ലൈഫ് മിഷന്‍: ഗ്രാമസഭകളില്‍ പങ്കാളികളാകാന്‍ അഭ്യര്‍ത്ഥന
ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ ഭവന പദ്ധതിയുടെ ഗുണഭോക്താക്കളെ തീരുമാനിക്കുന്നതിനുള്ള ഗ്രാമസഭകളില്‍ പരമാവധി ജനങ്ങള്‍ പങ്കാളികളാകണമെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.
സര്‍വേയും അപ്പീലുകളുടെ പരിശോധനയും കഴിഞ്ഞ് തയ്യാറാക്കിയ കരട് ഗുണഭോക്തൃപട്ടികയാണ് ഗ്രാമസഭകളില്‍ പരിഗണിക്കുന്നത്. പരാതികള്‍ ഒഴിവാക്കി അര്‍ഹതയുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് ലഭ്യമാക്കുന്നതിനുള്ള ജനാധിപത്യ പ്രക്രിയ വിജയിപ്പിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.
ഗുണഭോക്താവാകേണ്ടതിനുള്ള മാനദണ്ഡങ്ങള്‍:
1. (a) സ്വന്തമായി വീടില്ലാത്തവരും പരമ്പരാഗത സ്വത്തായി വീടുകിട്ടാന്‍ സാദ്ധ്യതയില്ലാത്തവരും (b) സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തവരും പരമ്പരാഗത സ്വത്തായി വീടോ ഭൂമിയോ കിട്ടാന്‍ സാദ്ധ്യതയില്ലാത്തവരും.
2. ഒരേ റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒറ്റ കുടുംബമായി പരിഗണിക്കണം, അവര്‍ക്ക് ഒരു വീടിനു മാത്രമേ അര്‍ഹതയുണ്ടാവൂ.
ലൈഫ് മിഷന്‍ ഗുണഭോക്താവായി പരിഗണിക്കപ്പെടാന്‍ അര്‍ഹതയില്ലാത്തവര്‍:
1. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്ഥിരജോലിക്കാരോ, ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്നവരോ ആയ അംഗങ്ങളുള്ള കുടുംബം.
2. വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ കൂടുതലുള്ള കുടുംബം.
3. ഗ്രാമപ്പഞ്ചായത്തുകളില്‍ 25 സെന്റിലോ/മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പ്രദേശത്ത് അഞ്ചു സെന്റിലേറെയോ ഭൂമി സ്വന്തമായുള്ള കുടുംബം (പട്ടികവര്‍ഗ്ഗത്തിനു ബാധകമല്ല)
4. ഉപജീവനത്തൊഴില്‍ ഉപാധിയെന്ന നിലയ്ക്കല്ലാതെ നാലുചക്രവാഹനം സ്വന്തമായുള്ള കുടുംബം.
5. അവകാശികള്‍ക്ക് വസ്തു ഭാഗം ചെയ്തുകൊടുത്ത സാഹചര്യത്തില്‍ സാങ്കേതികമായി സ്വന്തം പേരില്‍ ഭൂമിയില്ലാതായതു കൊണ്ടു മാത്രം ഭൂരഹിതരായവര്‍.
മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ പ്രകാരമാണ് ഗുണഭോക്തൃ പട്ടികയ്ക്ക് അന്തിമ രൂപം നല്‍കേണ്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
പി.എന്‍.എക്‌സ്.4798/17
- Log in to post comments