Skip to main content

റബ്ബര്‍ വിലയിടിവിന് കാരണം കേന്ദ്രനയം: കൃഷി മന്ത്രി അഡ്വ. വി. എസ് സുനില്‍ കുമാര്‍

 

കേന്ദ്രനയമാണ് റബ്ബര്‍  വിലയിടിവിന് കാരണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി. എസ് സുനില്‍ കുമാര്‍. പാലാ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍  പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ ജില്ലയില്‍ മികച്ച പ്രകടനം കാഴ്ച വച്ചവര്‍ക്കും ആത്മ പദ്ധതിയിലെ മികച്ച കര്‍ഷകര്‍ക്കുമുളള അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ റബ്ബര്‍ കര്‍ഷകരുടെ കാര്യത്തില്‍ അനുഭാവപൂര്‍ണ്ണമായ നിലപാടാണ് സ്വീകരിച്ചു വരുന്നത്. കേന്ദ്രനയമാണ് റബ്ബര്‍  വിലയിടിവിന് കാരണം. കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന പ്രൊഡക്ഷന്‍ ഇന്‍സെന്റിവ് 200 രൂപയാക്കണം. എന്നാല്‍ മാത്രമേ എല്ലാ കര്‍ഷകര്‍ക്കും അതിന്റെ ഗുണം ലഭിക്കൂ. സ്വാഭാവിക റബറിനെ കാര്‍ഷിക ഉത്പന്നമാക്കി മാറ്റി എടുക്കണം. റബ്ബറിനെ കാര്‍ഷിക വിളയായി പരിഗണിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രത്തോട് ഉന്നയിക്കും. ഇപ്പോള്‍ വാണിജ്യ വകുപ്പിന് കീഴിലുളള റബ്ബറിനെ കൃഷി വകുപ്പിന് കീഴില്‍ കൊണ്ടുവരണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചു. വിദേശത്തു നിന്നും ചിരട്ട പാല്‍ ഇറക്കുമതി ചെയ്യാനുളള കേന്ദ്ര നീക്കത്തില്‍ സംസ്ഥാനത്തിന്റെ ശക്തമായ എതിര്‍പ്പും അറിയിച്ചിട്ടുണ്ട്. റബര്‍ വിലത്തകര്‍ച്ച കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിക്കും. ഇന്ത്യയെ തന്നെ ബാധിക്കും. അതിനാല്‍ കേന്ദ്രഗവണ്‍മെന്റ് ഇക്കാര്യത്തില്‍ മുഖ്യമായ പങ്ക് വഹിക്കേണ്ടതുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ ചെയ്യാന്‍ സാധ്യമായതെല്ലാം ചെയ്യും. റബ്ബര്‍ കര്‍ഷകരുടെ ആശങ്കകളും ആവശ്യങ്ങളും ചര്‍ച്ച ചെയ്യാന്‍ ഏപ്രിലില്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. 

തരിശുനില കൃഷി ഏറ്റവും കൂടുതല്‍ നടന്നത് കോട്ടയം ജില്ലയില്‍ ആണെന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. 2018 ല്‍ സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനം  വര്‍ദ്ധിച്ചുവെങ്കിലും ആവശ്യമായ പച്ചക്കറിയുടെ 50 ശതമാനം മാത്രമാണ് ഇപ്പോഴും നമുക്ക് ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുളളത്. വീടുകളില്‍ കൃഷിയോഗ്യമായ ഇടങ്ങളില്‍ കൃഷി വ്യാപിപ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും ചെയ്യുന്ന കാര്യത്തില്‍ മത്സരബുദ്ധിയോടെ മുന്നോട്ട് പോകണം. വിഷമില്ലാത്ത പച്ചക്കറി ലഭ്യമാക്കാന്‍ നമ്മള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു. പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ ജില്ലയില്‍ മികച്ച പ്രകടനം കാഴ്ച വച്ച സ്‌കൂളുകള്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകഗ്രൂപ്പുകള്‍,കര്‍ഷകര്‍,സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ആത്മ പദ്ധതിയിലെ മികച്ച കര്‍ഷകര്‍ക്കുമുളള അവാര്‍ഡ് വിതരണം മന്ത്രി നിര്‍വ്വഹിച്ചു. കെ. എം. മാണി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം.പി, അഡ്വ. ജോയി എബ്രഹാം എം.പി എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. സെലിന്‍ റോയി തകിടിയേല്‍, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് അഗസ്റ്റ്യന്‍ നടയത്ത് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബെറ്റി റോയി, ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ തോമസ്, ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൗളിറ്റ് തങ്കച്ചന്‍, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ആര്‍ നാരായണന്‍ നായര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. ജയലളിത സ്വാഗതവും പാലാ കൃഷി അസി. ഡയറക്ടര്‍ ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. 

                                                     (കെ.ഐ.ഒ.പി.ആര്‍-595/18)

 

date