Skip to main content

ഫ്രണ്ട് ഓഫീസും ടോക്കണ്‍ സംവിധാനവുമായി  എളംകുളം വില്ലേജ് ഓഫീസ്:  ലാപ്‌ടോപ് സമ്മാനിച്ച് ജില്ലാ കളക്ടര്‍

 

    പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നവീകരണം പൂര്‍ത്തിയാക്കിയ
എളംകുളം വില്ലേജ് ഓഫീസിനും ഓഫീസര്‍ക്കും പ്രത്യേക അഭിനന്ദനവുമായി ജില്ലാ കളക്ടര്‍ ഡോ.രേണു രാജ്. നവീകരിച്ച വില്ലേജ് ഓഫീസിന്റെയും ഫ്രണ്ട് ഓഫീസിന്റെയും ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ ജില്ലാ കളക്ടര്‍ വില്ലേജ് ഓഫീസര്‍ സി.കെ സുനിലിനും സഹപ്രവര്‍ത്തകര്‍ക്കും അഭിനന്ദനമായി ലാപ്‌ടോപും പ്രിന്റര്‍ ടോണറും സമ്മാനിച്ചു. 

    വിവിധ ആവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ജനങ്ങള്‍ എത്തുന്ന വില്ലേജ് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസുകള്‍ സ്ഥാപിക്കുക എന്നത് സര്‍ക്കാര്‍ നയമാണെന്ന് കളക്ടര്‍ പറഞ്ഞു.  പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഓഫീസ് നവീകരിക്കുകയും ഫ്രണ്ട് ഓഫീസ് സജ്ജീകരിക്കുകയും ചെയ്ത എളംകുളം വില്ലേജ് ഓഫീസും ഓഫീസറും മറ്റ് വില്ലേജ് ഓഫീസുകള്‍ക്കു മാതൃകയാണ്. ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമായ ഓഫീസുകള്‍ നവീകരിക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും പൊതുജനങ്ങളും സന്നദ്ധ സംഘടനകളും മുന്നോട്ടുവരുന്നത് അഭിനന്ദനാര്‍ഹമാണെന്നും ഇനിയും ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നതായും കളക്ടര്‍ പറഞ്ഞു. 

        നവീകരിച്ച വില്ലേജ് ഓഫീസില്‍ ഫ്രണ്ട് ഓഫീസിനു പുറമെ സന്ദര്‍ശകര്‍ക്ക് സംഗീതം ആസ്വദിച്ച് കാത്തിരിക്കാന്‍ പ്രത്യേക ലോബിയും ടെലിവിഷന്‍ സംവിധാനവും കുടിവെള്ളവും സജ്ജീകരിച്ചിട്ടുണ്ട്. കരം അടക്കാന്‍ പ്രത്യേക സൗകര്യമുണ്ട്. വില്ലേജ് ഓഫീസര്‍ക്കുള്ള അപേക്ഷകള്‍ ഉള്‍പ്പെടെ ഫ്രണ്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ വില്ലേജ് ഓഫീസറെ കാണുന്നതിന് അറിയിപ്പ് നല്‍കുന്നതിന് ഇലക്‌ട്രോണിക് ടോക്കന്‍ സംവിധാനവുമുണ്ട്. ആറു മാസം മുമ്പ് സി.കെ സുനില്‍ വില്ലേജ് ഓഫീസറായി ചുമതയേല്‍ക്കുമ്പോള്‍ ശോച്യാവസ്ഥയിലായിരുന്നു വില്ലേജ് ഓഫീസ് കെട്ടിടം. പരിമിതികള്‍ക്കിടയിലും ആറു മാസത്തിനിടെ 13600 ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞതായി വില്ലേജ് ഓഫീസര്‍ പറഞ്ഞു.

    ഉദ്ഘാടന ചടങ്ങില്‍ റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ മിഡ്ടൗണ്‍ പ്രസിഡന്റ് രാജേഷ് ഭട്ട് അധ്യക്ഷത വഹിച്ചു. കണയന്നൂര്‍ തഹസില്‍ദാര്‍ രഞ്ജിത് ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ.വി.ജെ പാപ്പു, കെ.കെ ജോര്‍ജ്, ബി.ആര്‍ അജിത്, ജസ്റ്റി മാത്യുസ്, ബാബു ജോസഫ്, രഘു രാമചന്ദ്രന്‍, വില്ലേജ് ഓഫീസര്‍ സി.കെ സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

    റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ മിഡ് ടൗണ്‍, ജുബീറിച്ച് കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റിഡ്, തേവര എസ്.എച്ച് കോളജ്, പ്രൊഫ.വി.ജെ പാപ്പു, രാജേഷ് എടത്താമരമന എന്നിവരുടെ സഹകരണത്തോടെയാണ് വില്ലേജ് ഓഫീസ് നവീകരിച്ചത്.

date