Skip to main content

നടത്തറ ഐടിഐ പുതിയ കെട്ടിടം സമയബന്ധിതമായി പൂർത്തീകരിക്കും: മന്ത്രി എ കെ ബാലൻ

നടത്തറ പട്ടികജാതി ഗവ ഐടിഐ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം സമയബന്ധിതമായി ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽ തന്നെ പൂർത്തീകരിക്കുമെന്ന് പിന്നോക്കവിഭാഗക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു. നടത്തറ പട്ടികജാതിക്കാർക്കുള്ള ഗവൺമെന്റ് ഐ ടി ഐയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികജാതി, പട്ടിക വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന പദ്ധതികളിൽ 40 ശതമാനവും വിദ്യാഭ്യാസ മേഖലയിലാണ്. കൂടുതൽ തൊഴിൽ അധിഷ്ഠിത കോഴ്‌സുകൾക്ക് പ്രാധാന്യം നൽകി വിദഗ്ധ പരിശീലനം നൽകി തൊഴിൽ മേഖലയിൽ വിന്യസിപ്പിക്കും. ഇതിനാവശ്യമായ പുതിയ കോഴ്സുകൾ, പഠന സൗകര്യത്തിനായി ഹോസ്റ്റലുകൾ, കെട്ടിടങ്ങൾ, സ്റ്റൈപ്പൻഡ്, സ്റ്റഡി ടൂർ അലവൻസ് എന്നിവയും നടപ്പിലാക്കി. കൂടുതൽ ജോലി സാധ്യത ഉറപ്പുവരുത്താനായി തൊഴിൽ മേളകൾ നടത്തും.
25000 പഠനമുറികൾ ഈ വകുപ്പിലെ കുട്ടികളുടെ പഠനത്തിനായി ഉറപ്പാക്കുമെന്നും ഇതിനകം 12,500 പഠന മുറികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. നിരവധി കുട്ടികൾക്ക് ലാപ്പ്ടോപ് നൽകി. മെഡിക്കൽ വിദ്യാർത്ഥികൾക്ക് സ്റ്റെതസ്‌കോപ്പും, എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കാവശ്യമായ ധനസഹായവും ഉറപ്പാക്കി. ഈ വിഭാഗക്കാർക്ക് മെഡിക്കൽ എൻജിനീറിങ് കോളേജ് പ്രവേശന പരിശീലനം സൗജന്യമായി നൽകി വരുന്നതായും മന്ത്രി അറിയിച്ചു. ചടങ്ങിൽ ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വ കെ രാജൻ അധ്യക്ഷത വഹിച്ചു.
രണ്ടുകോടി രൂപ ചിലവഴിച്ചാണ് എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം നിർമ്മിക്കുക. ഇപ്പോഴുള്ള വെൽഡർ, കാർപെന്റർ കോഴ്സുകളെ കൂടാതെ സിവിൽ ട്രേഡും ആരംഭിക്കും.
ചടങ്ങിൽ ശിലാഫലകം അനാച്ഛാദനവും ശിലാസ്ഥാപന കർമ്മവും ഗവൺമെന്റ് ചീഫ് വിപ്പ് നിർവഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐഎസ് ഉമാദേവി, നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി ആർ രജിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ ലിലി ഫ്രാൻസിസ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ സന്ധ്യ, നടത്തറ ഗവൺമെന്റ് ഐടിഐ ട്രെയിനിംഗ് സൂപ്രണ്ട് പ്രിൻസിപ്പൽ യുപി ജയ്സി, നടത്തറ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ഗണേഷ് പാണ്ഡ്യൻ, ഉത്തരമേഖല ട്രെയിനിങ് ഇൻസ്പെക്ടർ എ ബാബുരാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date