സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് സര്‍ക്കാരിന്റെ സ്വീകരണം ഇന്ന് (ഏപ്രില്‍ ആറ്)
* വിജയദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് നേടിയ കേരള ടീമിന് സര്‍ക്കാരിന്റെ വര്‍ണാഭമായസ്വീകരണം ഇന്ന് (ഏപ്രില്‍ ആറ്) നടക്കും. വിജയദിനാഘോഷവും കേരള ടീമംഗങ്ങളുടെ സ്വീകരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് നാലിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യും. കളിക്കാര്‍ക്കുള്ള ഉപഹാര വിതരണവും മുഖ്യമന്ത്രി നിര്‍വഹിക്കും.
സ്വീകരണചടങ്ങില്‍ വ്യവസായ-കായിക മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍, പ്രമുഖ കായികതാരങ്ങള്‍, മുന്‍കാല സന്തോഷ് ട്രോഫി താരങ്ങള്‍, ജില്ലയിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം ആശംസിക്കും. കായികവകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് കായികതാരങ്ങളെ പരിചയപ്പെടുത്തും. കായിക യുവജനകാര്യാലയം ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍ നന്ദി പറയും.
മ്യൂസിയം ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന വര്‍ണാഭ ഘോഷയാത്രയില്‍ തുറന്ന വാഹനത്തില്‍ ട്രോഫി സഹിതം ടീമിനെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കു സ്വീകരണത്തിനായി ആനയിക്കും. ഘോഷയാത്രയില്‍ പോലീസ് അശ്വാരൂഢ സേന, പോലീസ് ബാന്‍ഡ് മേളം, പോലീസ് ട്രെയിനിംഗ് കോളേജ് അംഗങ്ങള്‍, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍, യുവജനക്ഷേമ ബോര്‍ഡ് വോളന്റിയര്‍മാര്‍, നെഹ്റു യുവകേന്ദ്ര അംഗങ്ങള്‍, എന്‍.എസ്.എസ് കേഡറ്റുകള്‍, സി.ആര്‍.പി.എഫ് സേന, റോളര്‍ സ്‌കേറ്റിംഗ് പ്രകടനം, വിവിധ ക്ലബുകളിലെയും സ്‌കൂള്‍ ഹോസ്റ്റലുകളിലെയും ഫുട്ബോള്‍ ടീമുകള്‍, എല്‍.എന്‍.സി.പി.ഇ വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ യൂണിറ്റുകള്‍, പഞ്ചവാദ്യമേളം തുടങ്ങിയവ ഉണ്ടായിരിക്കും.
14 വര്‍ഷത്തിനുശേഷം കേരളം വിജയം നേടിയതില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചാണ് സര്‍ക്കാര്‍ ഇന്ന് സംസ്ഥാനത്തുടനീളം വിജയദിനമായി ആഘോഷിക്കുന്നത്. കേരളത്തിന് ആറാംതവണയാണ് ട്രോഫി ലഭിക്കുന്നത്.
പി.എന്‍.എക്‌സ്.1271/18
- Log in to post comments