റോഡ് യാത്ര സുഗമമാക്കാന്‍ ഇടുക്കി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി
തൊടുപുഴ - മുട്ടം സ്റ്റേറ്റ് ഹൈവേയില്‍ അപകട രഹിത - മാലിന്യ രഹിത - സുരക്ഷിത യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ യോഗം തൊടുപുഴ ലയണ്‍സ് ഹാളില്‍ ചേര്‍ന്നു.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ദിനേശ് എം പിള്ള നേതൃത്വം നല്‍കി. മോട്ടോര്‍ വാഹന വകുപ്പ്, പിഡബ്ല്യുഡി, തൊടുപുഴ തഹസില്‍ദാര്‍, കെഎസ്ഇബി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, തൊടുപുഴ മുനിസിപ്പാലിറ്റി, ആരോഗ്യവകുപ്പ്, ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ്, ഹരിത കേരളം, മലങ്കര എസ്റ്റേറ്റ്, ലയണ്‍സ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, ഐഎംഎ, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍, വര്‍ക്ക് ഷോപ്പ് അസോസിയേഷന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി, മര്‍ച്ചന്റ് യൂത്ത് വിംഗ് , പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍, ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷന്‍, റസിഡന്‍സ് അസോസിയേഷന്‍, തൊടുപുഴ ബാര്‍ അസോസിയേഷന്‍ തുടങ്ങി വിവിധ വകുപ്പുകളും സാമൂഹ്യ-സാംസ്‌കാരിക ക്ലബ്ബുകളും പങ്കെടുത്തു.
തൊടുപുഴ - മുട്ടം സ്റ്റേറ്റ് ഹൈവേയില്‍ അടുത്തിടെ, പ്രത്യേകിച്ചും കാലവര്‍ഷ ആരംഭത്തിനു ശേഷം, ഒട്ടനവധി വാഹനാപകടങ്ങള്‍ ഉണ്ടായി. ഇതിന്റെ അടിസ്ഥാ്‌നത്തില്‍ നടത്തിയ പഠനത്തില്‍ റോഡിന്റെ അശാസ്ത്രീയമായ നിര്‍മാണം, സുരക്ഷാ സംവിധാനങ്ങളുടെയും മുന്നറിയിപ്പ് ബോര്‍ഡുകളുടെയും അഭാവം, റോഡരികിലെ ചെടികള്‍, ചാഞ്ഞു നില്‍ക്കുന്ന മരങ്ങളുടെ ശാഖകള്‍, വൈദ്യുതി തൂണുകള്‍, വാട്ടര്‍ പൈപ്പ് ലൈന്‍ തുടങ്ങിയവ മൂലമുള്ള തടസ്സങ്ങള്‍ എന്നിവയെല്ലാമാണ് അപകടത്തിന് ആക്കം കൂട്ടുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതു കൂടാതെ തൊടുപുഴ-മുട്ടം റോഡിന്റെ വശങ്ങളില്‍, തൊടുപുഴ ആറിനോട് ചേര്‍ന്ന് വന്‍തോതില്‍ മാലിന്യങ്ങള്‍ തള്ളുകയും അതുവഴി റോഡിനിരുവശവും തൊടുപുഴയാറ് തന്നെയും മലീമസമായി കൊണ്ടിരിക്കുകയും ചെയ്യുന്നതായും പരാതി ഉയര്‍ന്നു. ഇവക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് മ്രാല, ഗാന്ധി പ്രതിമയ്ക്കു മുന്‍പില്‍ നിന്നും തൊടുപുഴ-മുട്ടം സംസ്ഥാന പാതയുടെ ഇരു ഭാഗത്തേക്കും ജനകീയ പങ്കാളിത്തത്തോടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. റോഡിനിരുവശവുമുള്ള തടസ്സങ്ങളും റോഡിന്റെ അപാകതകളും പരിഹരിക്കുന്നതിന് പുറമെ, റോഡിന്റെ വശങ്ങളില്‍ അലങ്കാര ചെടികള്‍ നട്ട് റോഡിനെ സൗന്ദര്യവല്‍ക്കരിക്കുന്നതും പദ്ധതിയുടെ ഭാഗമാണെന്ന് ദിനേശ് എം പിള്ള പറഞ്ഞു.
- Log in to post comments