Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് കമ്മീഷൻ സർവ്വകക്ഷി യോഗം വിളിച്ചു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് സർവ്വകക്ഷി യോഗം വിളിച്ചുചേർത്തതായി  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പിന്റെ  നടത്തിപ്പ്  സംബന്ധിച്ചും കോവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പിന് സ്വീകരിക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.  കോവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന  സാഹചര്യത്തിൽ അതു കൂടി പരിഗണിച്ചു വേണം തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കേണ്ടതെന്നും എന്നാൽ തിരഞ്ഞെടുപ്പ് അനന്തമായി  നീട്ടരുതെന്നും യോഗത്തിൽ പൊതുവേ അഭിപ്രായമുണ്ടായി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർവകക്ഷി യോഗത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിക്കാമെന്ന് കമ്മീഷണർ അറിയിച്ചു. ആരോഗ്യ വിദഗ്ദ്ധരുമായും പോലീസ് അധികാരികളുമായും കൂടിയാലോചിച്ചും മറ്റെല്ലാ വശങ്ങൾ പരിശോധിച്ചും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ പ്രമുഖ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.  കോവിഡ് പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച കരട് കമ്മീഷൻ തയ്യാറാക്കി യോഗത്തിനു മുമ്പ് നൽകിയിരുന്നു.  
941 ഗ്രാമപഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലേക്കും 86 മുനിസിപ്പാലിറ്റികളിലേക്കും ആറ് കോർപ്പറേഷനുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. നിലവിലെ ഭരണസമിതികളുടെ കാലാവധി നവംബർ 11ന് അവസാനിക്കും.  
പി.എൻ.എക്‌സ്. 3167/2020

date