Skip to main content

ജോണ്‍ മത്തായി ഭവനവും അനുബന്ധ കെട്ടിടങ്ങളും സംരക്ഷിക്കാന്‍ 10 കോടി രൂപ-മന്ത്രി വി എസ് സുനില്‍കുമാര്‍ 

 

 

അരണാട്ടുകര ജോണ്‍ മത്തായി ക്യാമ്പസിലെ അദ്ദേഹത്തിന്റെ ഭവനവും അനുബന്ധ കെട്ടിടങ്ങളും സംരക്ഷിക്കാന്‍ 10 കോടി രൂപ അനുവദിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു.

അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്ട്‌സ് ക്യാമ്പസില്‍ പ്രൊഫസര്‍ വയലാ വാസുദേവന്‍ പിള്ള സ്മാരക തുറസ്സ് അരങ്ങിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തുറസ്സ് അരങ്ങിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ബ്ലാക്ക് ബോക്‌സ് തിയ്യറ്റര്‍ ആറരക്കോടി രൂപ വിനിയോഗിച്ച് പൂര്‍ത്തീകരിക്കും. കിഫ്ബിയിലൂടെ ഈ പദ്ധതി നടപ്പിലാക്കും. ഗവണ്‍മെന്റിന്റെ കാലാവധിക്ക് മുന്‍പ് തുറസ്സ്  അരങ്ങിന്റെ പണി പൂര്‍ത്തീകരിക്കും. ഡ്രാമ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ ബസ് അനുവദിക്കും. കൂടാതെ ക്യാംപസില്‍ കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി 'സുഭിക്ഷ നഗരം' നടപ്പിലാക്കും. 

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ജൈവവൈവിധ്യം ഉള്‍ക്കൊണ്ട് ക്യാമ്പസില്‍ ഫലവൃക്ഷങ്ങളായ നെല്ലി,  അരിനെല്ലി, പ്ലാവ്, മാവ്, മാതളം, പപ്പായ, പാഷന്‍ഫ്രൂട്ട്, റമ്പൂട്ടാന്‍ തുടങ്ങിയവയും ഔഷധസസ്യങ്ങളും ഇലവര്‍ഗ്ഗങ്ങളും വെച്ചുപിടിപ്പിക്കും. കൂടാതെ സ്‌കൂള്‍ ഓഫ് ഡ്രാമ ക്യാമ്പസില്‍ സൂര്യപ്രകാശം നന്നായി ലഭിക്കുന്ന ലേഡീസ് ഹോസ്റ്റലിനോട് ചേര്‍ന്ന പച്ചക്കറികൃഷി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. 

തുറസ്സ് അരങ്ങിന്റെ ശിലാഫലക അനാച്ഛാദനവും ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ എം കെ ജയരാജ് മുഖ്യാതിഥിയായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആന്‍ഡ് പ്രോജക്ട് ഇമ്പ്‌ലിമെന്റഷന്‍ ഓഫീസര്‍ ഫാക്കല്‍റ്റി ഓഫ് ഫൈനാര്‍ട്‌സ് ഡീന്‍ ഡോ സുനില്‍ കുമാര്‍ എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

 

കൃഷി മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1.5 കോടി ചെലവിലാണ് സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്ട്‌സ് യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ് ജോണ്‍മത്തായി സെന്റര്‍ അരണാട്ടുകരയിലെ ക്യാമ്പസില്‍ പ്രൊഫസര്‍ വയലാ വാസുദേവന്‍ പിള്ള സ്മാരക തുറസ്സ് അരങ്ങ് നിര്‍മ്മിക്കുന്നത്. 

ചടങ്ങില്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സ് ക്യാമ്പസ് ഡയറക്ടര്‍ ശ്രീജിത്ത് രമണന്‍,  

ഡിവിഷന്‍ കൗണ്‍സിലര്‍മാരായ ഫ്രാന്‍സിസ് ചാലിശ്ശേരി, ലാലി ജെയിംസ്, കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം ജില്ലാ റീജണല്‍ എന്‍ജിനിയര്‍ സതീദേവി എ എം, സ്‌കൂള്‍ ഓഫ് ഡ്രാമ അസി പ്രൊഫ നജ്മുല്‍ ഷാഹി തുടങ്ങിയവര്‍ പങ്കെടുത്തു.

date