സംസ്ഥാന ശിശു ക്ഷേമ സമിതിയില്‍ കിളിക്കൂട്ടം അവധിക്കാല ക്ലാസുകള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
പരിതസ്ഥിതികളോട് ധീരമായി പ്രതികരിക്കാന്‍ ശേഷിയുള്ളവരായി കുട്ടികള്‍ വളരണമെന്ന് സഹകരണ, ദേവസ്വം, വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ 45 ദിവസം നീളുന്ന കിളിക്കൂട്ടം അവധിക്കാല ക്ലാസുകള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഏപ്രില്‍ അഞ്ചുവരെ നീളുന്ന ക്യാമ്പിന്റെ മുദ്രാവാക്യം തന്നെ അറിയുക സമൂഹത്തെ അറിയുക എന്നതാണ്.
വാദ്യ സംഗീതം, നൃത്തം, സംഗീതം, ചിത്രരചന, ഒറിഗാമി, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ജനറല്‍ നോളജ്,അഭിനയകല, മാജിക് ഷോ, ശാസ്ത്ര ക്ലാസുകള്‍, ഗണിതം, മധുരം മലയാളം, അന്താരാഷ്ട്ര ബാല ചലച്ചിത്ര പ്രദര്‍ശനം, പ്രശസ്ത വ്യക്തികളുമായി സംവാദം, ഗുരുവന്ദനം തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടക്കും.
കുട്ടികള്‍ നേരിടുന്ന അപകടങ്ങള്‍, സോഷ്യല്‍ മീഡിയ ഉണ്ടാക്കുന്ന കെണികള്‍, മയക്കുമരുന്നിന്റെയും മദ്യപാനത്തിന്റെയും വിപത്ത്, ഒളിച്ചോട്ടം കാണാതാകല്‍, കുട്ടികള്‍ നേരിടുന്ന വിവിധ മാനസിക സംഘര്‍ഷങ്ങള്‍ എന്നീ വിഷയങ്ങള്‍ക്കു മുന്‍തൂക്കം കൊടുത്തുകൊണ്ടായിരിക്കും ക്യാമ്പിന്റെ നടത്തിപ്പ്.
ചടങ്ങില്‍ ശിശുക്ഷേമസമിതിയില്‍നിന്നു ദത്തെടുത്ത നാലു കുഞ്ഞുങ്ങളെ മന്ത്രി രക്ഷിതാക്കള്‍ക്കു കൈമാറി. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. എസ്.പി. ദീപക്, ട്രഷറര്‍ ജി. രാധാകൃഷ്ണന്‍, എക്‌സിക്യുട്ടിവ് അംഗങ്ങളായ പശുപതി, എല്‍.എസ്. സുദര്‍ശനന്‍, ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ ആറ്റുകാല്‍ പ്രദീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.എന്‍.എക്‌സ്.1270/18
- Log in to post comments