Skip to main content

കേരള സെറാമിക്‌സ് നവീകരണം പൂർത്തിയായി: മുഖ്യമന്ത്രി 22 ന് ഉദ്ഘാടനം ചെയ്യും

കേരള സെറാമിക്‌സിന്റെ  സമഗ്രപുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പ്ലാന്റ്  ഈ മാസം 22 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബ്ലഞ്ചർ, റിഫൈനിംഗ്, ഫിൽട്ടർ പ്രസ്സ്  പ്ലാന്റുകളാണ്  നവീകരിച്ചത്. നവീകരണം പൂർത്തിയാക്കിയ സ്ഥാപനം 1500 ടൺ ഉൽപാദനശേഷി കൈവരിച്ചു. 2016-17 ന്റെ ആദ്യ പകുതിയിൽ പ്രതിമാസ ഉൽപാദനം 150 ടണ്ണോളം താഴ്ന്നിരുന്നു. വാർഷികവിറ്റുവരവ് ശരാശരി 2.5 കോടി എന്നത് 7 കോടി രൂപയായും ഉയർന്നു. മുൻകാലങ്ങളെ അപേക്ഷിച്ച്  വലിയ പുരോഗതി ഇതിനകം സെറാമികസ് സ്വന്തമാക്കി. ഖനന ആവശ്യത്തിനായി ലാന്റ് പർച്ചേസ് പദ്ധതിയിൽ ഉൾപ്പെട്ട ഭൂമി വാങ്ങുകയും ഉൽപാദന ഇന്ധനം എൽഎൻജിയാക്കാനുള്ള പ്ലാന്റിന്റെ നിർമ്മാണം പൂർത്തീകരിച്ച് അനുമതിക്കായി സമർപ്പിച്ചിരിക്കുകയുമാണ്.
എൽ എൻ ജി  പ്ലാന്റിന്റെ നിർമ്മാണം പുർത്തിയാകുന്നതു വരെ ഇന്ധനച്ചെലവ് കുറയ്ക്കാൻ എൽ പി ജി ഇന്ധനമായി ഉപയോഗിക്കുന്ന താൽക്കാലിക പ്ലാന്റ് 2017 ഡിസംബറിൽ കമ്മീഷൻ ചെയ്തിരുന്നു. ഇതിലൂടെ ഒരു ടണ്ണിന്റെ നിർമ്മാണത്തിനുള്ള  ഇന്ധനച്ചെലവ് 6000 ത്തിൽ നിന്ന് 3000 രൂപയായി കുറയ്ക്കാനായി.  ഊർജ്ജസംരക്ഷണത്തിനും ഇന്ധന-ഊർജ്ജ ചെലവുകൾ കുറയ്ക്കാനുമായി ഓട്ടോമാറ്റിക് പവർ ഫാക്ടർ കൺട്രോൾ (എപിഎഫ്‌സി) പാനൽ സ്ഥാപിക്കുകയും നാൽപ്പതിൽ കൂടുതൽ വർഷങ്ങളായി ഇൻസുലേഷൻ ജോലികൾ നടക്കാതിരുന്ന സ്‌പ്രേഡ്രയർ പ്ലാന്റിന്റെ ഹോട്ട് എയർ ഡക്ടിന്റേയും എയർ ഹീറ്ററിന്റേയും ഇൻസുലേഷൻ റിഫ്രാക്ടറി ജോലികൾ പൂർത്തീകരിക്കുകയും ചെയ്തു. ഉപയോഗിക്കാത്ത പോഴ്‌സലയിൻ ഡിവിഷന്റെ എച്ച് ടി കണക്ഷൻ വിഛേദിക്കുകയും കോൺട്രാക്ട് ഡിമാൻഡ് കുറയ്ക്കുകയും ചെയ്തു. ടണ്ണിന് 8500 രൂപയിലെറെ ഉണ്ടായിരുന്ന ഉൽപാദനച്ചെലവ് 5000 നും 5500നും ഇടയിലേക്ക് ചുരുക്കാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.
ജപ്പാന്റെ സാങ്കേതിക സഹായത്തോടെ തുടങ്ങിയ സെറാമിക്‌സിന്റെ ക്ലേ & മിനറൽസ് ഡിവിഷൻ  സ്‌പ്രേ ഡ്രൈഡ് കയോളിൻ ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റ് ആയിരുന്നു. ഇതര സംസ്ഥാനങ്ങളിലും ജപ്പാൻ, മലേഷ്യ, ദുബായ് തുടങ്ങി നിരവധി വിദേശരാജ്യങ്ങളിലും വിപണിയും ഉണ്ടായിരുന്നു. 1973ൽ സ്ഥാപിതമായ സ്ഥാപനത്തിൽ നവീകരണവും മറ്റും നടത്തിയില്ല.  ഇതുമൂലം ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഉൽപന്നങ്ങൾ നിർമ്മിക്കാനാവാതെ പ്രതിസന്ധിയിലായിരുന്നു കമ്പനി.  ഈ സർക്കാർ വരുന്ന സമയത്ത് സ്ഥാപിത ഉൽപാദനശേഷി നഷ്ടമായി തകർച്ചയുടെ വക്കിലായിരുന്നു. തുടർന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്റെ നേതൃത്വത്തിൽ കമ്പനിയുടെ സമഗ്ര പുനരുദ്ധാരണ പദ്ധതിക്ക് രൂപം നൽകി.
മിനറൽ വിപണനരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിന് വലിയ വിപണന സാധ്യതകളാണുള്ളത്. ഉൽപന്നങ്ങൾക്ക് പെയിന്റ് നിർമ്മാണ ശാലകളിൽ ഏറെ ആവശ്യമുണ്ട്. ഈ സാധ്യത ഉപയോഗപ്പെടുത്താൻ ആവശ്യമായ  ഉൽപന്നങ്ങൾ നിർമ്മിക്കാൻ ബ്ലീച്ചിംഗ് & ക്ലാസ്സിഫിക്കേഷൻ പ്ലാന്റുകളുടെ ആധുനികവൽക്കരണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഫ്‌ളാഷ് ഡ്രയർ & പൾവറൈസർ പ്ലാന്റുകളുടെയും ഡീലാമിനേറ്റർ, സെൻട്രിസൈസർ പ്ലാന്റുകളുടെയും  നിർമ്മാണം ഇതിന്റെ ഭാഗമായി നടക്കും. ഒപ്പം ടണ്ണിന് 25000 രൂപയിലേറെ വില ലഭിക്കുന്ന കാൽസൈൻഡ് കയോളിൻ നിർമ്മാണം, വരുന്ന 30 വർഷത്തേക്ക് ക്ലേ ലഭ്യത ഉറപ്പുവരുത്തുന്ന രണ്ടാംഘട്ട ഖനന ഭൂമി വാങ്ങൽ തുടങ്ങിയ പദ്ധതിയുമായി  കേരളാ സെറാമിക്‌സ് ലിമിറ്റഡ് മുന്നോട്ടു പോവുകയാണ്.
പി.എൻ.എക്‌സ്. 3177/2020

date