ജില്ലയിലെ സർക്കാർ ജീവനക്കാർക്ക് സി എഫ് എൽ ടി സി സജ്ജം
ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും പൊതു ജനസമ്പർക്കമുള്ള ഓഫീസുകളിലും സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ ചികിത്സയ്ക്കായി രണ്ട് കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാക്കിയതായി ജില്ലാ കളക്ടറും ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സനുമായ എസ് ഷാനവാസ് അറിയിച്ചു. മുളംങ്കുന്നത്തുകാവ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും(കില) മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ വെള്ളാനിക്കര കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ അച്യുതമേനോൻ ബ്ലോക്ക് സെന്ററുമാണ് ഇതിനായി സജ്ജമാക്കുക.
ഇപ്രകാരം റവന്യൂ, പോലീസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ കോവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാർക്കോ, അവരുടെ കുടുംബാംഗങ്ങൾക്കോ രോഗബാധ സ്ഥിരീകരിക്കുന്ന പക്ഷം ഈ രണ്ടു കേന്ദ്രങ്ങളിലും അവർക്ക് ചികിത്സ ലഭ്യമാക്കുന്നതിന് സി എഫ് എൽ ടി സി ഡെപ്യൂട്ടി കളക്ടർ ജനറൽ ആൻഡ് നോഡൽ ഓഫീസറും ജില്ലാ ആരോഗ്യ വകുപ്പും നടപടി സ്വീകരിക്കണമെന്നും കളക്ടർ അറിയിച്ചു. ഓരോ ജില്ലയിലും ചുരുങ്ങിയത് ഒരു കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജമാക്കണമെന്ന ലാൻഡ് റെവന്യൂ കമ്മീഷ്ണറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
- Log in to post comments