങാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.വി ജമീല ടീച്ചര്‍ അധ്യക്ഷയായി. നഗരസഭ വൈസ് ചെയര്‍മാന്‍ എച്ച്.ഹനീഫ, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം.ഉസ്മാന്‍, കൗണ്‍സിലര്‍മാരായ നൗഫല്‍ ഇല്ലിയന്‍, സുഹ്‌റാബി ഉള്ളണം, പി.കെ മുഹമ്മദ് ജമാല്‍, പി.വി തുളസിദാസ്, സിടി ശ്രീധരന്‍, ഖാദര്‍ പുള്ളാടന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ തുളസീദാസ്, അലി അക്ബര്‍, ജഗന്നിവാസന്‍, ഗിരീഷ് തോട്ടത്തില്‍, എം.സിദ്ധാര്‍ത്ഥന്‍, സി.ടി നാസര്‍, പി.ഒ സലാം എന്നിവര്‍ പങ്കെടുത്തു.
- Log in to post comments