ജില്ലാ പഞ്ചായത്ത് ബജറ്റ്: വരവേല്‍ക്കാം കാര്ഷികക്കുതിപ്പിന്റെ പൂക്കാലം
കാര്‍ഷിക-വിദ്യാഭ്യാസ-പശ്ചാത്തല വികസന മേഖലകളില്‍ വന്‍കുതിപ്പിന് വഴിയൊരുക്കിയും അടിസ്ഥാന വിഭാഗങ്ങള്‍ക്ക് സംരക്ഷണത്തിന്റെ കരുതല്‍ നല്‍കിയും സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പരിഗണന നല്‍കിയും ജില്ലാ പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക ബജറ്റ്. ജില്ലയുടെ സമഗ്ര പുരോഗതി മുന്നില്‍ക്കണ്ട് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സംയോജിത പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നുവെന്ന സവിശേഷതയും ഇത്തവണത്തെ ബജറ്റിനുണ്ട്. കാലത്തിനനുയോജ്യമായ നൂതനവും ദീര്‍ഘദൃഷ്ടിയോടെയുള്ളതും ഭാവനാപൂര്‍ണവുമായ പദ്ധതികളുമായി 124.9 കോടി വരവും 112.89 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ അവതരിപ്പിച്ചത്. പ്രാരംഭ ബാക്കിയായ 10,55,00,000 രൂപയും വാര്‍ഷിക വരവായ 114,37,93,000 രൂപയും ചേരുന്നതാണ് ബജറ്റ് വര്‍ഷത്തെ വരവ്. 112,89,09,500 രൂപയാണ് മൊത്തം പ്രതീക്ഷിത ചെലവ്. 12,03,83,500 രൂപയാണ് നീക്കിയിരിപ്പ്. കാര്‍ഷിക മേഖലയുടെ വികസനത്തിന് മികച്ച പരിഗണനയാണ് ബജറ്റ് നല്‍കുന്നത്. കൃഷി, മണ്ണ്, ജല സംരക്ഷണ മേഖലകള്‍ക്ക് 9.6 കോടി വകയിരുത്തി.
കഴിഞ്ഞ വര്‍ഷം വിജയകരമായി 12 ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയ കാര്‍ഷിക സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ 25 ഗ്രാമങ്ങളെ കൂടി ഉള്‍പ്പെടുത്തുന്നതിന് 75 ലക്ഷം, തരിശിട്ടിരിക്കുന്ന കൈപ്പാട് നിലങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിനുള്ള കയമപദ്ധതിക്ക് 75 ലക്ഷം, അന്യം നിന്ന് പോകുന്ന പരാമ്പരാഗത നെല്‍വിത്ത് ഇനങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ചെമ്പാവ് പദ്ധതിക്ക് 5 ലക്ഷം, അണ്ടല്ലൂര്‍ കാവുല്സവത്തിന് ആചാരത്തിന്റെ ഭാഗമായി ഉപയോഗിച്ചു വരുന്ന അവല് വിതരണം ചെയ്യുന്ന മാതൃകയില്‍ മൈസൂര്‍ പഴക്കുലകള്‍ ഉത്പാദിപ്പിക്കുന്നതിനായി തലശ്ശേരി ബ്ലോക്കില്‍ നടപ്പാക്കുന്ന മൈസൂര്‍ ഗ്രാമം പദ്ധതിക്ക് 20 ലക്ഷം, കുടുംബശ്രീ സംരംഭകരെ ഉള്‍പ്പെടുത്തി ഓണത്തിനു മുന്നോടിയായി പുഷ്പകൃഷി നടപ്പിലാക്കുന്ന പൂക്കാലം പദ്ധതിക്ക് 5 ലക്ഷം, അന്യം നിന്നുപോകുന്ന ഔഷധകൃഷി പുനരുജ്ജീവിപ്പിക്കുന്ന സഞ്ജീവനി പദ്ധതിക്ക് 2 ലക്ഷം, കാര്‍ഷിക മേഖലയിലെ യന്ത്രവല്‍കരണത്തിനായി 14 ലക്ഷം, തളിപ്പറമ്പ്, കല്യാശ്ശേരി മണ്ഡലങ്ങളിലെ നിറവ്/സമൃദ്ധി പദ്ധതികള്‍ക്ക് പലിശ സബ്സിഡിയിനത്തില്‍ 20 ലക്ഷം, ഗുണമേന്മയുള്ള വിത്തുകള്‍ കര്ഷകന് ലഭ്യമാക്കുന്നതിനുള്ള പത്തായം പദ്ധതിക്ക് 10 ലക്ഷം, തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിനുള്ള സംയുക്ത പദ്ധതിക്കായി 30 ലക്ഷം, തേനീച്ച കൃഷി വ്യാപിപ്പിക്കുന്നതിന് 20 ലക്ഷം എന്നിങ്ങനെയാണ് ബജറ്റില്‍ കാര്‍ഷിക പദ്ധതികള്‍ക്കായി വകയിരുത്തിയിരിക്കുന്നത്. പച്ചക്കറികൃഷിക്ക് കൂലിച്ചെലവ് സബ് സിഡി ഇനത്തില്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് ധനസഹായം നല്‍കുന്നതിന് 10 ലക്ഷവും സ്ക്കൂളുകളില്‍ കൃഷി വ്യാപനത്തിന് 5 ലക്ഷവും നെല്‍കൃഷിക്ക് കൂലിച്ചെലവ് സബ്സിഡി ഇനത്തില്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് ധനസഹായമായി 70 ലക്ഷവും നീക്കിവച്ചിട്ടുണ്ട്.
ഒന്നില്‍ തുടങ്ങാം പദ്ധതിക്ക് 50 ലക്ഷം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ ഗവ. എല്‍.പി സ്കൂളുകളിലെ ഒന്നാം ക്ലാസുകള്‍ ഒന്നാം തരമാക്കുന്ന ഒന്നില്‍ തുടങ്ങാം പദ്ധതിയാണ് ബജറ്റിലെ ശ്രദ്ധേയമായ നിര്‍ദ്ദേശങ്ങളിലൊന്ന്. ഒന്നാം ക്ലാസ്സുകളിലെ പഠന-ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി സ്മാര്‍ട്ട് ക്ലാസ് റൂമികളാക്കി മാറ്റുന്ന പദ്ധതി ഗ്രാമ പഞ്ചായത്തുകളുമായി ചേര്‍ന്നാണ് നടപ്പിലാക്കുക. ഈ സംയുക്ത പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
നീറ്റ് മീറ്റ് പദ്ധതിക്ക് 30 ലക്ഷം
അന്യസംസ്ഥാനങ്ങളില്‍ നിന്ന് അനാരോഗ്യകരമായ ഹോര്‍മോണ്‍ കുത്തി വെച്ച് വൃത്തി ഹീനമായ വാഹനങ്ങളില്‍ ഇവിടെ എത്തുന്ന കോഴികള്‍ക്ക് പകരം ജില്ലാ പഞ്ചായത്ത് ബ്രാന്റഡ് ബ്രോയിലര്‍ കോഴികളെ ഉല്‍പ്പാദിപ്പിക്കും. നീറ്റ് മീറ്റ് എന്ന ഈ പദ്ധതിക്കായി 30 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ജില്ലയില്‍ ഒരു ദിവസം ഒരു ലക്ഷം ബ്രോയിലര്‍ കോഴികളെയാണ് ഭക്ഷണാവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്നതായാണ് കണക്ക്.
പയസ്വിനി പദ്ധതിക്ക് 2.3 കോടി
പാലുല്പാദനത്തില് ജില്ലയെ സ്വയം പര്യാപ്തമാക്കുന്നതിന് ക്ഷീരസംഘം മുഖേന വിതരണം ചെയ്യുന്ന സബ്സിഡിക്ക് പുറമെ സംഘങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ട് നല്കുന്ന പയസ്വിനി പദ്ധതിക്ക് 2 കോടി 30ലക്ഷം.
പുഴയോരം ഹരിതാഭം പദ്ധതിക്ക് 10 ലക്ഷം
ജില്ലയിലെ പുഴ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകളെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന അഴുക്കില്‍ നിന്നും അഴകിലേക്ക് പദ്ധതി വിപുലീകരിച്ച് പുഴയോരം ഹരിതാഭം പദ്ധതി നടപ്പിലാക്കും. ജില്ലയിലെ പുഴയോരങ്ങളില്‍ കണ്ടല്‍, മുള എന്നിവ വച്ചുപിടിപ്പിക്കും. പ്രാദേശിക സഹകരണത്തോടെ പുഴയോരം മാലിന്യമുക്തമാക്കുന്ന പദ്ധതിക്കായി 10 ലക്ഷം രൂപ.
ലൈഫ് പദ്ധതിക്ക് 10.59 കോടി
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന് ജില്ലാ പഞ്ചായത്ത് വിഹിതമായി 10 കോടി 59 ലക്ഷം രൂപ വകയിരുത്തി.
പാതയോരങ്ങളില്‍ തണലിടം ഒരുക്കും
ജില്ലയിലെ ദേശീയപാതകളടക്കമുള്ള പ്രധാന റോഡുകളില്‍ ഓരോ പതിനഞ്ച് കിലാമീറ്ററിലും വഴിയോര വിശ്രമ കേന്ദ്രം സ്ഥാപിക്കുന്ന പദ്ധതിയാണ് തണലിടം. സ്ത്രീകള്‍ക്ക് മുലയൂട്ടുന്നതിനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുമുള്ള പ്രത്യേക സൗകര്യവും ഇവിടെ ഉറപ്പാക്കും. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വിശ്രമ സൗകര്യവും മറ്റ് ആധുനിക സൗകര്യങ്ങളുമടങ്ങിയതായിരിക്കും ഈ കേന്ദ്രങ്ങള്‍. ദേശീയപാത വിഭാഗം, പൊതുമരാമത്ത് വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്തസംരംഭമായിട്ടാണ് വഴിയോര വിശ്രമ കേന്ദ്രം സ്ഥാപിക്കുക. കോഫി ഷോപ്പ്, വൈഫൈ സൗകര്യം എന്നിവയും ഇവിടങ്ങളില്‍ ലഭ്യമാക്കും.
ജലസംരക്ഷണത്തിന് 50 ലക്ഷം
ഭൂഗര്‍ഭ ജലം താഴ്ന്നുകൊണ്ടിരിക്കുകയും കുടിവെള്ളക്ഷാമം രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ കിണര്‍ റീചാര്‍ജിംഗ് / മഴ വെള്ള സംഭരണി എന്നിവ ജില്ലാ പഞ്ചായത്തിന്റെ മുഴുവന്‍ ഘടകസ്ഥാപനങ്ങളിലും നടപ്പിലാക്കും. തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ ജില്ലയിലെ മുഴുവന്‍ വീടുകളിലും കിണര്‍ റീചാര്‍ജ്ജിംഗ് നിര്‍ബന്ധമാക്കുന്നതിന് 50 ലക്ഷം രൂപ. ഇതിനു പുറമെ ജലം സുലഭം പദ്ധതിയില്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് ധനസഹായമായി 80 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
പട്ടികവര്‍ഗ സങ്കേതങ്ങള്‍ വിശപ്പു രഹിത ഊര് ആകും
സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടനകളുമായി സഹകരിച്ച് പട്ടിക വര്‍ഗ സങ്കേതങ്ങളില്‍ ഭക്ഷണ വിതരണം, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് പോഷകാഹാരകിറ്റ് വിതരണം എന്നിവയ്ക്ക് 30 ലക്ഷം രൂപ.
ഉദ്യോഗസ്ഥര്‍ക്ക് പ്രോഗ്രസ് കാര്‍ഡ്
ജില്ലാ പഞ്ചായത്തിന്റെ 2018-2019 വാര്‍ഷിക പദ്ധതികള്‍ സമയബന്ധിതമായി നടപ്പില്ലാക്കുന്ന തിന് ഉദ്യോഗസ്ഥര്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതോടൊപ്പം പദ്ധതികളുടെ മോണിറ്ററിംഗ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിര്‍വഹണ ഉദ്യോഗസ്ഥന്മാരുടെ പ്രോഗ്രസ്സ് കാര്‍ഡ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിന് കീഴിലുളള സ്കൂളുകളില്‍ ഗ്രിഡ് ബന്ധിത റൂഫ് ടോപ്പ് സോളാര്‍ വൈദ്യുതി സംവിധാനം സ്ഥാപിക്കും. 2020ഓടെ ജില്ലാ പഞ്ചായത്ത് ഘടകസ്ഥാപനങ്ങള്‍ ഊര്‍ജ്ജ സ്വയം പര്യാപ്തമാക്കുന്ന ഈ പദ്ധതിക്ക് 1 കോടി, കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിക്കുന്നതിന് പേപ്പര്‍ ബാഗ് യൂനിറ്റ് സ്ഥാപിക്കുന്നതിന് 20 ലക്ഷം, പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് അമ്പെയ്ത്ത് പരിശീലനം നല്കുന്ന ഗാണ്ഡീവ പദ്ധതിക്ക് 10 ലക്ഷം, കലക്ട്രേറ്റ് അനക്സ് കോംപ്ലക്സിനോടനുബന്ധിച്ച് സുരക്ഷിതമായ കുടിവെള്ളം ലഭ്യമാവുന്ന സ്മാര്‍ട്ട് വാട്ടര്‍ എ ടി എം സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കി സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ധന സഹായം നല്കുന്ന വിമന്‍ എനര്‍ജൈസര്‍ പദ്ധതിക്ക് 25 ലക്ഷം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഘടകസ്ഥാപനങ്ങളിലും സാനിറ്ററി നാപ്കിന് ഡിസ്പെന്സര് സ്ഥാപിക്കുന്നതിന് 1 കോടി, ഭിന്നലിംഗക്കാരുടെ പുനരധിവാസം ലക്ഷ്യമാക്കി തയ്യല്‍ പരിശീലനവും തയ്യല്‍ മെഷീന് വിതരണവും നടത്തുന്നതിന് 5 ലക്ഷം, ജില്ലയിലെ മെഡിക്കല്‍ കോളേജുകളുമായി സഹകരിച്ച് പട്ടിക വര്‍ഗ സങ്കേതങ്ങളില്‍ ഡോക്ടര്‍ അറ്റ് ഹോം -കുടുംബ ഡോക്ടര്‍ പദ്ധതി നടപ്പിലാക്കുന്നതിന് 5 ലക്ഷം, സ്പോര്‍ട്സ് കൗണ്‍സിലുമായി സഹകരിച്ച് രാമന്തളിയില്‍ വാട്ടര്‍ സ്പോര്‍ട്സ് അക്കാദമി സ്ഥാപിക്കുന്നതിന് 5 ലക്ഷം രൂപ, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായവര്‍ക്ക് തുടര്‍ ചികില്‍സ ധനസഹായം സ്നേഹ ജ്യോതി പദ്ധതിയിലൂടെ ലഭ്യമാക്കുന്ന പദ്ധതിക്ക് 10 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
സ്ത്രീകള്‍ക്ക് ഒത്തുകൂടാനും സംവദിക്കാനും ചട്ടുകപ്പാറ ആരൂഡത്തില്‍ ജെന്റര്‍ കണ്‍വെ ന്ഷന് സെന്റര്‍ സജ്ജീകരിക്കുന്നതിന് 40 ലക്ഷം, ആദിവാസി ഗോത്രകലകളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ആദിവാസി വാദ്യസംഘം രൂപീകരിക്കുന്നതിന് ധനസഹായമായി 10 ലക്ഷം, യാത്ര ചെയ്യുന്ന അമ്മമാര്‍ക്ക് സുരക്ഷിതമായും സൗകര്യപ്രദമായും മൂലയൂട്ടുന്നതിന് പൊതു ഇടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്ന അമ്മയ്ക്കൊരിടം പദ്ധതിക്ക് 60 ലക്ഷം, ക്രിക്കറ്റ് , വോളിബോള്‍ , ഫുട്ബോള്‍ , കബഡി എന്നീ കായിക ഇനങ്ങളില്‍ ജില്ലാ ടീം രൂപീകരിച്ച് പരിശീലനം നല്കി കണ്ണൂര്‍ ഗെയിംസ് ഫെസ്റ്റ് നടത്തുന്നതിന് 5 ലക്ഷം, സ്കൂളുകളില്‍ ഇ - അറ്റന്റന്‍സ് വ്യാപിപ്പിക്കുന്നതിന് 80 ലക്ഷം രൂപ, സമ്പൂര്‍ണ്ണ ക്യാന്‍സര്‍ പ്രതിരോധ ജില്ലയാക്കി മാറ്റുന്നതിനുള്ള ചികില്‍സാ സൗകര്യങ്ങളൊരുക്കുന്നതിന് 10 ലക്ഷം, പിണറായിയിലെ അംഗന്‍വാടി ട്രെയിനിംഗ് സെന്ററില്‍ ഡോര്‍മെട്രി സൗകര്യം ഏര്‍പ്പെടുത്തുന്നതിന് 10 ലക്ഷം, പശ്ചാത്തലമേഖലയില്‍ നടപ്പാക്കുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനുള്ള ക്വാളിറ്റി കണ്ട്രോള് ലാബ് സജ്ജീകരിക്കുന്നതിന് 15 ലക്ഷം, റോഡ് കണക്ടിവിറ്റി മാപ്പ് തയ്യാറാക്കുന്നതിന് 25 ലക്ഷം, ആര് എം എസ് എ പദ്ധതികള്‍ക്കുള്ള ജില്ലാ പഞ്ചായത്ത് വിഹിതമായി 4 കോടി, എസ്.എസ്.എ. പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് വിഹിതമായി 1 കോടി 40 ലക്ഷം , സയന്‍സ് ഫെസ്റ്റ് നടത്തുന്നതിന് 55 ലക്ഷം, ജില്ലാ പഞ്ചായത്ത് അധീനതയിലുള്ള വിദ്യാലയങ്ങളില്‍ സി സി ടി വി സ്ഥാപിക്കുന്നതിന് 9.1ലക്ഷം, ജില്ലാ പഞ്ചായത്തിന് കീഴിലുളള സ്കൂളുകളുകളുടെ അറ്റക്കുറ്റപണികള്‍ക്ക് 3.42 കോടി എന്നിങ്ങനെ വകയിരുത്തി.
ജില്ലാ പഞ്ചായത്ത് / ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 40.48 കോടി, മല്‍സ്യകൃഷിയിലൂടെ ഗ്രാമങ്ങളെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കുന്ന പെന്‍ കള്ച്ചര്പദ്ധതിക്ക് 10 ലക്ഷം, പക്ഷി മൃഗാദികള്‍ക്കുള്ള മരുന്നുകള്‍, ഉപകരണങ്ങള്‍ ന്യായവിലക്ക് ലഭ്യമാക്കുന്നതിനായി ജില്ലാ വെറ്റിറിനറി കേന്ദ്രത്തോട് അനുബന്ധിച്ച് ജില്ലയിലെ ആദ്യത്തെ വെറ്ററിനറി മെഡിക്കല്‍ സ്റ്റോര്‍ ആരംഭിക്കുന്നതിന് 5 ലക്ഷം, വന്യമൃഗ ശല്യം തടയയുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് ധനസഹായമായി 10 ലക്ഷം, തെരുവ് നായ്ക്കളുടെ പ്രജനന നിയന്ത്രണത്തിനുള്ള ബഹുവര്‍ഷ പദ്ധതിക്ക് 1.4 കോടി, കൊമ്മേരി ഗോട്ട് ഫാം ടൂറിസം മാസ്റ്റര്‍ പ്ലാന്‍, ഡി പി ആര് തയ്യാറാക്കുന്നതിന് 5 ലക്ഷം, പാലക്കോട് ഫിഷ് ലാന്റിംഗ് സെന്റര്‍ അടിസ്ഥാന സൗകര്യവികസനത്തിന് 20 ലക്ഷം, കറിപൗഡര്‍ യൂനിറ്റുകള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ധനസഹായം നല്‍കുന്നതിന് 30 ലക്ഷം, ബഡ്സ് സ്കൂളുകള്‍ക്ക് ധനസഹായമായി 80 ലക്ഷം, ഗ്രാമ പഞ്ചായത്തുകളുടെ സാന്ത്വന പരിചരണ പ്രൊജക്ടുകള്‍ക്ക് ജില്ലാ പഞ്ചായത്ത് വിഹിതമായി 50 ലക്ഷം, എഴോം ഗ്രാമപഞ്ചായത്തില്‍ എസ് സി കുടുംബങ്ങള്‍ക്ക് പാര്‍പ്പിട സമുച്ചയം നിര്‍മിക്കുന്നതിന് 1 കോടി, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ്് സ്കോളര്‍ഷിപ്പ് പദ്ധതിക്ക് 50 ലക്ഷം, പട്ടികജാതി കോളനികളുടെ സമഗ്ര വികസനത്തിന് 53 ലക്ഷം, ആറളം നവജീവന്‍ കോളനിയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ബഹുവര്‍ഷ പദ്ധതിക്ക് 90 ലക്ഷം, എസ്.ടി കോളനികളിലെ വയോജനങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് 20 ലക്ഷം, ആധുനിക ശ്മശാനങ്ങളുടെ നിര്‍മ്മാണത്തിന് ഗ്രാമ പഞ്ചായത്തുകള്‍ക്ക് ധനസഹായമായി 80 ലക്ഷം എന്നിങ്ങനെ നീക്കിവച്ചു. ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ കോളനികള്‍ എക്സൈസ് വകുപ്പുമായി സഹകരിച്ച് ലഹരിവിമുക്തമാക്കാനും പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
- Log in to post comments