ബ്ലോക്ക് പഞ്ചായത്തു പദ്ധതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം
കോട്ടയം ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളും 2018-19 വര്‍ഷത്തേയ്ക്കുള്ള പദ്ധതിക്ക് ആസൂത്രണ സമിതി അംഗീകാരം നേടിയതായി അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) പി.എസ് ഷിനോ അറിയിച്ചു. ഇത്തരത്തില്‍ മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകളും അടുത്ത സാമ്പത്തിക വര്‍ഷത്തെ ഡി.പി.സി. അംഗീകാരം നേടിയ സംസ്ഥാനത്തെ ഒന്നാമത്തെ ജില്ലയാണ് കോട്ടയം.
53,0318,000/- (അമ്പത്തി മൂന്നു കോടി മൂന്ന് ലക്ഷത്തി പതിനെണ്ണായിരം) രൂപയ്ക്കുള്ള പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്തുകള്‍ പ്ലാന്‍ ഫണ്ടില്‍ തയ്യാറാക്കിയിട്ടുളളത്. ഏറ്റുമാനൂര്‍ ബ്ലോക്കിലെ ഉണര്‍വ്വ് പദ്ധതി വയോജനങ്ങള്‍ക്ക് മാനസികോല്ലാസവും സുരക്ഷിതത്വബോധവും പകര്‍ന്നു നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ്. കടുത്തുരുത്തി ബ്ലോക്കിന്റെ ശാസ്‌ത്രോദ്യാനം സ്‌കൂളുകളില്‍ സയന്‍സ് ലാബ് നല്‍കാന്‍ ഉദ്ദേശിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കുന്ന വിജയശ്രീയാണ് പള്ളം ബ്ലോക്കിന്റെ നൂതന പ്രൊജക്ട്. കൂടാതെ കാഞ്ഞിരപ്പള്ളി ബ്ലോക്കിന്റെ ശ്രദ്ധേയമായ പദ്ധതിയാണ് മോക്ഷം. സ്ഥല ലഭ്യത കുറഞ്ഞ കോളനികളില്‍ മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ഇത്.
ജില്ലയുടെ വികസന ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുള്ള പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്തുകള്‍ ഏറ്റെടുത്തിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കുള്ള റോഡുകള്‍, പാലങ്ങള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളും പാര്‍പ്പിടം, വൈദ്യുതി, ആരോഗ്യ സുരക്ഷ, മാലിന്യസംസ്‌ക്കരണം, ഭിന്നശേഷിയുള്ളവര്‍ക്കും വയോജനങ്ങളുടെ ക്ഷേമത്തിനുമായും ഉതകുന്ന വിവിധ പദ്ധതികളുള്‍പ്പെടെ വൈവിദ്ധ്യമാര്‍ന്ന പദ്ധതികള്‍ അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കും. മികച്ച ആസൂത്രണത്തിലൂടെ പദ്ധതികള്‍ക്ക് അംഗീകാരം സാമ്പത്തിക വര്‍ഷാരംഭത്തിനു മുമ്പ് തന്നെ നേടിയതിനാല്‍ പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ പ്രവര്‍ത്തി ദിവസം തന്നെ ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും പദ്ധതി നിര്‍വ്വഹണം ആരംഭിക്കുമെന്നും എഡിസി അറിയിച്ചു. എല്ലാ ബ്ലോക്കുകളും കൂടുതല്‍ ജനസൗഹൃദമാക്കാനും ആധുനിക വല്‍ക്കരിക്കാനുമായി ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ നടപ്പാക്കാനുള്ള പ്രോജക്ടുകളും ബ്ലോക്കുകള്‍ ഏറ്റെടുത്തിട്ടുണ്ട്.
(കെ.ഐ.ഒ.പി.ആര്‍-610/18)
- Log in to post comments