Skip to main content

തലശ്ശേരി കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു

ഭരണഘടന മുന്നോട്ടുവെക്കുന്ന അവകാശങ്ങൾ ഉറപ്പാക്കി കുറഞ്ഞ സമയത്തിനുള്ളിൽ സാധാരണക്കാർക്ക് നീതി ലഭ്യമാക്കുമ്പോഴാണ് നീതിപീഠങ്ങളെ ജനങ്ങൾ വിശ്വാസത്തിലെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി കോടതി സമുച്ചയത്തിന് ശിലാസ്ഥാപനം വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിയമനിർമാണസഭയ്ക്കും ഭരണനിർവഹണസംവിധാനത്തിനും തെറ്റുപറ്റുകയോ വീഴ്ച സംഭവിക്കുകയോ ചെയ്യുമ്പോൾ ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് നീതിപീഠത്തെയാണ്. ജനാധിപത്യത്തെയും മതേതരത്വത്തെയും ക്രമസമാധാന വാഴ്ചയെയും കണ്ണിൽ എണ്ണയൊഴിച്ച് കാത്തുസൂക്ഷിക്കാൻ നീതിന്യായ വ്യവസ്ഥയുണ്ടാകും എന്ന വിശ്വാസമാണ് നമ്മുടെ രാജ്യത്തെ സുരക്ഷിതമായി നിർത്തുന്നത്. ആ പ്രതീക്ഷ നിലനിർത്താൻ സക്രിയ ഇടപെടലാണ് ന്യായാധിപൻമാരുടെയും അഭിഭാഷകരുടെയും മറ്റു ജീവനക്കാരുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.
നീതിന്യായ വ്യവസ്ഥ വലിയ വെല്ലുവിളികളികൾ നേരിടുന്ന അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്. സാധാരണഗതിയിലുള്ള കോടതിപ്രവർത്തനം കോവിഡ് മൂലം അസാധ്യമായി. ഇത് നീതിക്ക്വേണ്ടി കോടതിയെ സമീപിക്കുന്ന ജനങ്ങൾക്കും അഭിഭാഷകർക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇന്നത്തെ കാലത്തിനനുസൃതമായ മാറ്റങ്ങൾക്ക് അഭിഭാഷക, ന്യായാധിപ സമൂഹം മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യസമര ചരിത്രത്തിൽ തലശ്ശേരിക്ക് സവിശേഷമായ സ്ഥാനവുമുണ്ട്. ജീവൻ പണയപ്പെടുത്തിയും അധിനിവേശസമരത്തിന് ഊർജ്ജം പകർന്ന നാടുകൂടിയാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ തലശ്ശേരിയിൽ കോടതിസംവിധാനം ആരംഭിച്ചിരുന്നു. 1802ൽ സ്ഥാപിക്കപ്പെട്ട പ്രൊവിൻഷ്യൽ കോടതി ഏറെ പ്രത്യേകതകളുള്ളതായിരുന്നു. കൊങ്കൺ, കാനറ, കുടക്, കോയമ്പത്തൂർ, കൊച്ചി മേഖലകളിലെ കീഴ് കോടതികളുടെ കേന്ദ്ര കാര്യാലയം എന്ന നിലയിൽ അപ്പീൽ അധികാരമുള്ള വെസ്റ്റേൺ പ്രൊവിൻഷ്യൽ കോടതിയായിരുന്നു തലശ്ശേരിയിലേത്. കണ്ണൂർ ജില്ല രൂപീകൃതമായതോടെ ജില്ലയുടെ ജുഡീഷ്യൽ ഹെഡ്ക്വാർട്ടേഴ്സായി തലശ്ശേരി മാറി. തലശ്ശേരി ജില്ലാ കോടതിയോട് ചേർന്നുകിടക്കുന്ന റിക്കാർഡ് റൂമിൽ സ്വാതന്ത്ര്യസമരത്തിന്റേതുൾപ്പെടെ നിരവധി ചരിത്രപ്രാധാന്യമുള്ള വിധിന്യായങ്ങളുടെ പകർപ്പ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. നിയമമേഖലയിൽ പ്രാവീണ്യം തെളിയിച്ച നിരവധി വ്യക്തിത്വങ്ങൾ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച നിയമകാര്യാലയം കൂടിയാണിത്.
നിലവിൽ തലശ്ശേരി ജില്ലാ കോടതി കോമ്പൗണ്ടിൽ 14 കോടതികളാണ് പ്രവർത്തിക്കുന്നത്. ഇതുമൂലം വ്യവഹാരങ്ങളുമായി ഇവിടെയെത്തുന്ന പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. ഇതുതിരിച്ചറിഞ്ഞാണ് പുതിയ കോടതി സമുച്ചയം നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്. 56 കോടി രൂപ ചെലവിൽ എട്ടുനിലകെട്ടിടമാണ് നിർമിക്കാനുദ്ദേശിക്കുന്നത്. ഇത് യാഥാർഥ്യമാകുന്നതോടെ വിവിധ കെട്ടിടങ്ങളിലായി ചിതറിക്കിടക്കുന്ന 12 കോടതികൾ ഇവിടേക്ക് മാറ്റാനാകും. കൂടാതെ പ്രോസിക്യൂട്ടർമാരുടെ ഓഫീസുകൾ, അഭിഭാഷകർ, അഡ്വക്കേറ്റ് ക്ലർക്കുകൾ, പൊതുജനങ്ങൾ തുടങ്ങിയവർക്ക് വിശ്രമകേന്ദ്രം, പോസ്റ്റ് ഓഫീസ്, ലൈബ്രറി, ക്യാൻറീൻ തുടങ്ങിയവയെല്ലാം ഒരു കുടക്കീഴിലാകും. 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടം ഭിന്നശേഷി സൗഹൃദവുമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്‌സ്. 3588/2020
 

date