ശുചിത്വമിഷൻ ക്രിയേറ്റീവ് ഡിസൈനുകൾക്ക് മത്സരം സംഘടിപ്പിക്കുന്നു
ആലപ്പുഴ: ഉപയോഗശൂന്യമായ പാഴ്‌വസ്തുക്കൾ ഉറവിടത്തിൽ തന്നെ തരംതിരിക്കണമെന്നും അജൈവ പാഴ്‌വസ്തുക്കൾ പ്രത്യേകം സൂക്ഷിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറണമെന്നുമുള്ള ആശയം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുവാൻ പറ്റുന്ന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വലിയ ഹോർഡിംഗുകൾക്കുള്ള ഡിസൈനുകൾ ക്ഷണിച്ചു. ശുചിത്വമിഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, കലാകാരൻമാർ, വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, പരസ്യ ഏജൻസികൾ തുടങ്ങി നല്ല ആശയങ്ങൾ ഡിസൈനിലൂടെ പങ്കുവയ്ക്കാൻ കഴിവുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാനവ്യാപകമായി ഹരിതകർമ്മസേനയുടെ സേവനങ്ങള്‍ ജനങ്ങളെ പരിചയപ്പെടുത്തുന്നതിനും മാലിന്യങ്ങള്‍ ഉറവിടത്തിൽ തരംതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഹരിതകർമ്മ സേനാംഗങ്ങളുടെ അന്തസും അഭിമാനവും ഉയർത്തിപ്പിടിക്കുവാൻ പര്യാപ്തമായതും ആയിരിക്കണം ഡിസൈനുകൾ. ഹോർഡിംഗുകളിൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ള മികച്ച ഡിസൈനുകൾ ലഭ്യമാക്കിയെങ്കിൽ മാത്രമേ പാരിതോഷികം ലഭിക്കുകയുള്ളൂ. സംസ്ഥാനവ്യാപകമായ പ്രചാരണത്തിന് ഉപയോഗിക്കേണ്ട ഡിസൈൻ ആശയമായതിനാൽ ആയതിന് പര്യാപ്തമായ നിലവാരമുള്ള എൻട്രികൾ ആണ് പ്രതീക്ഷിക്കുന്നത്. ഒക്‌ടോബർ ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പ് എൻട്രികൾ എ3 സൈസ് ഷീറ്റിൽ ഡിജിറ്റൽ പ്രിന്റ് ആയി സംസ്ഥാന ശുചിത്വമിഷൻ ഓഫീസിൽ നേരിട്ടും സോഫ്റ്റ് കോപ്പി iecsuchitwamission@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും ലഭ്യമാക്കണം. ഒക്‌ടോബർ 12 ന് വിജയികളെ പ്രഖ്യാപിക്കും. സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ഡിസൈനിന് 10, 000 രൂപ (പതിനായിരം രൂപ മാത്രം) പാരിതോഷികം ലഭിക്കും. ഒന്നിലധികം മികച്ച ആശയങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ വിധികർത്താക്കളുടെ പൊതു അഭിപ്രായത്തെ അടിസ്ഥാനമാക്കി തെരഞ്ഞെടുക്കും.
- Log in to post comments