തദ്ദേശ സ്ഥാപനങ്ങളിലെ നടപടികള്‍ വേഗത്തിലാക്കാന്‍ ഐ.എല്‍.ജി.എസ് സേവനം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും ജില്ലയിലെ 11 പഞ്ചായത്തുകള്‍ ഇന്റലിജന്റ് ഇ ഗവേണന്‍സിലേക്ക്
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവുമാക്കുന്നതിനായി നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം അഥവാ ഐ.എല്‍.ജി.എസിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (സെപ്തംബര്‍ 28) രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ജില്ലയിലേതുള്‍പ്പടെ സംസ്ഥാനത്തെ 150 ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി ഗ്രാമ പഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി വിജയം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
ആദ്യഘട്ടത്തില്‍ ജില്ലയിലെ മൂത്തേടം, മമ്പാട്, കീഴുപറമ്പ്, പോരൂര്‍, എ.ആര്‍ നഗര്‍, നന്നമ്പ്ര, തലക്കാട്, ചെറിയമുണ്ടം, മക്കരപ്പറമ്പ്, നന്നംമുക്ക്, കുറുവ തുടങ്ങി 11 ഗ്രാമപഞ്ചായത്തുകളിലാണ് ഐ.എല്‍.ജി.എസ് സംവിധാനം നടപ്പിലാക്കുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷനാകും. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ ഗ്രാമ പഞ്ചായത്തുകളിലും പ്രാദേശിക തല ഉദ്ഘാടന ചടങ്ങുകളും ഇതോടൊപ്പം നടക്കും.
ഇന്‍ഫര്‍മേഷന്‍ കേരളയാണ് ഐ.എല്‍.ജി.എസിന്റെ സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത്. പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്ന ഇരുന്നൂറിലധികം സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും അപ്പീലുകളും നിര്‍ദേശങ്ങളുമാണ് ഇതുവഴി ഓണ്‍ലൈനായി സമര്‍പ്പിക്കാനാവുക. സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളില്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വെബ് അധിഷ്ഠിത ഏകജാലക സംവിധാനമാണ് ഇതോടെ നിലവില്‍ വരുന്നത്.
അപേക്ഷകള്‍ http://erp.lsgkerala.gov.in എന്ന സൈറ്റിലൂടെയാണ് സമര്‍പ്പിക്കേണ്ടത്. സോഫ്റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭ്യമാകുന്ന യൂസര്‍ ലോഗിന്‍ വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ പൊതുജനങ്ങള്‍ക്ക് അപേക്ഷകള്‍ അയയ്ക്കാം. പഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസ് മുഖേനയും അപേക്ഷ നല്‍കാനാകും. ഫ്രണ്ട് ഓഫീസ് വഴി നല്‍കുന്ന അപേക്ഷകളില്‍ ഏതെങ്കിലും തരത്തില്‍ അപാകതകളുണ്ടെങ്കില്‍ ഇത് സംബന്ധിച്ച അറിയിപ്പുകളും പുതിയ സംവിധാനത്തിലൂടെ അപേക്ഷകന് തത്സമയം ലഭ്യമാക്കാനാകും. അപേക്ഷയില്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്ന മുറക്ക് എസ്.എം.എസ് വഴി അപേക്ഷ കന് അറിയിപ്പ് ലഭിക്കും.
പഞ്ചായത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ വെബ് അധിഷ്ഠിതമാണെന്നതിനാല്‍ കോവിഡ് പശ്ചാത്തലത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വീടുകളിലിരുന്ന് തന്നെ അപേക്ഷകളില്‍ നടപടി സ്വീകരിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്. ഓരോ സേവനത്തിനും അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട രേഖകള്‍ സംബന്ധിച്ചുള്ള വിവരവും സൈറ്റില്‍ ലഭ്യമാകും. ആവശ്യമായ രേഖകള്‍ ഓണ്‍ലൈനായി തന്നെ സമര്‍പ്പിക്കാനും സൗകര്യമുണ്ടാകും.
കൂടാതെ അപേക്ഷ സ്വീകരിച്ചതിന്റെ രസീതും അപേക്ഷയോടൊപ്പം അടയ്ക്കുന്ന ഫീസുകള്‍ക്കുള്ള രസീതും സേവനം എന്ന് ലഭിക്കുമെന്ന് തീയതിയും ഓണ്‍ലൈനായി ലഭ്യമാകും. ഏതെങ്കിലും തരത്തില്‍ അപാകതയുണ്ടെങ്കില്‍ അത് പരിഹരിച്ച് അപേക്ഷ വീണ്ടും സമര്‍പ്പിക്കാനും കഴിയും. പഞ്ചായത്തില്‍ ലഭിക്കുന്ന അപേക്ഷകളുടെ മുന്‍ഗണനാ ക്രമത്തിലായിരിക്കും സോഫ്റ്റ് വെയര്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുക. ബന്ധപ്പെട്ട അപേക്ഷയില്‍ ഫയല്‍ കൈകാര്യം ചെയ്യുന്നതിനായി മുന്‍കൂട്ടി നിശ്ചയിച്ച സമയ പരിധി കഴിഞ്ഞാല്‍ മേലധികാരികള്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിക്കുകയും സേവനങ്ങള്‍ സമയബന്ധിതമായി നല്‍കുന്നതിനും ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഇത് വഴി സാധ്യമാകും.
ഹോമിയോ ഡിസ്പെന്‍സറി കെട്ടിട ഉദ്ഘാടനം ഇന്ന്
സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തെരഞ്ഞെടുത്ത കല്‍പകഞ്ചേരി ഗ്രാമ പഞ്ചയത്തിലെ ഹോമിയോ ഡിസ്പെന്‍സറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ഇന്ന് (സെപ്തംബര്‍ 28 തിങ്കള്‍) നടക്കും. പറവന്നൂര്‍ ചോല ഹോമിയോ ഡിസ്പെന്‍സറിയില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. സി. മമ്മുട്ടി എം.എല്‍.എ. അധ്യക്ഷനാകും. കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു മുഖ്യാതിഥിയാവും. പി.എ.യു പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍ പദ്ധതി വിശദീകരിക്കും. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊടപ്പനക്കല്‍ ബാവ തുടങ്ങിയവര്‍ പങ്കെടുക്കും.എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ യുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്.
- Log in to post comments