Skip to main content

കോവിഡ് ഭീതിക്കിടയിലും ഡെങ്കിപ്പനിക്കെതിരെ കരുതല്‍ വേണം-ഡി.എം.ഓ

 

ആലപ്പുഴ: മഴ വ്യാപകമായതോടെ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ടു പെരുകാനുള്ള സാധ്യതയേറി. കോവിഡ് ഭീതിയ്ക്കിടയിലും ഡെങ്കിപ്പനിക്കെതിരെ പ്രത്യേക കരുതല്‍ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
  ഈഡിസ് കൊതുകുകള്‍ ശുദ്ധജലത്തിലാണ് മുട്ടയിട്ട് വളരുന്നത്. ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ നാം അലക്ഷ്യമായി വലിച്ചെറിയുന്ന പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ടയറുകള്‍, ചിരട്ടകള്‍, പ്ലാസ്റ്റിക് കവറുകള്‍, മുട്ടത്തോടുകള്‍ എന്നിവയില്‍ മഴവെള്ളം കെട്ടിനില്‍ക്കുകയും കൊതുക് പെരുകുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാല്‍ അങ്ങനെയുള്ള സാഹചര്യം ഇല്ലാ എന്ന് ഉറപ്പു വരുത്തണം.
   വീടിന്‍റെ സണ്‍ഷെയ്ഡ്, ടെറസ്, ഫ്രിഡ്ജിലെ ട്രേ, ചെടിച്ചട്ടികള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം.
     വേലി കെട്ടാനുപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റിന്‍റെ മടക്കുകള്‍, മരപ്പൊത്തുകള്‍, മുളങ്കുറ്റികള്‍, ആങ്കോലച്ചെടി, പൈനാപ്പിള്‍ച്ചെടി എന്നിവയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം.
  ശുദ്ധജലസംഭരണി, കുടിവെള്ളം സംഭരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ എന്നിവ കൊതുക് കടക്കാത്തവിധം മൂടിവെയ്ക്കണം
  ഈഡിസ് കൊതുകുകള്‍ പകല്‍ സമയം കടിയ്ക്കുന്നതിനാല്‍ ശരീരം മറഞ്ഞിരിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കണം.
  രാവിലെയും വൈകുന്നേരവും കൊതുക് കടക്കാതിരിക്കാനായി വീടിന്‍റെ ജനലുകളും വാതിലുകളും അടച്ചിടണം. തുണികള്‍, കര്‍ട്ടനുകള്‍, മേശ, കസേര എന്നിവിടങ്ങളില്‍ വിശ്രമിക്കുന്ന കൊതുകുകളെ നശിപ്പിക്കണം
 എല്ലാ ഞായറാഴ്ചകളിലും വീടുകളില്‍ ഡ്രൈഡേ ആചരിക്കണം. അതിനായി കുറച്ചുസമയം കണ്ടെത്തി വീട്ടിലെ എല്ലാ അംഗങ്ങളും ചേര്‍ന്ന് വീട്ടിലും പരിസരത്തും കൊതുകിന്‍റെ ഉറവിടങ്ങള്‍ ഇല്ലാ എന്ന് ഉറപ്പു വരുത്തണം.
പനിയുണ്ടായാല്‍ സ്വയം ചികിത്സ പാടില്ല. അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണം
 ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് മരുന്ന് വാങ്ങി കഴിക്കരുത്.

date