അമ്പലപ്പുഴ താലൂക്ക് പൊതുജന പരാതി പരിഹാര അദാലത്ത് -- 25 പരാതികള്‍ തീര്‍പ്പാക്കി
ആലപ്പുഴ : ചികിത്സയെ തുടര്‍ന്ന് കടക്കെണിയിലായ കാന്‍സര്‍ രോഗിയുടെ പരാതിയില്‍ ഉടനടി നടപടി സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ നിര്‍ദ്ദേശം നല്‍കി. മുല്ലക്കല്‍ സ്വദേശി സന്തോഷ്‌കുമാര്‍ കാന്‍സര്‍ ചികിത്സയെ തുടര്‍ന്നാണ് കടക്കെണിയിലായത്. ജീവിക്കാന്‍ യാതൊരു മാര്‍ഗവുമില്ലെന്ന് ഓണ്‍ലൈനായി സംഘടിപ്പിച്ച കളക്ടറുടെ അമ്പലപ്പുഴ താലൂക്ക് പരാതിപരിഹാര അദാലത്തില്‍ സന്തോഷ് പരാതിയായി ചൂണ്ടിക്കാണിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിന് ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷ സമര്‍പ്പിക്കുവാനും പെന്‍ഷനുവേണ്ടി താലൂക് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കുവാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഈ നടപടികള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ താലൂക്ക് തഹസില്‍ദാറെയും കളക്ടര്‍ ചുമതലപ്പെടുത്തി.
ചൊവ്വാഴ്ച കളക്ടറുടെ ചേംബറില്‍ നടന്ന അദാലത്തില്‍ ആകെ 40 പരാതികള്‍ ലഭിച്ചു. ഇതില്‍ 25 പരാതികളും അപ്പോള്‍ തന്നെ തീര്‍പ്പാക്കി. ഈ മാസം 7 -ന് നടന്ന അദാലത്തില്‍ ബാക്കി വന്ന പരാതികളാണ് ഇന്ന് ( 22/9/2020) പരിഗണിച്ചത്.
പൊതുജനങ്ങളുടെ പരാതികള്‍ക്കും അപേക്ഷകള്‍ക്കും അതിവേഗത്തില്‍ ജനസൗഹൃദപരമായി തീര്‍പ്പുണ്ടാക്കുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് അദാലത്തുകള്‍ സംഘടിപ്പിച്ചുവരുന്നത്. അദാലത്തിലേക്ക് അക്ഷയ സെന്റര്‍ വഴിയാണ് അപേക്ഷ സ്വീകരിച്ചത്. അപേക്ഷകര്‍ക്ക് അക്ഷയ സെന്ററില്‍ ഹാജരായി ജില്ല കളക്ടറോട് നേരിട്ട് സംസാരിക്കാന്‍ അവസരം ലഭിച്ചു.
കുടിവെള്ളം ലഭിക്കുന്നില്ല എന്ന പാലസ് വാര്‍ഡ് സ്വദേശി ത്രേസ്യയുടെ പരാതിയില്‍ ഉടന്‍ പരിഹാരം കണ്ടെത്താനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. വെള്ളപ്പൊക്കത്തില്‍ നശിച്ചു പോയ പൈപ്പ് ലൈന്‍ മാറ്റി കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നതായിരുന്നു ത്രേസ്യയുടെ പരാതി. അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു മാസത്തിനകം പൈപ്പ് മാറ്റി നല്‍കി കുടിവെള്ള പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. അതുവരെയുള്ള കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ തഹസില്‍ദാറെയും ചുമതലപ്പെടുത്തി.
തീര്‍പ്പാക്കാത്ത പരാതികളില്‍ എത്രയും പെട്ടെന്ന് തീരുമാനം എടുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ നിര്‍ദ്ദേശം നല്‍കി. അഡിഷണല്‍ ജില്ല മജിസ്ട്രേറ്റ് ജെ. മോബി, റവന്യൂ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട് വകുപ്പ്, തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments