Skip to main content

കൃഷിക്ക് ഭീഷണിയായി കുറുക്കന്‍മാര്‍; കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നത് പരിഗണിക്കും

ജില്ലാ കളക്ടറുടെ രണ്ടാം ഘട്ട അദാലത്തുകള്‍ക്ക് തുടക്കം

 

കുറുക്കന്‍മാരുടെ   ആക്രമണത്തില്‍ കൃഷി നശിച്ച കാഞ്ഞിരപ്പള്ളിയിലെ കര്‍ഷകര്‍ക്ക്  നഷ്ടപരിഹാരം നല്‍കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക് തല ഓണ്‍ലൈന്‍  അദാലത്തില്‍ കര്‍ഷകനായ സജീവ് ജെയിംസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്.

രാത്രിയില്‍ കൂട്ടത്തോടെ എത്തുന്ന കുറുക്കന്‍മാര്‍ പ്രധാനമായും വാഴകൃഷിയാണ് നശിപ്പിക്കുന്നത്. വന്യ ജീവികളെ അക്രമിക്കുന്നത് കുറ്റകരമായതിനാല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനാകാത്ത സ്ഥിതിയിലാണെന്നും കൃഷി തുടരാനാവില്ലെന്നും പരാതിക്കാരന്‍ വിശദമാക്കി.

ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറോട് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞ കളക്ടര്‍ കൃഷിനാശം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് പരിഗണിക്കുമെന്ന്  അറിയിച്ചു. വന്യജീവികളുടെ ആക്രമണംമൂലമുള്ള കൃഷിനാശത്തിന് നല്‍കാവുന്ന സഹായം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ വനം വകുപ്പ് ജില്ലാ മേധാവിക്ക് നിര്‍ദേശം നല്‍കി.

കാട്ടുപന്നിയുടെയും മുള്ളന്‍പന്നിയുടെയും ആക്രമണം  ഉണ്ടാകുന്നതായി  പരിശോധനയില്‍ ബോധ്യപ്പെട്ട സാഹചര്യത്തില്‍ പ്രദേശത്ത് ക്യാമറ ട്രാപ്  സ്ഥാപിക്കാന്‍  വനം വകുപ്പ് നടപടി സ്വീകരിക്കുന്നതാണെന്നും  കളക്ടര്‍ പരാതിക്കാരനെ അറിയിച്ചു.
 
കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന   സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ നടത്തുന്ന ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തിന്‍റെ രണ്ടാം ഘട്ടത്തിലെ ആദ്യ അദാലത്തായിരുന്നു ഇത്.     

പരിഗണിച്ച 28 അപേക്ഷകളില്‍ 18 എണ്ണത്തില്‍ തീര്‍പ്പുകല്‍പ്പിച്ചു. പട്ടയം കിട്ടിയ വസ്തുവിന്‍റെ  പോക്കുവരവ്,  തോട് പുറമ്പോക്ക് കയ്യേറ്റം, വഴി തടസപ്പെടുത്തല്‍, ബാങ്ക് വായ്പാ കുടിശിക ഇളവ് ചെയ്യല്‍, ജപ്തി നടപടി ഒഴിവാക്കല്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളുമുണ്ടായിരുന്നു.  

എഡിഎം അനില്‍ ഉമ്മനും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു. താലൂക്കിലെ വിവിധ അക്ഷയ കേന്ദ്രങ്ങളില്‍ മുന്‍കൂട്ടി അറിയിച്ച സമയങ്ങളില്‍ എത്തിയാണ് പരാതിക്കാര്‍ കളക്ടറുമായി സംസാരിച്ചത്.

date