ഏറ്റുമാനൂര്‍ നിയോജകമണ്ഡലം സ്ത്രീ സൗഹൃദമാക്കുന്നു
ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളെയും ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയെയും സ്ത്രീസൗഹൃദമാക്കുന്നതിനു മുന്നോടിയായുളള ആലോചനാ യോഗം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷിതത്വം, സ്ത്രീസൗഹൃദ ഓട്ടോറിക്ഷ, ബസ് മുലയൂട്ടല്‍ സൗകര്യവും സാനിട്ടറി നാപ്കിന്‍ വെന്‍ഡിങ്ങ് മെഷിനുകളുമുളള ബസ് ഷെല്‍ട്ടറുകള്‍, സ്ത്രീകള്‍ക്കായുളള പാര്‍ക്കുകള്‍, സ്ത്രീകളുടെ ശാരീരിക- മാനസിക പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിംഗ് സേവനം, വാര്‍ദ്ധക്യത്തിലെത്തിയ സ്ത്രീകള്‍ക്ക് ഒത്തുചേരുവാന്‍ ഒരിടം, കിടപ്പു രോഗികളും പരിചരണം ലഭിക്കാത്തതുമായ സ്ത്രീകള്‍ക്ക് ഭക്ഷണം നല്‍കുവാനുളള സംവിധാനം, പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നതുപോലെ മുതിര്‍ന്ന സ്ത്രീകള്‍ക്കും സ്വയം പ്രതിരോധ പരിശീലനം തുടങ്ങി വിവിധ കര്‍മ്മ പദ്ധതികള്‍ സ്ത്രീ സൗഹൃദമാക്കുന്നതിനു മുന്നോടിയായി എം.എല്‍.എയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന ബിനു അദ്ധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍മാന്‍ ജോയ് മന്നാമല, കുടുംബശ്രീമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ്, വനിതാസെല്‍ സി.ഐ ഫിലോമിന, പബ്ലിക് പ്രോസിക്യൂട്ടര്‍ ഗിരിജ ബിജു എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിതാ സുജാതന്‍, വിവിധ പഞ്ചായത്തു പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി ബിന്ദു, മെമ്പര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആര്‍-596/18)
- Log in to post comments