Skip to main content

പരമ്പരാഗത മേഖലയെ സംരക്ഷിക്കും; കൈത്തറി നെയ്തുകാര്‍ക്ക് ഉല്പാദന ഇന്‍സെന്റീവ് വിതരണം ചെയ്തു

കൈത്തറി നെയ്തു തൊഴിലാളികള്‍ക്കുള്ള ഉല്പാദന ഇന്‍സെന്റീവിന്റെ സംസ്ഥാനതല വിതരണോത്ഘാടനം തിരുവനന്തപുരത്ത് വ്യവസായ വകുപ്പ് മന്ത്രി  എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ യൂണിഫോം തയ്യാറാക്കിയ വകയില്‍ വേതനമായി നല്‍കാനുള്ള 15 കോടി രൂപ ഉടന്‍ നല്‍കും. നിശ്ചിത അളവിനേക്കാള്‍ കൂടുതല്‍  ഉല്പാദനം നടത്തുന്ന തൊഴിലാളികള്‍ക്ക് അതിന്റെ അടിസ്ഥാനത്തില്‍  മാസം പരമാവധി 4000/ രൂപ വരെ ഇരട്ടിത്തുക കൂലിയായി നല്‍കും. 10000 ല്‍ അധികം വരുന്ന നെയ്ത്ത് തൊഴിലാളികള്‍ക്ക് ഈ പദ്ധതിയിലൂടെ ആനുകുല്യം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്‍സെന്റീവ് ഇനത്തില്‍ 3 കോടി രൂപയാണ് അനുവദിച്ചത.് ഈ വര്‍ഷം അത് 9.5 കോടി രൂപയാക്കി ഉയര്‍ത്തിയതായി മന്ത്രി പറഞ്ഞു.
    സൗജന്യ സ്‌ക്കൂള്‍ യൂണിഫോം പദ്ധതി 4 -ാം ക്ലാസുവരെ എന്നത് ഏഴാം ക്ലാസുവരെ ആക്കിയിട്ടുണ്ട്. പരമ്പരാഗത മേഖലയെ പൂര്‍ണ്ണമായും സംരക്ഷിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. കൈത്തറി മേഖലയിലെ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമായ ഈ ആനുകൂല്യം കൂടുതല്‍  തൊഴിലാളികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ പര്യാപ്തമാകുമെന്നും കെത്തറി മേഖലയ്ക്ക് ആവശ്യമായ പുതിയ  തറികള്‍ മിതമായ നിരക്കില്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് കാഡ്‌കോയെ ചുമതലപ്പെടുത്തി.
    ഐ.ബി. സതീഷ് എം.എല്‍.എ. യുടെ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവനന്തപുരം ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍. രമേഷ് ചന്ദ്രന്‍, ടെക്‌സ്റ്റെയില്‍സ് ഡയറക്ടര്‍ കെ. സുധീര്‍, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള കുമാരി, പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക വിജയന്‍, ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു, തിരുവനന്തപുരം കൈത്തറി സഹകരണസംഘം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി.  എം.എം. ബഷീര്‍, ഹാന്റക്‌സ് പ്രസിഡന്റ്  പെരിങ്ങമല വിജയന്‍, നടുക്കാട് രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി.എന്‍.എക്‌സ്.1126/18

date