കോഴഞ്ചേരി - മണ്ണാറക്കുളഞ്ഞി റോഡ് ടാറിംഗ് പൂര്‍ത്തീകരിച്ചത് ഉന്നതനിലവാരത്തില്‍: മന്ത്രി ജി.സുധാകരന്‍
നാല് വര്‍ഷത്തിനിടയില്‍ ആറന്മുള മണ്ഡലത്തില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നതെന്ന് പൊതുമരാമത്ത്, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആറന്മുള മണ്ഡലം ഇന്നത്തേതു പോലെ വികസനമുള്ള പ്രദേശമായിരുന്നില്ല. ഉന്നതനിലവാരത്തിലാണ് കോഴഞ്ചേരി - മണ്ണാറക്കുളഞ്ഞി റോഡ് ടാറിംഗ് പൂര്‍ത്തീകരിച്ചത്. 15.4 കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് ഏറെ പ്രയോജനകരമാകുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി പറഞ്ഞു.
വീണാ ജോര്‍ജ് എംഎല്‍എ, അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, സിപിഐഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സിപിഐ ജില്ലാ കമ്മിറ്റി അംഗം വത്സമ്മ മാത്യു, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഷീന രാജന്‍, നിരത്ത് ഉപ വിഭാഗം എ.എക്സ്.ഇ എസ്. റസീന തുടങ്ങിയവര്‍ പങ്കെടുത്തു.
ആറന്മുള നിയോജക മണ്ഡലത്തിലെ കോഴഞ്ചേരി പഴയ തെരുവില്‍ നിന്നും ആരംഭിച്ച് മഠത്തുംപടി, നാരങ്ങാനം, കടമ്മനിട്ട വഴി കോന്നി നിയോജക മണ്ഡലത്തില്‍ എത്തിച്ചേരുന്ന മണ്ണാറക്കുളത്തി -കോഴഞ്ചേരി റോഡ് സര്‍ക്കാരിന്റെ വികസന പദ്ധതിയായ കിഫ്ബി വഴി 23.46 കോടി രൂപയ്ക്കാണ് പണികഴിപ്പിച്ചത്. 15.4 കിലോമീറ്റര്‍ നീളത്തിലും ഏഴ് മീറ്റര്‍ വീതിയിലുമാണ് റോഡിന്റെ നിര്‍മാണം. വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ടായേക്കാവുന്ന വാഹന പെരുപ്പം കൂടി കണക്കിലെടുത്ത് ശാസ്ത്രീയമായ രീതിയിലാണ് റോഡ് നിര്‍മിച്ചത്. ഭാവിയില്‍ റോഡ് വെട്ടിപ്പൊളിക്കാത്ത രീതിയില്‍ 13 ക്രോസ് ഡക്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തിയും റോഡില്‍ നിന്നും വെള്ളം ഒഴുകിപ്പോകാന്‍ ആവശ്യമായ സ്ഥലത്ത് 4139 മീറ്റര്‍ ഓടയും കോണ്‍ക്രീറ്റ് ഐറിഷ് ഓടയും നിര്‍മിച്ചിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ പ്രധാന ജംഗ്ഷനുകളില്‍ ഇന്റര്‍ലോക്ക് പാകിയിട്ടുണ്ട്. റോഡില്‍ അപകടം കുറയ്ക്കാനായി ക്രാഷ് ബാരിയറുകളും റോഡ് സേഫ്റ്റി അതോറിറ്റിയുടെ നിര്‍ദേശപ്രകാരം റോഡ് മാര്‍ക്കിംഗുകളും, സീബ്രാലൈനുകളും, സൈന്‍ ബോര്‍ഡുകളും, രാത്രി യാത്രാ അപകടം കുറയ്ക്കാനായി റോഡ് സ്റ്റഡുകളും സ്ഥാപിച്ചിട്ടുണ്ട്. ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ റബര്‍ ചേര്‍ത്ത് ബിറ്റുമിനും പ്ലാസ്റ്റിക്കും ഉപയോഗിച്ചാണ് റോഡ് ടാറിങ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.
- Log in to post comments