Skip to main content

ജില്ലയില്‍ രണ്ട് ഭവനസമുച്ചയങ്ങളുടെ നിര്‍മാണം മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

ലൈഫ് മിഷന്‍ മൂന്നാം ഘട്ടം
 

ലൈഫ് മിഷന്‍റെ മൂന്നാം ഘട്ടത്തില്‍ കോട്ടയം ജില്ലയില്‍ നിര്‍മിക്കുന്ന രണ്ടു ഭവന സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ(സെപ്റ്റംബര്‍ 24)  വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. 100 ദിനം 100 പദ്ധതി കർമ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ആകെ 29 ഭവന സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനമാണ് രാവിലെ 11.30ന് നടക്കുന്ന ചടങ്ങില്‍ നടക്കുക. തദ്ദേശസ്വയംഭരണ വകുപ്പ്മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കും.

കോട്ടയം ജില്ലയില്‍ തലയോലപ്പറമ്പ് മിഠായിക്കുന്നിലും വിജയപുരം പഞ്ചായത്തില്‍ ചെമ്പോല കോളനിയിലുമാണ് നാലു നിലകളുള്ള ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് സെന്‍റ് ജോര്‍ജ് പാരിഷ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ശിലാഫലകം അനാച്ഛാദനം ചെയ്യും.  സി. കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിക്കും. വിജയപുരം മാര്‍ അപ്രേം പാരിഷ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ശിലാഫലകത്തിന്‍റെ അനാച്ഛാദനം നിര്‍വഹിക്കും.

ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രെയിം ഉപയോഗിച്ചുള്ള പ്രീ ഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യയിലൂടെ നിര്‍മിക്കുന്ന ഭവന സമുച്ചയങ്ങള്‍ ആറു മാസംകൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.  അഹമ്മദാബാദ് ആസ്ഥാനമായ മിറ്റ്സുമി ഹൗസിംഗ് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. 445 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഓരോ വീട്ടിലും രണ്ട് കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, ശുചിമുറി എന്നിവ ഉണ്ടാകും. മുതിര്‍ന്നവര്‍ക്കുള്ള പ്രത്യേ കമുറി, സിക്ക് റൂം, കോമണ്‍ ഫെസിലിറ്റി റൂം, റിക്രിയേഷന്‍ റൂം, ഇലക്ട്രിക്കല്‍ റൂം, മലിനീകരണ ശുചീകരണ പ്ലാന്‍റ്, സൗരോര്‍ജ്ജ സംവിധാനം, വാഹന പാര്‍ക്കിംഗ് സൗകര്യം എന്നിവയും സജ്ജമാക്കും.

തലയോലപ്പറമ്പില്‍ 36 വീടുകള്‍

തലയോലപ്പറമ്പില്‍ വടയാര്‍ വില്ലേജിലെ മിഠായിക്കുന്നില്‍ ജലസേചന വകുപ്പിന്‍റെ 433 സെന്‍റ് സ്ഥലത്ത് ആദ്യഘട്ടത്തില്‍ 36 വീടുകളടങ്ങിയ ഭവന സമുച്ചയമാണ് നിര്‍മ്മിക്കുന്നത്. ഇതിന് 5.23 കോടിയാണ് ആകെ ചെലവ്. ഭവനസമുച്ചയ നിര്‍മ്മാണത്തിന് 4.43 കോടി രൂപയും അനുബന്ധ പ്രവൃത്തികള്‍ക്ക് 80 ലക്ഷം രൂപയുമാണ് ചെലവിടുക.

തലയോലപ്പറമ്പ് പഞ്ചായത്തില്‍ ലൈഫിന്‍റെ ആദ്യ രണ്ടു ഘട്ടങ്ങളില്‍ യഥാക്രമം 29ഉം 47ഉം വീടുകള്‍ വീതം  പൂര്‍ത്തീകരിച്ചിട്ടുണ്ട്.  മൂന്നാംഘട്ടത്തിലെ ഭൂരഹിത ഭവന രഹിതരായ 69 ഗുണഭോക്താക്കളില്‍ അഞ്ചു പേര്‍ ഭൂമി വാങ്ങുകയും രണ്ടുപേര്‍ വീടു നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു.

വിജയപുരത്ത് 44 വീടുകള്‍
പൈലറ്റ് പ്രോജക്ടായ വിജയപുരം പഞ്ചായത്തിലെ ചെമ്പോല കോളനിയിലെ ഭവന സമുച്ചയത്തിന്‍റെ അടിത്തറ നിര്‍മാണം പൂര്‍ത്തിയായി. ഗ്രാമപഞ്ചായത്തിന്‍റെ 55.8 സെന്‍റ് സ്ഥലത്ത് 44 വീടുകളുടെ സമുച്ചയമാണ് നിര്‍മ്മിക്കുന്നത്. ഇതിന് ആകെ 6.37 കോടി രൂപ ആകെ ചെലവ് വരും. ഭവന സമുച്ചയത്തിന് 5.70 കോടി രൂപയും അനുബന്ധ പ്രവൃത്തികള്‍ക്ക് 67 ലക്ഷം രൂപയുമാണ് ചെലവിടുക.

വിജയപുരം പഞ്ചായത്തില്‍ ലൈഫ് മിഷന്‍ ആദ്യ ഘട്ടത്തില്‍ ആറു വീടുകളും  രണ്ടാം ഘട്ടത്തില്‍  14 വീടുകളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.  മൂന്നാംഘട്ടത്തിലെ 74 ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളില്‍ രണ്ടു പേര്‍ ഭൂമി വാങ്ങി വീടു നിര്‍മാണം തുടങ്ങി.

date