Skip to main content

കോവിഡ് പ്രതിസന്ധിക്കു നടുവിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കി-മുഖ്യമന്ത്രി

ഭക്ഷ്യ കിറ്റ് വിതണം സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു

=====
കോവിഡ് മൂലമുണ്ടായ വലിയ പ്രതിസന്ധിക്കു നടുവിലും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള  പ്രവര്‍ത്തനങ്ങളില്‍  പൊതു സമൂഹം നല്‍കിയ സഹകരണം ഭക്ഷ്യോത്പാദന-വിതരണ മേഖലകളിലെ തുടര്‍ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. 

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും  സെപ്റ്റംബര്‍  മുതല്‍  ഡിസംബര്‍  വരെയുള്ള ഭക്ഷ്യക്കിറ്റ്  സൗജന്യമായി  വിതരണം   ചെയ്യുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 

സംസ്ഥാനത്തെ 88 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്ന നടപടി പ്രഖ്യാപിച്ച് ആഴ്ച്ചകള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞു. ഇതിന് നേതൃത്വം നല്‍കുന്ന ഭക്ഷ്യ-പൊതുവിതരണ വകുപ്പും മന്ത്രിയും അഭിനന്ദനമര്‍ഹിക്കുന്നു. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുത് എന്ന ഉറച്ച തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് കിറ്റ് വിതരണത്തിന് തുടക്കം കുറിച്ചത്. ആദ്യ രണ്ടു ഘട്ടങ്ങളിലും ജനങ്ങള്‍ തികച്ചും സംതൃപ്തരായിരുന്നു. ദുരിതം തുടരുന്ന സാഹചര്യത്തിലാണ്  എല്ലാ കുടുംബങ്ങള്‍ക്കും നാലു മാസത്തേക്കു കൂടി ഭക്ഷ്യ കിറ്റ് നല്‍കുന്നത്. 

ഭക്ഷ്യ ക്ഷാമം തടയുന്നതിന് ഭക്ഷ്യോത്പാദന മേഖലയില്‍ സ്വയംപര്യാപ്തത ലക്ഷമിടുന്ന സുഭിക്ഷ കേരളം പോലുള്ള പദ്ധതികളും നടപ്പാക്കിവരികയാണ്. ഈ പദ്ധതിക്ക് ലഭിച്ച സ്വീകാര്യത കണക്കിലെടുത്ത് 
തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിവരുന്നു. കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനത്തില്‍ പുരോഗതി കൈവരിക്കാനായിട്ടുണ്ട്.  അതോടൊപ്പം കര്‍ഷകര്‍ക്ക് ന്യയ വില ഉറപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നു. രാജ്യത്ത് ആദ്യമായി പച്ചക്കറിക്ക് തറവില പ്രഖ്യാപിക്കുന്ന തലത്തിലേക്ക് കേരളം മാറുകയാണ്-മുഖ്യമന്ത്രി പറഞ്ഞു.

വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കിയിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.

അഡ്വ.  സുരേഷ് കുറുപ്പ് എം.എല്‍.എ ആദ്യ കിറ്റ് വിതരണം നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കൂമ്പിക്കല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സപ്ലൈകോ സി.എം.ഡി അലി അസ്ഗര്‍ പാഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സപ്ലൈ കോ മാര്‍ക്കറ്റിംഗ് മാനേജര്‍ ബി. സതീഷ് ബാബു സ്വാഗതവും പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍ നന്ദിയും പറഞ്ഞു.

date