കുന്നംകുളത്ത് ഹൈടെക് പോലീസ് സ്റ്റേഷൻ ഒരു വർഷത്തിനകം പൂർത്തിയാക്കും: മന്ത്രി എ സി മൊയ്തീൻ
സംസ്ഥാനത്താദ്യമായി എം എൽ എ ഫണ്ടിൽ നിർമ്മിക്കുന്ന കുന്നംകുളത്തെ ഹൈടെക് പോലീസ് സ്റ്റേഷൻ ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. മന്ത്രിയുടെ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇതിനായി ഒന്നര കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. കുന്നംകുളത്തെ തൃശൂർ റോഡിലുള്ള നിലവിലെ സ്റ്റേഷൻ ഉടൻ പൊളിക്കും. തുടർന്ന് ഈ മാസം (സെപ്തംബർ) തന്നെ പുതിയ ഹൈടെക് പോലീസ് സ്റ്റേഷന് തറക്കല്ലിടുമെന്നും ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്നും മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.
പോലീസ് സ്റ്റേഷൻ കെട്ടിടം പൊളിക്കുന്നതിനുള്ള സാങ്കേതികാനുമതി ലഭിച്ചു കഴിഞ്ഞു. ഈയാഴ്ച തന്നെ കെട്ടിടം പൊളിച്ചു തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തൃശൂർ റോഡിലെ പോലീസ് സ്റ്റേഷൻ പൊളിക്കൽ നടപടികൾക്കായി അടച്ചതിനെ തുടർന്ന് ഗുരുവായൂർ റോഡിലെ താൽകാലിക കെട്ടിടത്തിലേക്ക് പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ, ജില്ലാ പോലീസ് മേധാവി ആർ ആദിത്യ, എ സി പി ടി എസ് സിനോജ്, എസ് ഐ ഇ ബാബു തുടങ്ങിയവർ പങ്കെടുത്തു.
പോലീസ് സ്റ്റേഷൻ വാടക കെട്ടിടത്തിലേക്ക് മാറ്റിയതോടെ പരാതികൾ സ്വീകരിക്കലും എഫ് ഐ ആർ രജിസ്ട്രേഷനും ആരംഭിച്ചു. സാധന സാമഗ്രികളും ഔദ്യോഗിക രേഖകളും കമ്പ്യൂട്ടർ അനുബന്ധ സാമഗ്രികളും കഴിഞ്ഞ ദിവസം തന്നെ ഇവിടേക്ക് മാറ്റിയിരുന്നു.
മൂന്ന് നിലകളിലായാണ് പുതിയ പോലീസ് സ്റ്റേഷൻ നിർമ്മിക്കുന്നത്. എയർ കണ്ടീഷൻ, ലിഫ്റ്റ്, ടി വി ഹാൾ, കോൺഫറൻസ് ഹാൾ, സന്ദർശക മുറി, വാഹന പാർക്കിങ്, ഗാർഡൻ, കവാടം മുതലായ സൗകര്യങ്ങളോടെയാണ് പുതിയ പോലീസ് സ്റ്റേഷൻ നിർമ്മിക്കുന്നത്. കുന്നംകുളം നഗരസഭ എൻജിനീയറിങ് വിഭാഗമാണ് രൂപരേഖ തയ്യാറാക്കുന്നത്. വടകര ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.
- Log in to post comments