പെരുവ ഐ.ടി.ഐയില്‍ കൂടുതല്‍ വികസനം പരിഗണനയില്‍- മന്ത്രി ടി.പി. രാമകൃഷ്ണന്‍
പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
പെരുവ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ കൂടുതല്‍ വികസനം നടപ്പാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. പെരുവ ഐ.ടി.ഐക്കുവേണ്ടി മൂന്നു കോടി രൂപ ചെലവിട്ടു നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന സൗകര്യ വികസനത്തിനു പുറമെ ഇവിടെ പുതിയ ട്രേഡുകള്‍ അനുവദിക്കുന്നതിനും നടപടി സ്വീകരിക്കും. വ്യവസായ പരിശീലന സ്ഥാപനങ്ങളില്‍ കാലത്തിന് അനുയോജ്യമായ ട്രേഡുകള്‍ ആരംഭിക്കുകയും പരിശീലന സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്തതുവഴി യുവതലമുറയുടെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറുദിന കര്‍മ്മപദ്ധതികളുടെ ചുവടു പിടിച്ച് വ്യവസായ പരിശീലന വകുപ്പും വിവിധ വികസന പദ്ധതികള്‍ നടപ്പാക്കിവരികയാണ്. ഈ സര്‍ക്കാരിന്‍റെ കാലത്ത് ആധുനിക നിലവാരത്തിലുള്ള 17 സര്‍ക്കാര്‍ ഐ.ടി.ഐകള്‍ ആരംഭിക്കാന്‍ കഴിഞ്ഞു
ഐ.ടി.ഐകളും വ്യവസായ സ്ഥാപനങ്ങളുമായുള്ള ബന്ധം സജീവമാക്കിയതുവഴി പരിശീലനം പൂര്‍ത്തിയാക്കുന്ന കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്. ഐ.ടി.ഐകളിലെ പ്ലേസ്മെന്‍റ് സെല്ലുകളും സംരംഭകത്വ വികസന ക്ലബ്ബുകളും തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നു. ദൈനംദിന ആവശ്യങ്ങള്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ വൈദഗ്ധ്യമുള്ളവരെ കണ്ടെത്താന്‍ സഹായിക്കുന്ന സ്കില്‍ രജിസ്ട്രിയില്‍ 12000ലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരുടെ യോഗ്യതകള്‍ പരിശോധിച്ച് 6175 പേര്‍ തൊഴിലിന് പ്രാപ്തരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുകയാണ്- മന്ത്രി പറഞ്ഞു.
ഐ.ടി.ഐയുടെ പുതിയ കെട്ടിടം കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പെരുവ സര്‍ക്കാര്‍ എല്‍.പി. സ്കൂളിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പത്മ ചന്ദ്രന്‍, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജാത സോമൻ, ജില്ലാ പഞ്ചായത്തംഗം കല മങ്ങാട് തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്.സുരേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് വകുപ്പ് ഡയറക്ടര്‍ എസ്. ചന്ദ്രശേഖര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ അനില നന്ദിയും പറഞ്ഞു.
- Log in to post comments