സംരക്ഷിത കുടുംബ കൂട്ടയമകള്‍(സി സി ജി) ഊര്‍ജ്ജിതപ്പെടുത്തണം ജില്ലാ കലക്ടര്‍
കോവിഡ് പ്രതിരോധം ലക്ഷ്യമാക്കി വാര്‍ഡ് തലങ്ങളില്‍ രൂപം നല്‍കിയ സംരക്ഷിത കുടുംബ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിലൂടെ രോഗബാധയുടെ തീവ്രതയും വ്യാപനവും കുറയ്ക്കാന്‍ സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ആര്‍ ഡി ഒ ശിഖാ സുരേന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂട്ടായ്മയുടെ നിലവിലെ പുരോഗതി കലക്ടര്‍ വിലയിരുത്തി. സി സി ജി കളുടെ പ്രവര്‍ത്തനത്തില്‍ പിന്നാക്കാം നില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തിരമായി ഏകോപനപ്രവര്‍ത്തനങ്ങളില്‍ പുരോഗതിയുണ്ടാക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍, റൂറല്‍ പൊലീസ് മേധാവി ഹരിശങ്കര്‍ എന്നിവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ രോഗവ്യാപന നിരക്കും സാധ്യതകളും യോഗം വിലയിരുത്തി. റൂറല്‍ പരിധിയിലെ ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍ തുടങ്ങി ആള്‍ക്കൂട്ടം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ 'പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകള്‍' ആയി പ്രഖ്യാപിച്ച് നിരീക്ഷണങ്ങളും പരിശോധനകളും ശക്തമാക്കുമെന്ന നിര്‍ദ്ദേശം റൂറല്‍ പോലീസ് മേധാവി യോഗത്തില്‍ അവതരിപ്പിച്ചു.
എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ ഹബീബ് നസീം, ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ ഡി വസന്തദാസ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2591/2020)
- Log in to post comments