Skip to main content

ദേശീയപാത ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ഭൂവുടമകളുടെ പരാതി പരിശോധിക്കും

    ജില്ലയില്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവരുടെ ആക്ഷേപങ്ങള്‍ കേള്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു.  ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ ചേര്‍ന്ന എം.എല്‍.എമാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.  ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് നിലവിലെ നിയമമനുസരിച്ച് കൂടിയ നഷ്ട പരിഹാരം നല്‍കും.   ഇതുസംബന്ധിച്ച വസ്തുതകള്‍ ഭൂവുടമകളെ പഞ്ചായത്ത് തലത്തില്‍ യോഗം ചേര്‍ന്ന് ബോധ്യപ്പെടുത്തും.  കുറ്റിപ്പുറം ഭാഗത്തെ ഭൂവുടമകളുടെ യോഗം ഇന്ന് (മാര്‍ച്ച് 18) ഉച്ചക്ക് രണ്ടിന് കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസില്‍ ചേരും.  ത്രി.എ വിജ്ഞാപന പ്രകാരം നോട്ടിഫൈ ചെയ്ത സര്‍വ്വെ നമ്പറിലുള്ള കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലുള്ള ഭൂവുടമകളാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്. വിജ്ഞാപനം ചെയ്ത സര്‍വ്വെ നമ്പറിലെ ഭൂവുടമയാണെന്ന് തെളിയിക്കുന്നതിന് നികുതി രശീതി ഉള്‍പ്പെടെയുള്ള രേഖകളുമായി വരുന്നവരെ മാത്രമെ യോഗത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ.  നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ പരാതി നല്‍കണമെന്ന പ്രചാരണം ശരിയല്ല.  ഭൂമി, വീട്, കെട്ടിടങ്ങള്‍, കൃഷി, വൃക്ഷങ്ങള്‍ എന്നിവ റോഡ് വികസനത്തിനായി വിട്ട് നല്‍കുന്ന എല്ലാവര്‍ക്കും അര്‍ഹമായ നഷ്ട പരിഹാരം ലഭിക്കും.  
    2018 നവംബറില്‍ ഹൈവേ വീതികൂട്ടുന്ന പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള സമയക്രമമാണ് ഇപ്പോഴുള്ളത്.  നാല് താലൂക്കുകളിലെ 24 വില്ലേജുകളിലായി 76.6 കി.മീറ്റര്‍ ദൂരമാണ് സര്‍വ്വെ ചെയ്ത് അതിര്‍ കല്ലുകള്‍ സ്ഥാപിക്കേണ്ടത്.  റോഡിന്റെ രണ്ട് വശങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ 153.2 കി.മീറ്റര്‍ ദൂരമുണ്ടാവും.  ഇതിനായി 243.9 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.  ഒരു ദിവസം മൂന്ന് കി.മീറ്റര്‍ ദൂരം സര്‍വ്വെ നടത്തി  ഏപ്രില്‍ 30നകം സര്‍വ്വെ നടപടികള്‍  പൂര്‍ത്തിയാക്കും.  സര്‍വ്വെക്കായി 15 പ്രത്യേക ടീം ഉണ്ടാകും.  
    മൂന്ന് എ വിജ്ഞാപന പ്രകാരം ഏതെങ്കിലും ഭൂവുടമകള്‍ക്ക് പരാതിയുണ്ടെങ്കില്‍ ഏപ്രില്‍ മൂന്നിനകം ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) എന്‍.എച്ചിന് നല്‍കണം.  ഒരു മാസത്തിനകം പരാതികള്‍ തീര്‍പ്പാക്കും.  വീടുകളും കെട്ടിടങ്ങളും പൂര്‍ണ്ണമായോ ഭാഗികമായോ നഷ്ടപ്പെടുന്നവര്‍ക്ക് ഇപ്പോള്‍ അത്‌പോലെ ഒരു കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള തുക നഷ്ടപരിഹാരമായി ലഭിക്കും.  നിര്‍മ്മിതികളുടെ മൂല്യം കണക്കാക്കുന്നത് പൊതുമരാമത്ത് കെട്ടിട വിഭാഗവും കാര്‍ഷിക വിളകളുടേത് കൃഷി വകുപ്പും വൃക്ഷങ്ങളുടേത്  സോഷ്യല്‍ ഫോറസ്ട്രിയും ഭൂമിയുടേത് ലാന്റ് അക്വിസിഷന്‍ കോംപീറ്റന്റ് അതോറിറ്റിയുമായിരിക്കും വില നിശ്ചയിക്കുക.  
    ചുരുങ്ങിയത് മണിക്കൂറില്‍ 100 കി.മീറ്റര്‍ വേഗതയില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന വിധമാണ് റോഡിന്റെ ഘടന.  ദേശീയ പാതയിലെ അപകടങ്ങള്‍ പരമാവധി കുറക്കുന്ന തരത്തിലുള്ളതാണ് റോഡിന്റെ ഡിസൈന്‍.  വര്‍ദ്ധിച്ച് വരുന്ന വാഹനപ്പെരുപ്പവും റോഡുകളുടെ ശോചനീയാവസ്ഥയും ഒരു പരിധിവരെ റോഡപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.  ഇതിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് സംസ്ഥാനത്തെ റോഡുകളുടെ വികസനം.  ഇതുമായി ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.  
    എം.എല്‍.എമാരായ കെ.എന്‍.എ ഖാദര്‍, പി.കെ. അബ്ദുറബ്ബ്, ആബിദ് ഹുസൈന്‍ തങ്ങള്‍, പി. അബ്ദുല്‍ ഹമീദ്, ടി. വി. ഇബ്രാഹീം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാര്‍ തുടങ്ങിവയവര്‍ പങ്കെടുത്തു.  എന്‍.എച്ച് (എല്‍.എ) ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണ്‍ പദ്ധതി വിശദീകരിച്ചു.

 

date