Skip to main content

എറണാകുളം അറിയിപ്പുകള്‍

മുവാറ്റുപുഴ മുനിസിപ്പാലിറ്റി വയോമിത്രം പദ്ധതിയില്‍ വയോജനങ്ങള്‍ക്കുള്ള എട്ടാം ഘട്ട മരുന്ന് വിതരണം ആരംഭിക്കുന്നു

കൊച്ചി: ഒക്ടോബര്‍ 15 വ്യാഴം മുതല്‍ ഒക്ടോബര്‍ 28 ബുധന്‍ വരെവരെയായിരിക്കും മരുന്ന് വിതരണം നടക്കുക. വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ആശ പ്രവര്‍ത്തകര്‍, അംഗനവാടി പ്രവര്‍ത്തകര്‍ വഴി വയോജനങ്ങളുടെ ഒ.പി ബുക്കുകള്‍ ശേഖരിച്ചു മരുന്നുകള്‍ അവരുടെ വീടിനു അടുത്ത്എത്തിച്ചു കൊടുക്കുന്ന രീതിയില്‍ ആണ് സജ്ജീകരണം. വിവരങ്ങള്‍ക്ക് വയോമിത്രം ഹെല്പ് ഡസ്‌ക് നമ്പറില്‍ ബന്ധപെടുക. ഫോണ്‍ 90723 80117  

വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത്
കൊച്ചി: വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ഏറ്റെടുത്തു നടപ്പിലാക്കുന്ന കാര്‍ഷിക കര്‍മ്മ സേനക്ക് യന്ത്രോപകരണങ്ങള്‍ എന്ന പദ്ധതിയുടെ വിതരണോത്ഘാടനം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ പി.കെ.ശേഖരന്‍ സ്മാരക തൊഴില്‍ സേനക്ക് കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്തുകൊണ്ട് ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.കെ.ജോഷി അവര്‍കള്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് തുളസി സോമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, കൃഷി അസി.ഡയറക്ടര്‍ പി.വി.സൂസമ്മ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ പി.വി.ലൂയിസ്, എ.എന്‍.ഉണ്ണികൃഷ്ണന്‍, സുജാത ചന്ദ്രബോസ്, അംഗങ്ങള്‍ ആയ പി.കെ.രാജു, എം.കെ.മനാഫ്, കെ.എസ്.കെ.ടി.യു. ഏരിയ സെക്രട്ടറി എന്‍.സി.മോഹനന്‍ തൊഴില്‍ സേന സെക്രട്ടറി എന്‍.എ.രാജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ. കെ.ആര്‍.സോണിയ സാന്നിധ്യതില്‍ നടന്ന യോഗത്തിന് വനിത ക്ഷേമ ഓഫീസര്‍ കെ.എന്‍.രമാദേവി എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.  

അനധികൃത ഊന്നി/ചീനവലകള്‍ നീക്കം ചെയ്യണം
കൊച്ചി: ജില്ലയിലെ വിവിധ ഉള്‍നാടന്‍ ജലാശയങ്ങളിലും ദേശീയ ജലപാത -3 ന്റെ വിവിധ ഭാഗങ്ങളിലുമായി അനധികൃത സ്ഥാവര വലകള്‍ (ഊന്നി/ചീനവലകള്‍) സ്ഥാപിച്ച് മത്സ്യബന്ധനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 2010 ലെ കേരള ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും ആക്ട്  2013 ലെ ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ പ്രകാരം ബന്ധപ്പെട്ട ഫിഷറീസ് അധികാരികളില്‍ നിന്ന് സിദ്ധിച്ച രജിസ്‌ട്രേഷനും ലൈസന്‍സും ഇല്ലാതെ മത്സ്യബന്ധനം നടത്തുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. അതിനാല്‍ ഇത് ഒരു അറിയിപ്പായി പരിഗണിച്ച് ഇത്തരത്തില്‍ അനധികൃത ഊന്നി/ചീനവലകള്‍ സ്ഥാപിച്ച് മത്സ്യബന്ധനം നടത്തുന്നവര്‍ ആയവ നീക്കം ചെയ്യേണ്ടതും അനധികൃത മത്സ്യബന്ധനം അവസാനിപ്പിക്കേണ്ടതുമാണ്. അല്ലാത്തപക്ഷം ഇനിയൊരു മുന്നറിയിപ്പില്ലാതെ ഇത്തരം അനധികൃത സ്ഥാവര വലകള്‍ ഫിഷറീസ് വകുപ്പ് നീക്കം ചെയ്യുന്നതും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും അറിയിക്കുന്നു. കൂടാതെ രജിസ്‌ട്രേഷനും ലൈസന്‍സും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഊന്നി/ചീനവലകള്‍ അവയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ മേല്‍ സ്ഥാവരവലയുടെ ബന്ധപ്പെട്ട ഭാഗത്ത് ദൃശ്യമാവുംവിധം അടിയന്തരമായി ആലേഖനം ചെയ്യേണ്ടതാണ്. നിയമപരമായ ലൈസന്‍സി മരിച്ചവരുടെ സംഗതികളില്‍ അവരുടെ അവകാശി ബന്ധപ്പെട്ട രേഖകള്‍ സഹിതം സ്ഥാപനവലകളുടെ രജിസ്‌ട്രേഷനും ലൈസന്‍സും ജമമാറുന്നതിന് (ഓണര്‍ഷിപ്പ് ) ആവശ്യമായ നടപടികള്‍ അടിയന്തരമായി കൈക്കൊളേളണ്ടതാണ്. സ്ഥാവര വലകളുടെ പ്രവര്‍ത്തനത്തിന് പ്രതിവര്‍ഷം ലൈസന്‍സ് പുതുക്കി സൂക്ഷിക്കേണ്ടതാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ജോലി ഒഴിവ്
കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നെറ്റ് മെന്‍ഡര്‍ തസ്തികയിലേക്ക് ഒരു സ്ഥിരം (തുറന്ന തസ്തിക) ഒഴിവു നിലവിലുണ്ട്. പത്താം ക്ലാസ് യോഗ്യതയും, വല നിര്‍മാണത്തിലും അതിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിലുളള അറിവും, എറണാകുളത്തും ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്‌ടോബര്‍ 23 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം. ശമ്പളം 18000-56900. പ്രായപരിധി 18-25.

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ്
സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

കൊച്ചി: പട്ടികജാതി വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുളള ശ്രീ.അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അര്‍ഹരായവരില്‍ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു.
നടപ്പ് വര്‍ഷം സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്. കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ കുറഞ്ഞത് സി പ്ലസ് ഗ്രേഡ് എങ്കിലും ഉളളതും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്തവരുമായവര്‍ക്ക് അപേക്ഷിക്കാം. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, മുന്‍വര്‍ഷ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, ഹെഡ്മാസ്റ്ററ്ററുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഒക്‌ടോബര്‍ 20 ന് വൈകിട്ട് അഞ്ചിനു മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം.

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക്
പ്രൈമറി/സെക്കണ്ടറി എഡ്യൂക്കേഷന്‍ എയ്ഡ്

കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 2020-21 വര്‍ഷം പ്രാഥമിക പഠനാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിലേക്ക് വകുപ്പിന്റെ ഇ-ഗ്രാന്റ്‌സ് 3.0 വെബ്‌പോര്‍ട്ടല്‍ മുഖേന പ്രൈമറി/സെക്കണ്ടറി എഡ്യൂക്കേഷന്‍ എയ്ഡ് പദ്ധതി പ്രകാരം ആനുകൂല്യം വിതരണം ചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ അതത് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിച്ചിട്ടുളള ലോഗിന്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് കുട്ടികളുടെ ഡാറ്റ എന്‍ട്രി നടത്തി അപേക്ഷകള്‍ പട്ടികജാതി വികസന ഓഫീസിലേക്ക് ഫോര്‍വേഡ് ചെയ്യേണ്ടതുമാണ്. ഓണ്‍ലൈന്‍ നടപടികള്‍ സംബന്ധിച്ച് മാര്‍ഗരേഖ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും.

അപേക്ഷ ക്ഷണിച്ചു
കൊച്ചി: പ്രധാനമന്ത്രി മത്സ്യ സംപദായോജന പദ്ധതിയുടെ ഘടക പദ്ധിതികളായ ബയോഫ്‌ളോക്ക്, റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ശുദ്ധജല/ഓരുജല മത്സ്യകുള നവീകരണം, വീട്ടുവളപ്പിലെ അലങ്കാര കൃഷി എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. 40 ശതമാനം സബ്‌സിഡിയോടെയാണ് ഓരോ പദ്ധതിയും നടപ്പിലാക്കുന്നത്. മത്സ്യകൃഷിയില്‍ താത്പര്യമുളള വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും അപേക്ഷിക്കാം. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷകളും അനുബന്ധരേഖകളും ജില്ലാ ഫിഷറീസ് ഓഫീസിലോ എറണാകുളം മത്സ്യ കര്‍ഷക വികസന ഏജന്‍സിയിലോ നല്‍കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ ജില്ലാ ഫിഷറീസ് ഓഫീസിലും മത്സ്യ കര്‍ഷക വികസന ഏജന്‍സിയിലും 0484-2394476, 2392660 നമ്പരുകളില്‍ വിളിക്കാം.

കരാര്‍ നിയമനം
കൊച്ചി: എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേയ്ക്ക്  വിവിധ വിഭാഗങ്ങളില്‍, (കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ) ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍, എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്‌ടോബര്‍ 23 ന് മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-30. നിയമാനുസൃത വയസ്സിളവ് അനുവദനീയം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം/ മൂന്ന് വര്‍ഷത്തെ ട്രെയിനിങ് ഉള്ളവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത : 60 ശതമാനം  മാര്‍ക്കോട് കൂടി മൂന്ന് വര്‍ഷത്തെ മെക്കാനിക്കല്‍ /ഇലക്ട്രിക്കല്‍ /ഇലക്ട്രോണിക്‌സ് /ഇന്‍ട്രുമെന്റഷന്‍ /സിവില്‍ /ഇന്‍ഫര്‍മേഷന്‍ ടെക്‌നോളോജി /കൊമേര്‍ഷ്യല്‍ പ്രാക്ടീസ് എന്നീ എന്‍ഞ്ചിനീയറിംഗിലെ ഡിപ്ലോമയും നിശ്ചിത യോഗ്യത നേടിയതിനു ശേഷം കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നോ /എന്‍ഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ/ സര്‍ക്കാര്‍ /അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ നേടിയുട്ടുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ട്രെയിനിങ് ഉള്ളവരായിരിക്കണം.

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ്; താത്കാലിക റാങ്ക് ലിസ്റ്റ്
കൊച്ചി: സംസ്ഥാന ആരോഗ്യ വകുപ്പിനു കീഴിലെ പാലക്കാട് പെരിങ്ങോട്ടുകുറിശ്ഛി ഗവ: ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് ട്രെയിനിംഗ് സെന്ററില്‍ 2020-22 വര്‍ഷത്തെ എ.എന്‍.എം കോഴ്‌സിനുളള അപേക്ഷ സമര്‍പ്പിച്ച  പാലക്കാട്/തൃശൂര്‍/മലപ്പുറം/എറണാകുളം/ആലപ്പുഴ/ഇടുക്കി ജില്ലകളിലെ ഉദ്യോഗാര്‍ഥികളുടെ താത്കാലിക റാങ്ക് ലിസ്റ്റ് തയാറായി. അതത് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നോ പാലക്കാട്, പെരിങ്ങോട്ടുകുറിശി ജെ.പി.എച്ച്.എന്‍ ട്രെയിനിങ് സെന്ററില്‍ നിന്നോ അറിയാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04922-217-241.

സൗരസുവിധ കിറ്റുകള്‍ വിതരണത്തിന് തയാറായി
കൊച്ചി: അനെര്‍ട്ടിന്റെ പദ്ധതിയായ സൗരസുവിധ കിറ്റുകള്‍ വിതരണത്തിന്
തയ്യാറായിട്ടുണ്ട്. മൊാബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ സൗകര്യമുളള ഒരു സൗര റാന്തലുും എഫ്.എം റേഡിയോയും അടങ്ങിയ സൗരസുവിധ കിറ്റിന് 3,490 രൂപയാണ് വില. സൗര റാന്തലിന് രണ്ട് വര്‍ഷവും വാറണ്ടിയും ബാറ്ററിക്ക് അഞ്ച് വര്‍ഷവും വാറണ്ടിയും ഉണ്ടായിരിക്കും. ആവശ്യമുളളവര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി 0484 2428611, 9188119407 ഫോണ്‍  നമ്പരില്‍ എറണാകുളും ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

സുഭിക്ഷ കേരളം :  കാര്‍ഷിക പുരോഗതിക്കായി ട്രാക്ടര്‍ നല്‍കി
കോവിഡ് 19 ന്റെ വ്യാപനം മൂലം ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെ തിടര്‍ന്നുണ്ടായ കാര്‍ഷിക ഉല്‍പാദന നഷ്ടം പരിഹരിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലുള്‍പ്പെടുത്തി പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പറവൂര്‍ വടക്കേക്കര സര്‍വ്വീസ് കോ-ഓപറേറ്റീവ് ബാങ്കിന് (3131) ട്രാക്ടര്‍, പവര്‍ ടില്ലര്‍ എന്നിവ നല്‍കി.  ബാങ്ക് അങ്കണത്തില്‍ð നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് രമാ ശിവശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു.  പറവൂര്‍ വടക്കേക്കര സര്‍വ്വീസ് കോ-ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റ് എ. ബി മനോജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി. ആര്‍. സൈജന്‍ , സൈബ സജീവ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജിഷ പി.ജി , സര്‍വ്വീസ് കോ-ഓപറേറ്റീവ് ബാങ്ക് സെക്രട്ടറി കെ.എസ്. ജെയ്‌സി , ബാങ്ക് ഡയറക്ടര്‍മാര്‍,  ജി.ഇ.ഒ കെ.ബി ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date