Skip to main content

സര്‍ക്കാര്‍ നടത്തിയ വികസനങ്ങള്‍ ജനങ്ങള്‍ക്ക്  ഏറെ പ്രയോജനകരം: വീണാ ജോര്‍ജ് എംഎല്‍എ

സര്‍ക്കാര്‍ നടത്തിയ വികസനങ്ങള്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. കോഴഞ്ചേരി പഞ്ചായത്ത് ഹാളില്‍ നടന്ന മണ്ണാറക്കുളഞ്ഞി - കോഴഞ്ചേരി റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വീണാ ജോര്‍ജ് എംഎല്‍എ.  ആറന്മുള മണ്ഡലത്തിലെ കിഫ്ബി പദ്ധതി പ്രകാരം പൂര്‍ത്തീകരിക്കുന്ന ആദ്യത്തെ റോഡാണ് മണ്ണാറക്കുളഞ്ഞി - കോഴഞ്ചേരി റോഡ്. റോഡിന്റെ പൂര്‍ത്തീകരണത്തിലൂടെ മണ്ഡലകാലത്തു ശബരിമല തീര്‍ത്ഥാടകര്‍ക്കും വാണിജ്യ ആവശ്യങ്ങള്‍ക്കായി മറ്റു ജില്ലകളെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്കും ഗതാഗത തടസം ഉണ്ടാകാതെ സുഗമമായി യാത്ര ചെയ്യാന്‍ കഴിയും. ചെങ്ങന്നൂര്‍, തിരുവല്ല ഭാഗത്ത് നിന്നും വരുന്ന തീര്‍ത്ഥാടകര്‍ക്ക് പത്തനംതിട്ട ടൗണില്‍ എത്താതെതന്നെ മണ്ണാറക്കുളഞ്ഞിയില്‍ എത്തുവാന്‍ കഴിയും.  കോഴഞ്ചേരി നാരങ്ങാനം കടമ്മനിട്ട വഴി മണ്ണാറക്കുളഞ്ഞി വരെയുള്ള ഈ റോഡ് ആറന്മുള, കോന്നി നിയോജകമണ്ഡലങ്ങളില്‍ കൂടിയാണ് റോഡ് കടന്നു പോകുന്നത്. 

  15 വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ടാകുന്ന വാഹനപ്പെരുപ്പം കൂടി കണക്കിലെടുത്തുകൊണ്ടും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ റോഡ് വെട്ടി പൊളിക്കാതെതന്നെ ചെയ്യുന്നതിനായി ക്രോസ്സ് ഡക്ടുകള്‍ സ്ഥാപിച്ചും ശാസ്ത്രീയമായ രീതിയിലാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. റോഡില്‍ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാന്‍ ഐറിഷ് ഡ്രെയ്‌നേജ് സംവിധാനവും സംരക്ഷണ ഭിത്തിയും യാത്രക്കാരുടെ സൗകര്യാര്‍ഥം ഇന്റര്‍ലോക്ക് ടൈലുകളും സ്ഥാപിച്ചിട്ടുണ്ട്.  23.5 കോടി രൂപ ഭരണാനുമതി ലഭിച്ച പദ്ധതി 20.80 കോടി രൂപയ്ക്കാണ്  ടെന്‍ഡര്‍ എടുത്ത പാലത്ര കണ്‍സ്ട്രക്ഷന്‍സ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 

കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങി എല്ലാ അടിസ്ഥാന വിഭാഗങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ അഭൂതപൂര്‍വ്വമായ വികസനം നടത്തിവരുകയാണ്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് റോഡുകള്‍ പണിതിട്ടുള്ളത്. സംസ്ഥാനത്ത് നടക്കില്ലെന്ന് എഴുതിത്തള്ളിയ നിരവധി പദ്ധതികള്‍ ഇതിനോടകം തന്നെ നടപ്പിലാക്കികഴിഞ്ഞു. കോവിഡ് കാലത്തും നിരവധി പ്രവര്‍ത്തനങ്ങളാണ് യാഥാര്‍ഥ്യമാകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയായ കിഫ്ബി വഴി ഈ പദ്ധതി നടപ്പിലാക്കുന്നതിന് അനുമതി ലഭ്യമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനും പ്രവര്‍ത്തനങ്ങളെ നയിച്ച പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരനും ഒപ്പം ധനകാര്യ മന്ത്രി തോമസ് ഐസക്കിനുമുള്ള നന്ദി അറിക്കുന്നതായും എംഎല്‍എ പറഞ്ഞു. 

 

date