ഉപദേശിക്കടവ് പാലം ശിലാസ്ഥാപനം നാളെ (സെപ്റ്റംബര്‍ 17ന്) മുഖ്യമന്ത്രി നിര്‍വഹിക്കും
തിരുവല്ല നിയോജക മണ്ഡലത്തിലെ കടപ്ര പഞ്ചായത്തിലെ വളഞ്ഞവട്ടം, പരുമല പ്രദേശങ്ങളെ ബന്ധിപ്പിച്ച് പമ്പാ നദിയുടെ കുറുകെ, ഉപദേശിക്കടവില്‍ പണിയുന്ന പാലത്തിന്റെ ശിലാസ്ഥാപനം നാളെ (സെപ്റ്റംബര്‍ 17ന്) ഉച്ചയ്ക്ക് 12 ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുമെന്ന് മാത്യു ടി തോമസ് എംഎല്‍എ അറിയിച്ചു. ഉപദേശിക്കടവില്‍ നടക്കുന്ന ചടങ്ങളില്‍ ഓണ്‍ലൈനിലൂടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് അധ്യക്ഷനാകും.
206.4 മീറ്റര്‍ നീളത്തിലും ഇരുവശങ്ങളിലെ നടപ്പാതയും ഉള്‍പ്പടെ 11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുന്നത്. നദിക്കു കുറുകെ മൂന്നു സ്പാനുകളും ഇരുകരകളിലുമായി 10 ലാന്‍ഡ് സ്പാനുകളും നിര്‍മിക്കും. ഇതില്‍ മൂന്നു ലാന്‍ഡ് സ്പാനുകള്‍ വളഞ്ഞവട്ടം ഭാഗത്തും ഏഴ് ലാന്‍ഡ് സ്പാനുകള്‍ ഉപദേശിക്കടവിലുമായിരിക്കും. പാലത്തിന്റെ സമീപ പാത ബിഎം ബിസി ഉന്നത നിലവാരത്തില്‍ സംരക്ഷണ ഭിത്തി അടക്കം നിര്‍മിക്കും.
2019- 2020 ലെ ബജറ്റില്‍ 20 ശതമാനം തുക ഉള്‍ക്കൊള്ളിച്ച് ഉപദേശിക്കടവ് പാലം പ്രഖ്യാപിച്ചിരുന്നു. നടപടി ക്രമങ്ങള്‍ ഒന്നൊന്നായി പൂര്‍ത്തീകരിച്ച് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പ്രത്യേക പരിഗണനയോടെയാണ് അനുമതികള്‍ ലഭ്യമായതെന്ന് മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. പാലത്തിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത് മാത്യു കോര ആന്‍ഡ് കമ്പനിയാണ്.
പരുമല പള്ളി, മാന്നാര്‍ തൃക്കുരട്ടി ക്ഷേത്രം, പനയന്നാര്‍ കാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് എത്തുന്ന തീര്‍ഥാടകര്‍ക്ക് പുതിയ പാലം ഗുണകരമാകും. പുതിയതായി പ്രവര്‍ത്തനം ആരംഭിച്ച കോന്നി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചേരാനുള്ള എളുപ്പ വഴിയാണ് തുറന്നു കിട്ടുന്നത്.
കായംകുളം- തിരുവല്ല സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് സെന്റ് ഗ്രിഗോറിയസ് മെഡിക്കല്‍ മിഷന് ഹോസ്പിറ്റല്‍, കാര്‍ഡിയോ വാസ്കുലാര്‍ സെന്റര്‍, ഇന്റര്‍നാഷണല്‍ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലേക്ക് മാന്നാര്‍ ടൗണില്‍ കടക്കാതെ എത്തിച്ചേരാന്‍ ഉപദേശി കടവ് പാലം ഉപകരിക്കും. തിരുവല്ല നഗരത്തില്‍ നിന്നും വളരെ എളുപ്പത്തില്‍ കായംകുളം-തിരുവല്ല സംസ്ഥാനപാത ഒഴിവാക്കി ഉപദേശിക്കടവ് പാലത്തിലൂടെ പരുമലയില്‍ എത്തിച്ചേരാന്‍ കഴിയും. അഞ്ചു കിലോമീറ്ററോളം ദൂരം ഇതിലൂടെ ലാഭിക്കാന്‍ കഴിയും. ഉപദേശിക്കടവ് പാലത്തിന്റെ നിര്‍മാണത്തോടുകൂടി മാന്നാര്‍ നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുമെന്നും മാത്യു.ടി തോമസ് എംഎല്‍എ അറിയിച്ചു.
മാത്യു.ടി തോമസ് എംഎല്‍എ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മോഹന്‍, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം ബിനില്‍ കുമാര്‍, കടപ്ര ഗ്രാമപഞ്ചായത്തംഗങ്ങളായ ലിജി ആര് പണിക്കര്‍, സാലി മത്തായി, ദക്ഷിണ മേഖല സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ (പാലങ്ങള്‍) പി.ആര് മഞ്ജുഷ, ചീഫ് എഞ്ചിനീയര്‍ (പാലങ്ങള്‍) എസ്.മനോ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments