പാലത്തായി കേസ്; ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സിറ്റിംഗ് നടത്തി
പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍, അംഗം പി ശ്യാമളാ ദേവി എന്നിവര്‍ തലശ്ശേരിയില്‍ സിറ്റിംഗ് നടത്തി. തലശ്ശേരി കോടതി ബൈസെന്റിനറി ഹാളില്‍ നടന്ന സിറ്റിംഗില്‍, കേസ് നേരത്തേ അന്വേഷിച്ച നിലവിലെ ചേവായൂര്‍ സിഐ ടി പി ശ്രീജിത്ത്, നിലവില്‍ കേസന്വേഷിക്കുന്ന കാസര്‍കോഡ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ടി മധുസൂദനന്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് നൂറോളം സാക്ഷികളെ ചോദ്യം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും തുടരന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കുട്ടിയുടെ മൊഴികളില്‍ വൈരുധ്യം ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. അതേസമയം, കുട്ടിക്കെതിരായി ലൈംഗിക അതിക്രമം നടന്നതായാണ് ഡോക്ടറുടെ മൊഴി. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ഇത് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ട് പാനൂര്‍ സി ഐ ഫായിസ് അലിയുടെ മൊഴി കൂടി രേഖപ്പെടുത്താനുണ്ട്. അതിനു ശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
സിറ്റിംഗിനു മുമ്പ് പീഡനത്തിനിരയായ കുട്ടിയുടെ വീട്ടില്‍ ചെന്ന് മൊഴി രേഖപ്പെടുത്തിയതായും ചെയര്‍മാന്‍ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ തങ്ങളെ വിശ്വസിക്കുന്നില്ലെന്നാണ് കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും പരാതി. ഇതേക്കുറിച്ച് അന്വേഷണം നടത്തും. കുട്ടിയുടെ കുടുംബ പശ്ചാത്തലം പരിഗണിച്ചു കുട്ടിക്ക് ധനസഹായം നല്‍കണമെന്നാവശ്യപ്പെട്ടു സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു.
വളപട്ടണം പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഒരു കുട്ടിയുടെ പഠിക്കാന്‍ ആവശ്യമായ സാഹചര്യം ബന്ധുക്കള്‍ ഇല്ലാതാക്കുന്നുവെന്ന പരാതി സിറ്റിംഗില്‍ ലഭിച്ചു. ഇത് പരിഗണിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു
- Log in to post comments