സര്‍ക്കാരിന്റെ വികസന മുന്നേറ്റങ്ങളുടെ തിളങ്ങുന്ന അധ്യായമാണ് ഗവ. ഐടിഐകള്‍ കൈവരിച്ച നേട്ടം: മന്ത്രി ടി പി രാമകൃഷ്ണന് കണ്ണൂര്‍ ഗവ. ഐടിഐയില്‍ നടപ്പാക്കുന്നത് 13.6 കോടിയുടെ പദ്ധതി
സര്‍ക്കാരിന്റെ വികസന മുന്നറ്റങ്ങളുടെ തിളങ്ങുന്ന അധ്യായമാണ് അടിസ്ഥാന സൗകര്യ വികസനത്തിലും പരിശീലന പദ്ധതിയിലും സര്‍ക്കാര്‍ ഐടിഐകള്‍ കൈവരിച്ച നേട്ടമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്. വ്യാവസായിക പരിശീലനവകുപ്പ് കണ്ണൂര്‍ മേഖലാകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും കണ്ണൂര്‍ ഗവ. ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനവും ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പരിമിതമായ ട്രേഡുകളോടെ ആരംഭിച്ച സ്ഥാപനം ഇന്ന് 21 ട്രേഡുകളില്‍ ആയി 1200 വിദ്യാര്‍ഥികളും 120 ജീവനക്കാരും ഐഎസ്ഒ സര്‍ട്ടിഫിക്കേഷനുമുള്ള മികച്ച സ്ഥാപനമായി വളര്‍ന്നിരിക്കുകയാണ്. ഇത് നാടിന്റെ പുരോഗതിക്ക് കരുത്ത് പകരുമെന്നും മന്ത്രി പറഞ്ഞു.
കിഫ്ബിയില്‍ നിന്ന് അനുവദിച്ച 4.1 കോടി രൂപയുടെ ഒന്നാംഘട്ട നിര്മ്മാണപ്രവൃത്തികള്ക്കാണ് തുടക്കം കുറിക്കുന്നത്. പുതിയ കാലത്തിനനുസരിച്ചുള്ള എല്ലാവിധ അടിസ്ഥാന സൗകര്യവികസനവും കൈവരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച പരിശീലനം നല്കുന്ന സ്ഥാപനമായി കണ്ണൂര്‍ ഐടിഐയെ മാറ്റിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ ഗവണ്മെന്റ് അധികാരത്തിലെത്തിയശേഷം വ്യാവസായിക പരിശീലനസ്ഥാപനങ്ങളെ പ്രാദേശികവികസനപ്രക്രിയയുമായി കൂട്ടിയിണക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചുവരികയാണ്. വ്യവസായ പരിശീലനവകുപ്പിന് തിരുവനന്തപുരത്തെ ആസ്ഥാനത്തിന് പുറമെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക മേഖലാ കേന്ദ്രമാണ് കണ്ണൂരിലേത്. കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ഏഴ് ജില്ലകളിലെ 56 സര്‍ക്കാര്‍ ഐടിഐകളും നാല് ആര്‍ഐ സെന്ററുകളും മേഖലാ ഓഫീസിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു. 1997ല്‍ ആരംഭിച്ച മേഖലാ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നത് സേവനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായകമാകും. കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെടെ മൂന്ന് നിലകളിലായി ഒന്നരകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍, കയ്യൂര്‍, കൊയിലാണ്ടി, മലമ്പുഴ, ചാലക്കുടി, ചെങ്ങന്നൂര്‍, ഏറ്റുമാന്നൂര്‍, കട്ടപ്പന, ധനുവച്ചപുരം, കൊല്ലം ചന്ദനത്തോപ്പ് എന്നീ പത്ത് ഐടിഐകളാണ് കിഫ്ബി ധനസഹായത്തോടെ ആദ്യഘട്ടത്തില്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. മൊത്തം 82 കോടി 49 ലക്ഷം രൂപ ഇതിനായി വിനിയോഗിക്കും. തിരുവനന്തപുരം ചാക്ക, കോഴിക്കോട് ഐടിഐകള്‍ സര്‍ക്കാര്‍ പദ്ധതിവിഹിതം ഉപയോഗിച്ചും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ്. ഘട്ടമായി സംസ്ഥാനത്തെ 97 സര്‍ക്കാര്‍ ഐടിഐകളുടെയും നിലവാരം ഇതേ തലത്തിലേക്ക് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഭാവിയില്‍ രാജ്യം ഉറ്റുനോക്കുന്ന ഏറ്റവും മികച്ച വ്യാവസായികപരിശീലനസ്ഥാപനങ്ങളുള്ള സംസ്ഥാനമായി കേരളത്തെ മാറ്റും. ആഗോളതൊഴില്‍ മേഖലയിലെ മാറ്റങ്ങളോട് കിടപിടിക്കാന്‍ കഴിയുന്ന വിധത്തില്‍ യുവതലമുറയുടെ നൈപുണ്യശേഷി വര്‍ധിപ്പിക്കും.അതിനനുസൃതമായി കേരളത്തിലെ ഐടിഐകളിലെ അടിസ്ഥാനസൗകര്യങ്ങളും പരിശീലനനിലവാരവും ഉയര്‍ത്തും. അടിസ്ഥാന സൗകര്യവികസനം, അക്കാദമിക്ക് മികവ് എന്നിങ്ങനെ രണ്ടു വിധത്തിലാണ് ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്‍ പോകുന്നത്. ഡിജിറ്റല്‍ ക്ലാസ് മുറികള്‍, ആധുനികരീതിയിലുള്ള വര്‍ക്ക്ഷാപ്പ്, ഹോസ്റ്റല്‍, ലൈബ്രറി, സെമിനാര്‍ ഹാള്‍, കളിസ്ഥലം, ഓഡിറ്റോറിയം, ഗ്രീന്‍ കാമ്പസ് തുടങ്ങിയ സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരം കൈവരിക്കുന്നതോടെ സജ്ജീകരിക്കും.
വ്യവസായപരിശീലന കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് സംസ്ഥാനത്തും രാജ്യത്തിനകത്തും നല്ല തൊഴില്സാധ്യതകളാണുള്ളത്.ഏത് മത്സരവും അഭിമുഖീകരിച്ച് മികവ് തെളിയിക്കാന്‍ കഴിയുന്ന മാനവ വിഭവശേഷി വളര്‍ത്തിയെടുക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. ശാസ്ത്രസാേങ്കതികരംഗത്തെ കുതിച്ചുചാട്ടത്തിനനുസൃതമായാണ് പുതിയ തൊഴില്‍മേഖലകള്‍ രൂപപ്പെടുന്നത്. അത്തരത്തിലുള്ള തൊഴില്‍നൈപുണ്യം ആര്‍ജ്ജിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കും. പാഠ്യപദ്ധതികളില്‍ നൈപുണ്യവികസനത്തിന് ഊന്നല്‍ നല്‍കും.തൊഴില്‍കമ്പോളത്തിലെ ആവശ്യങ്ങള്‍ നിറവേറ്റാനുതകും വിധം തൊഴില്‍ശക്തിയെ രൂപപ്പെടുത്തുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പരമ്പരാഗത തൊഴില്‍മേഖലകളില്‍ അവസരങ്ങള്‍ കുറയുകയാണെങ്കിലും ആഗോളതലത്തില്‍ പുതിയ തൊഴിലുകള്‍ ഉയര്‍ന്നുവരികയാണ്. ഗവണ്മെന്റ് അധികാരമേറ്റശേഷം വ്യാവസായികപരിശീലനരംഗത്ത് വലിയ മാറ്റങ്ങളാണുണ്ടായത്. 97 സര്‍ക്കാര്‍ ഐടിഐകളിലുടെ 77 ട്രേഡുകളില്‍ നിലവില്‍ പരിശീലനം നല്കിവരുന്നു. ആധുനിക നിലവാരത്തിലുള്ള 17 പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ ഈ ഗവണ്മെന്റ് ആരംഭിച്ചു. അഞ്ച് സര്‍ക്കാര്‍ ഐടിഐകള്‍ കൂടി ആരംഭിക്കാന്‍ പോവുകയാണ്. ഐടിഐ ട്രെയിനികളുടെ സാങ്കേതികപരിജ്ഞാനവും നൈപുണ്യശേഷിയും നവകേരള സൃഷ്ടിക്ക് മുതല്‍ക്കൂട്ടാക്കണം. പഠനത്തോടൊപ്പം തൊഴില്‍, എല്ലാ വിദ്യാലയങ്ങളിലും സംരംഭകത്വ വികസന ക്ലബ്ബ് തുടങ്ങിയ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. കോവിഡ് മൂലം രൂപപ്പെട്ട സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ഈ രംഗത്ത് ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കണ്ണൂര്‍ ഗവ. ഐടിഐ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനായി. കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ സി സീനത്ത്, വ്യവസായ പരിശീലന വകുപ്പ് ഡയറക്ടര്‍ എസ് ചന്ദ്രശേഖര്‍, ജോയിന്റ് ഡയറക്ടര്‍ കെ പി ശിവശങ്കരന്, കോര്പറേഷന് കൗണ്‍സിലര്‍മാരായ എ പി അജിത, എന്‍ ബാലകൃഷ്ണന്, ഐടിഐ പ്രിന്‍സിപ്പാള്‍ കെ എ ആബിദ, പിഡബ്ലുഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ജിഷാകുമാരി, ഡോ. ജോസഫ് ബെനവന്‍, വി കൃഷ്ണന്, പ്രമോദ് കളത്തില്‍, കെ എം വൈഷ്ണവ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments