Skip to main content

സഞ്ചാരികളെ മാടി വിളിച്ച് അരുവിക്കുഴിയിലെ കാഴ്ച്ചകള്‍

ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഗ്രാമീണാന്തരീക്ഷത്തില്‍ വിശ്രമിക്കുന്നതിനും അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കുന്നതിനുമായാണ് വിനോദ സഞ്ചാര വകുപ്പ് 4 കോടി 98 ലക്ഷം രൂപ മുടക്കി അരുവിക്കുഴി ടൂറിസം പദ്ധതി പൂര്‍ത്തിയാക്കിയത്. സഞ്ചാരികളെ സ്വീകരിക്കുന്നതിനായി സ്പൈസ് ടൂറിസം സര്‍ക്ക്യൂട്ടിന്റെ ഭാഗമായുള്ള ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചത്. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് ടൂറിസം വകുപ്പിന് വിട്ടുനല്‍കിയ 2.98 ഏക്കര്‍ സ്ഥലത്താണിത്. ഹൗസിംഗ് ബോര്‍ഡിനായിരുന്നു നിര്‍മ്മാണ ചുമതല. ടൂറിസം വകുപ്പ് ഡി.റ്റി.പി.സിക്ക് കൈമാറുന്ന അമിനിറ്റി സെന്ററിന്റെ നടത്തിപ്പ് ടെന്‍ഡര്‍ ചെയ്യുന്നതിനാണ് തീരുമാനം. കേരളാ തമിഴ്നാട് അതിര്‍ത്തിയില്‍ സമുദ്ര നിരപ്പില്‍ നിന്നും 1200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അരുവിക്കുഴി വെള്ളച്ചാട്ടം തമിഴ്നാടിന്റെ തേനി ജില്ലയിലെ വിവിധ സ്ഥലങ്ങളുടെ വിദൂര ദൃശ്യഭംഗി ഇവിടെ നിന്ന് സഞ്ചാരികള്‍ക്ക് ആസ്വദിക്കാകാനാവും. ഗ്രാമീണ അന്തരീക്ഷത്തിലുള്ള പദ്ധതി ആഭ്യന്തര - അന്താരാഷ്ട്ര സഞ്ചാരികള്‍ക്കും ചുരുങ്ങിയ നിരക്കില്‍ വിശ്രമ സമയം ചിലവഴിക്കുന്നതിന് അനുയോജ്യമാണ്.

പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച അമിനിറ്റി സെന്ററില്‍ നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കഫെറ്റീരിയ, ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങള്‍, ടിക്കറ്റ് കൗണ്ടര്‍, ആര്‍ച്ച് ബ്രിഡ്ജ്, നടപ്പാതകള്‍, പാര്‍ക്കിംഗ് ഏരിയ, ലാന്‍ഡ്സ്‌കേപ്പിങ്, റെയിന്‍ ഷെല്‍ട്ടര്‍, രാത്രി വെളിച്ചത്തിനായി സോളാര്‍ ലൈറ്റുകള്‍, പവലിയന്‍ എന്നീ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ കിഴക്കോട്ട് ദര്‍ശനമുള്ള പവലിയനില്‍ നിന്ന് തമിഴ്നാട് കാണാനാവും. നോക്കെത്താ ദൂരത്തുള്ള വിവിധങ്ങളായ കൃഷിപ്പാടങ്ങള്‍ക്ക് നടുവിലായി ഗൂഡല്ലൂര്‍ ടൗണിന്റെ കാഴ്ച്ച ഇവിടുത്തെ പ്രത്യേകതയാണ്. പവലിയനില്‍ നിന്നും കാല്‍നടയായി ആറ് കിലോമീറ്ററോളവും കമ്പംമെട്ട്, കുമളി ചെക്ക് പോസ്റ്റുകള്‍ വഴി 20 കി.മീറ്ററില്‍ താഴെയും മാത്രമേ ഗൂഡല്ലൂരിലേക്ക് ദൂരമുള്ളൂവെന്നതും ശ്രദ്ധേയമാണ്. ടൂറിസം കേന്ദ്രത്തിന് സമീപത്തുകൂടിയാണ് അരുവിക്കുഴി പുഴ ഒഴുകുന്നത്. കേരളാ അതിര്‍ത്തിക്കുള്ളില്‍ നിന്ന് ഉല്‍ഭവിക്കുന്ന പുഴ 1200 അടിയിലേറേ കുത്തനെ താഴേക്ക് പതിച്ചാണ് കിഴക്ക് ഭാഗത്തുള്ള തമിഴ്നാട്ടിലെത്തുന്നത്. കേന്ദ്രത്തിന് ചുറ്റും നിര്‍മ്മിച്ചിരിക്കുന്ന നടപ്പാതകളിലൂടെ സഞ്ചാരികള്‍ക്ക് നടന്ന് കാഴ്ച്ച കാണുന്നിനും സമീപത്തുള്ള കുന്നിന്‍ ചെരിവിലേക്കും മറ്റും പോകുന്നതിനും സൗകര്യമുണ്ട്. പദ്ധതിയുടെ ഭാഗമായി രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി ചെക്ക് ഡാം, പെഡല്‍ ബോട്ട്, വാച്ച് ടവര്‍ തുടങ്ങിയ സംവിധാനങ്ങള്‍കൂടി യാതാര്‍ഥ്യമാക്കും. 

 

date