ലുലു സി.എഫ്.എൽ.ടി.സിയിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി
കേരളത്തിലെ ഏറ്റവും വലിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ നാട്ടിക ലുലു സി.എഫ്.എൽ.ടി.സിയിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങി. 1400 ബെഡുകൾ ഒരുക്കിയിട്ടുള്ള സി എഫ് എൽ ടി സിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 45 രോഗികളെ പ്രവേശിപ്പിച്ചു. കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കാറ്റഗറി ബി വിഭാഗത്തിൽപ്പെടുന്നവർക്ക് 400 ബെഡുകൾ സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് രോഗികളായ പ്രായമായവർ, മറ്റ് രോഗങ്ങളുള്ളവർ എന്നിവരാണ് ബി കാറ്റഗറിയിൽ ഉൾപ്പെടുന്നത്.
ഹൈ ഡിപ്പെന്റെൻസി യൂണിറ്റിൽ 50 ബെഡുകൾ സജ്ജമാക്കിയിട്ടുണ്ട്. കുടിവെള്ള സൗകര്യം, വാട്ടർ ഫിൽറ്റർ, ഹോട്ട് വാട്ടർ സൗകര്യം, വാഷിങ് മെഷിൻസ്, ബാത്ത് -ടോയലറ്റ്സ്, മാലിന്യ സംസ്‌കരണ സംവിധാനം, ടിവി, വൈഫൈ, എന്നിവ സെന്ററിൽ ഒരുക്കി. വിനോദത്തിനായി റിക്രിയേഷൻ ക്ലബ്, കാരംസ്, ആമ്പൽക്കുളം, ഉദ്യാനം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
ഗവ.എൻജിനീയറിങ് കോളേജ് ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥികൾ നിർമ്മിച്ച ഇ ബൈക്കിലാണ് ഭക്ഷണ വിതരണം നടത്തുന്നത്. 60 ഡോക്ടർമാരും 100 നഴ്സ്മാരുമാണ് വിവിധ ഷിഫ്റ്റുകളിലായി ഇവിടെ സേവനമനുഷ്ഠിക്കുന്നത്. രോഗികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനവും ഇവിടെയുണ്ട്. അനുബന്ധ ആരോഗ്യപ്രവർത്തകരും പരിശീലനം ലഭിച്ച 200 വളന്റിയർമാരും സേവനത്തിനുണ്ടാകും.
- Log in to post comments