സീറോ വേസ്റ്റ് ഇനി മറ്റു സിവില്‍ സ്റ്റേഷനുകളിലേക്കും
മലപ്പുറം സിവില്‍ സ്റ്റേഷനില്‍ വിജയകരമായി നടന്നു വന്ന സീറോ വേസ്റ്റ് പദ്ധതി ഇനി ജില്ലയിലെ മറ്റു സിവില്‍ സ്റ്റഷേനുകളിലേക്കും വ്യാപിപ്പിക്കുന്നു. കഴിഞ്ഞ അഞ്ചു മാസമായി നടത്തിവന്നിരുന്ന ഓഫിസുകള്‍ കയറിയിറങ്ങിയുള്ള പരിശീലന പരിപാടി സിവില്‍ സ്റ്റേഷനില്‍ നല്ല പ്രതികരണം ഉണ്ടാക്കി
പരിശീലനം പ്രവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റ് സിവില്‍ സ്റ്റേഷന്‍ കവാടത്തില്‍ ഒരു ഹബ് സ്ഥാപിക്കുകയും ഓഫീസുകള്‍ തോറും ക്ലാസുകള്‍ സംഘടിപ്പിക്കുകയും മാലിന്യം എങ്ങനെയെല്ലാം നിര്‍മ്മാര്‍ജ്ജനം ചെയ്യാമെന്ന് പരിശീലനം നല്‍കുകയും ചെയ്തിരുന്നു.. ബോധവത്ക്കരണ പരിപാടിയില്‍ കളക്ടറേറ്റിലെ വിവിധ സെക്ഷനുകളിലെ ജീവനക്കാര്‍ പങ്കെടുത്തു. കളക്ടറേറ്റില്‍ മാലിന്യ സംസ്‌ക്കരണത്തിന് വളരെയധികം മെച്ചപ്പെട്ടരീതിയില്‍ ഫലം കണ്ടുവരുന്നുണ്ട്. ഓഫീസുകളുടെ ഒഴിഞ്ഞ മൂലകളില്‍ മാലിന്യങ്ങള്‍ കൂട്ടയിടുന്ന അവസ്ഥ ഇപ്പോഴില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ഡിസ്‌പോസിബിള്‍ ഗ്ലാസുകളും പ്ലേറ്റുകളും ഉപയോഗിക്കാന്‍ പാടില്ല .ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കപ്പെടുന്നതിനായി പൊതുപരിപാടികള്‍ക്ക് രണ്ടു ദിവസം മുമ്പേ സീറോ വേസ്റ്റ് കോ ഓര്‍ഡിനേറ്ററെ അറിയിക്കണം. സര്‍ക്കാര്‍ ഓഫീസുകളിലെ വേസ്റ്റ് കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യരുത് . അത് പുനചക്രമണത്തിനായി സീറോ വേസ്റ്റ് പദ്ധതിയിലേക്ക് കൈമാറണം . എന്നിങ്ങനെയുളള കാര്യങ്ങളാണ് പരിശീലിപ്പിച്ചത്.
ഓരോ ഓഫീസിനും മാലിന്യം ശേഖരിക്കാനായി ഒന്നോ രണ്ടോ ചാക്കുകള്‍ നല്‍കി ഓഫീസിലെ പേപ്പര്‍, പ്ലാസ്റ്റിക് വേസ്റ്റുകള്‍, വെളളക്കുപ്പികള്‍, ഉപയോഗശൂന്യമായ പേനകള്‍, മറ്റു മാലിന്യങ്ങള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവ പ്രത്യേകം ചാക്കുകളിലാക്കി നിറയുന്നതനുസരിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജനയൂണിറ്റിനെ അറിയിച്ചാല്‍ അവര്‍തന്നെ ഇവ ശേഖരിക്കുകയും തരം തിരിച്ച് റീസൈക്ലിങ്ങിനായി കൊടുക്കയക്കുകയും ചെയ്യും . പേപ്പര്‍മാലിന്യങ്ങള്‍ പേപ്പര്‍ പള്‍പ്പുണ്ടാക്കുന്നതിനും പ്ലാസ്‌ററിക് മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കയര്‍, പൈപ്പ് എന്നിവ ഉണ്ടാക്കുന്നതിനുമാണ് ഉപയോഗിക്കുന്നത് .
ഇലകള്‍ കൂട്ടിയിട്ടു കത്തിക്കുന്ന രീതി ഒഴിവാക്കണം. ഇലകള്‍ ഗര്‍ത്തങ്ങളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ അവ മഴവെളളം ഒഴുകിപ്പോകാതെ സംഭരിക്കുവാനും ഭൂമിക്കുതന്നെ വേനലില്‍ ഒരാവരണമായി തീരുകയും ഭൂമിയില്‍ അലിഞ്ഞു ചേര്‍ന്ന് ജൈവവളമാവുകയും ചെയ്യും. കഴിവതും കോട്ടന്‍ വസ്ത്രങ്ങളാണ് ഉപയോഗിക്കേണ്ടത്.
പഴയവസ്ത്രങ്ങളും ടീഷര്‍ട്ട്, സാരി, മാക്‌സി എന്നിവയും ഈ സംരംഭകര്‍ ശേഖരിക്കുന്നുണ്ട്. ഇവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ചാക്കുകളും സഞ്ചികളുമായി മാററും. ഗിറോ വേസ്റ്റ് മലപ്പുറം ജില്ലാ കോഡിനേറ്റര്‍ മുഹമ്മദ് റസീന്‍ പി.യാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നത്.
കലക്‌ട്രേറ്റില്‍ നടന്ന അവസാന വട്ട പരിശീലനം ഡെപ്യൂട്ടി കളക്ടര്‍ രമ പി.കെ. യുടെ അധ്യക്ഷതയില്‍ സംഘടിപ്പിക്കപ്പെട്ടു. ജില്ലാ കോഡിനേറ്റര്‍ മുഹമ്മദ് റസീന്‍ പി പരിശീലന ക്ലാസ് നടത്തി. ഫിനാന്‍സ് ഓഫീസര്‍ എന്‍. സന്തോഷ് കുമാര്‍ , ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അജീഷ് സി. , ഹരിത മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രാജു.പി എന്നിവര്‍ നേതൃത്വം നല്‍കി.
- Log in to post comments