Skip to main content

നവീകരിച്ച കോഴഞ്ചേരി - മണ്ണാരക്കുളഞ്ഞി റോഡ്   നാളെ(സെപ്റ്റംബര്‍ 17) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

കിഫ്ബി പദ്ധതിയില്‍പെടുത്തി അത്യാധുനിക രീതിയില്‍ നിര്‍മ്മിച്ച കോഴഞ്ചേരി - മണ്ണാറക്കുളഞ്ഞി റോഡ് നാളെ (സെപ്റ്റംബര്‍ 17) മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കുമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ അറിയിച്ചു. പൊതുമരാമത്തു വകുപ്പ് മന്ത്രി ജി.സുധാകരന്റെ അധ്യക്ഷതവഹിക്കും.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉദ്ഘാടനം. 

ആറന്മുള മണ്ഡലത്തിലെ കിഫ്ബി പദ്ധതി പ്രകാരം പൂര്‍ത്തീകരിക്കുന്ന ആദ്യത്തെ റോഡാണിത്. റോഡിന്റെ പൂര്‍ത്തീകരണത്തിലൂടെ മണ്ഡലകാലത്തു ശബരിമല തീര്‍ത്ഥാടകര്‍ക്കും വാണിജ്യ ആവശ്യങ്ങള്‍ക്കായി മറ്റു ജില്ലകളെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്കും ഗതാഗത തടസം ഉണ്ടാകാതെ സുഗമമായി യാത്ര ചെയ്യാന്‍ കഴിയും. ചെങ്ങന്നൂര്‍, തിരുവല്ല ഭാഗത്ത് നിന്നും വരുന്ന തീര്‍ത്ഥാടകര്‍ക്ക് പത്തനംതിട്ട ടൗണില്‍ എത്താതെ തന്നെ മണ്ണാറക്കുളഞ്ഞിയില്‍ എത്തുവാന്‍ കഴിയും.  കോഴഞ്ചേരി നാരങ്ങാനം കടമ്മനിട്ട വഴി മണ്ണാറക്കുളഞ്ഞി വരെയുള്ള ഈ റോഡ്  ആറന്മുള, കോന്നി നിയോജകമണ്ഡലങ്ങളില്‍ കൂടിയാണ് റോഡ് കടന്നു പോകുന്നത്. 

15 വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ടാകുന്ന വാഹനപ്പെരുപ്പം കൂടി കണക്കിലെടുത്തു കൊണ്ടും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ റോഡ് വെട്ടി പൊളിക്കാതെ തന്നെ ചെയ്യുന്നതിനായി ക്രോസ്സ് ഡക്ടുകള്‍ സ്ഥാപിച്ചും ശാസ്ത്രീയമായ രീതിയിലാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. റോഡില്‍ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാന്‍ ഐറിഷ് ഡ്രെയ്നേജ് സംവിധാനവും സംരക്ഷണ ഭിത്തിയും യാത്രക്കാരുടെ സൗകര്യാര്‍ഥം ഇന്റര്‍ലോക്ക് ടൈലുകളും സ്ഥാപിച്ചിട്ടുണ്ട്.  23.5 കോടി രൂപ ഭരണാനുമതി ലഭിച്ച പദ്ധതി 20.80 കോടി രൂപയ്ക്കാണ്  ടെന്‍ഡര്‍ എടുത്ത പാലത്ര കണ്‍സ്ട്രക്ഷന്‍സ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

 

date