ഗാന്ധി ജയന്തി: ഗാന്ധി സ്മൃതി മണ്ഡപത്തില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും മത്സരങ്ങളുടെ എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 8
ആലപ്പുഴ: സിവില്‍ സ്റ്റേഷന്‍ അങ്കണത്തിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ ഗാന്ധിജയന്തി വാരാഘോഷ പരിപാടികളുടെ ഭാഗമായി ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും ഒക്ടോബര്‍ രണ്ടിന് രാവിലെ 9 മണിക്ക് നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും പരിപാടി. ഗാന്ധി സ്മൃതി മണ്ഡപസമിതിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ വാരാചരണത്തിന്റെ ഭാഗമായി വിവിധ തരം മത്സരങ്ങളും സംഘടിപ്പിക്കും.
രണ്ടാം തീയതി പൊതുസ്ഥലം വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് മത്സരം സംഘടിപ്പിക്കും. വ്യക്തികള്‍,റസിഡന്‍സ് അസോസിയേഷനുകള്‍,യൂത്ത് ക്ലബ്, വായനശാലകള്‍ എന്നിവയ്ക്ക് കോവിഡ് മാനദണ്ഡം പാലിച്ച് ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാം. ഇത്തരത്തില്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന്റെ ഫോട്ടോയെടുത്ത് അയ്ക്കുകയാണ് വേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജില്ലാ കളക്ടര്‍ അനുമോദന പത്രം നല്‍കും. ചിത്രം alpgandhijayanthi2020@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ വേണം അയക്കേണ്ടത്. അയയ്ക്കുന്ന ആളുടെ/ സംഘടനയുടെ മേല്‍ വിലാസവും ഫോണ്‍ നമ്പറും ശുചീകരിച്ച സ്ഥലം എന്നിവ നിര്‍ബന്ധമായും ചിത്രത്തോടൊപ്പം ഉള്‍പ്പെടുത്തിയിരിക്കണം.
ഇതുകൂടാതെ ജില്ലയിലെ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നുണ്ട്. 'കോവിഡിന്റെ പശ്ചാത്തലത്തില്‍,വീടുകളിലെ ശുചീകരണവും മുന്‍കരുതലും' എന്നതാണ് വിഷയം. ഇന്‍ലന്റില്‍ തയ്യാറാക്കുന്ന കത്ത് ജില്ലാ കളക്ടര്‍ക്ക് അഭിസംബോധനചെയ്തുകൊണ്ടാവണം. കത്ത് അയക്കേണ്ട വിലാസം ചെയര്‍മാന്‍, ഗാന്ധി സ്മൃതിമണ്ഡപം സമിതി, സിവില്‍ സ്റ്റേഷന്‍ ആലപ്പുഴ എന്നതായിരിക്കണം. കത്തില്‍ അയയ്ക്കുന്ന വിദ്യാര്‍ത്ഥിയുടെ പൂര്‍ണമായ മേല്‍വിലാസവും ഫോണ്‍നമ്പരും പഠിക്കുന്ന ക്‌ളാസ്, വിദ്യാലയം എന്നിവയും ഉണ്ടായിരിക്കണം. മേല്‍പറഞ്ഞ വിവരങ്ങള്‍ ഇല്ലാത്ത എന്‍ട്രികള്‍ പരിഗണിക്കുന്നതല്ല.
മത്സരങ്ങളില്‍ ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. കൂടാതെ പ്രോത്സാഹന സമ്മാനവും ഉണ്ടാവും. ശുചീകരണത്തിന്റെ ഫോട്ടോയും, വിദ്യാര്‍ത്ഥികളുടെ കത്തും ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ എട്ടിന് വൈകിട്ട് അഞ്ചുമണി.
- Log in to post comments