Skip to main content

പെരിന്തല്‍മണ്ണയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം; രാമന്‍ചാടി ശുദ്ധജല പദ്ധതി നിര്‍മാണ ഉദ്ഘാടനം ഒക്ടോബര്‍ ഏഴിന്

 

പെരിന്തല്‍മണ്ണയിലെ കുടിവെള്ള പ്രശ്‌നത്തിന് സര്‍ക്കാരിന്റെ ഇടപെടലോടെ ശാശ്വത പരിഹാരമാകുന്നു. അലിഗഡ്- രാമന്‍ചാടി ശുദ്ധജല പദ്ധതിയുടെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബര്‍ ഏഴിന്  ഉച്ചക്ക് 12ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിക്കും. കിഫ്ബിയില്‍ നിന്നും 92.5 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. 50 വര്‍ഷത്തെ നഗരത്തിന്റെ ശുദ്ധജല ആവശ്യം പരിഗണിച്ചാണ് 10 എം.എല്‍.ഡി പ്രതിദിന ശേഷിയുള്ള പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
ഏലംകുളം ഗ്രാമപഞ്ചായത്തിലെ രാമന്‍ചാടി പുഴക്കടവില്‍ കിണര്‍ നിര്‍മിച്ച് അലിഗഡ് കാമ്പസില്‍ നിര്‍മിക്കുന്ന ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുകയും അവിടെ നിന്ന് ശുദ്ധീകരിച്ച വെള്ളം നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് പൈപ്പ് ലൈന്‍ വഴി എത്തിക്കുന്നതുമാണ് പദ്ധതി.   പദ്ധതിയില്‍ 35.77 കോടി രൂപ ഉപയോഗിച്ച് നഗരപ്രദേശങ്ങളിലെ പഴകിയ പൈപ്പ് ലൈനുകള്‍ മാറ്റി നവീന ജി.ഐ പൈപ്പുകള്‍ സ്ഥാപിക്കും. 26.4 കോടി രൂപ കിണറും ശുദ്ധീകരണ പ്ലാന്റും സ്ഥാപിക്കാനും ബാക്കിയുള്ള തുക അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാനും വിനിയോഗിക്കും.
പെരിന്തല്‍മണ്ണ  നഗരസഭയുടെ നേതൃത്വത്തില്‍ അലിഗഡ് സര്‍വകലാശാല ക്യാമ്പസില്‍ ഒന്നര ഏക്കര്‍ സ്ഥലത്താണ് ജലസംഭരണിയുടെ നിര്‍മ്മാണം. ഇത് പ്രകാരം അലിഗഡ് ക്യാമ്പസിനാവശ്യമായ വെള്ളവും ഏലംകുളം, അങ്ങാടിപ്പുറം പഞ്ചായത്തുകളിലേക്ക് ഓരോ ഡെഡിക്കേറ്റ്ഡ് ലൈനും പദ്ധതിയില്‍ നിന്ന് നല്‍കും. കേരള വാട്ടര്‍ അതോറിറ്റിക്കാണ് പദ്ധതിയുടെ നിര്‍മാണ ചുമതല.
പ്രവൃത്തി നിര്‍മാണോദ്ഘാടന ചടങ്ങില്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ അധ്യക്ഷനാകും. പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും. നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം,  വാട്ടര്‍ അതോറിറ്റി ടെക്‌നിക്കല്‍ മെമ്പര്‍ ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date