Skip to main content

പെരിന്തല്‍മണ്ണ സെന്‍ട്രല്‍ എല്‍.പി. സ്‌കൂളിന് പുതിയ ക്ലാസ് മുറികള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു

 

പെരിന്തല്‍മണ്ണ സെന്‍ട്രല്‍ എല്‍.പി. സ്‌കൂളില്‍ പുതുതായി രണ്ട് ഹൈടെക് ക്ലാസ്മുറികള്‍ കൂടി ഒരുങ്ങുന്നു. ക്ലാസ് മുറികളുടെ നിര്‍മാണ പ്രവൃത്തികളുടെ ശിലാസ്ഥാപനം നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം നിര്‍വഹിച്ചു. വിദ്യാര്‍ഥികളുടെ വര്‍ധനവിന് ആനുപാതികമായി സ്‌കൂളിലെ സൗകര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്  നിലവിലുള്ള കെട്ടിടത്തിന് അനുബന്ധമായി  രണ്ട് ഹൈടെക്ക് ക്ലാസ്സ് മുറികള്‍ കൂടി നഗരസഭ നിര്‍മിക്കുന്നത്. 1500 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിക്കുന്ന  ബ്ലോക്കില്‍  രണ്ട് ക്ലാസ് മുറികള്‍, വരാന്ത,  സ്റ്റെയര്‍ റൂം എന്നീ സൗകര്യങ്ങളാണ് ഒരുക്കുന്നത്. 30 ലക്ഷം ചെലവഴിച്ച് നിര്‍മിക്കുന്ന ഹൈടെക്ക് ക്ലാസ് മുറികളുടെ നിര്‍മാണം   ഡിസംബറില്‍ പൂര്‍ത്തിയാകും.

1900ല്‍  നഗരമധ്യത്തിലാണ് 120 വര്‍ഷം പഴക്കമുള്ള പെരിന്തല്‍മണ്ണ സെന്‍ട്രല്‍ എല്‍.പി. സ്‌കൂള്‍ ആരംഭിച്ചത്. വിവിധ വാടക കെട്ടിടങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിന്  1956ല്‍   പഞ്ചായത്ത് മാര്‍ക്കറ്റിനായി വാങ്ങിയ സ്ഥലം  അനുവദിക്കുകയും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.  മാര്‍ക്കറ്റിനോട് ചേര്‍ന്നായതിനാല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും  കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരികയും ചെയ്തു. 2000 ത്തില്‍ നഗരസഭ  പുതിയ കെട്ടിടം നിര്‍മിച്ചതോടെ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിഹാരമായി.

2015 മുതല്‍ നഗരസഭ ഭരണ സമിതി ഒരുക്കിയ ഹൈടെക്ക് ക്ലാസ് മുറികള്‍,   സ്‌കൂള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍, വിജയപഥം  പ്രവര്‍ത്തനങ്ങള്‍ എന്നിവയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ഇടപെടലുകളും സെന്‍ട്രല്‍ എല്‍.പി സ്‌കൂളിനെ മുന്നേറ്റത്തിന്റെ പാതയിലാക്കി. നിലവില്‍ 420 കുട്ടികളാണ്  സ്‌കൂളില്‍ പഠിക്കുന്നത്. നഗരസഭയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുള്ള ഗവ എല്‍.പി സ്‌കൂള്‍ കൂടിയാണ് സെന്‍ട്രല്‍  സ്‌കൂള്‍.
 
ചടങ്ങില്‍ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കിഴിശ്ശേരി മുസ്തഫ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ തെക്കത്ത് ഉസ്മാന്‍, ഹെഡ് മാസ്റ്റര്‍ പി.സി. ബേബി ഗിരിജ, പി. ഷാലി മോന്‍, എം. ജാസ്മിന്‍, കെ. മധു  തുടങ്ങിയവര്‍ പങ്കെടുത്തു.
 

date