Skip to main content

പ്രതിവർഷം അഞ്ച് ലക്ഷം കരിമീൻ കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുക ലക്ഷ്യം: ഫിഷറീസ് മന്ത്രി

കരിമീൻ വിത്തുല്പാദന കേന്ദ്രം ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്തു

പ്രതിവർഷം അഞ്ച് ലക്ഷം കരിമീൻ കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുക ലക്ഷ്യം: ഫിഷറീസ് മന്ത്രി 

എറണാകുളം: പ്രതിവർഷം അഞ്ച് ലക്ഷം കരിമീൻ കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുകയാണ് കരിമീൻ വിത്ത് ഉല്പാദന കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ജലാശയങ്ങളിലെ മത്സ്യ ഉല്പാദനം വിവിധ പ്രതികൂല കാരണങ്ങളാൽ ഗണ്യമായി കുറഞ്ഞു വരികയാണ്. ഇതിൽ നിന്നും കരകയറാൻ നൂതന മത്സ്യക്കൃഷി രീതികൾ അവലംബിച്ചും സർക്കാർ ഫാമുകളുടെയും ഹാച്ചറികളുടെയും അടിസ്ഥാന സൗകര്യം വികസിപ്പിച്ചും മത്സ്യ ഉല്പാദനം വർധിപ്പിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. മത്സ്യ ഉല്പാദനത്തോടൊപ്പം മത്സ്യവിത്ത് ഉല്പാദനത്തിലും സ്വയം പര്യാപ്ത കൈവരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഇടക്കൊച്ചി സർക്കാർ ഫിഷ് ഫാമിൽ കരിമീൻ വിത്ത് ഉല്പാദന കേന്ദ്രം ഓഫീസ് സമുച്ചയത്തിൻ്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഫാമിൻ്റ നവീകരണ പ്രവർത്തനങ്ങൾക്കായി റൂറൽ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെൻ്റ് ഫണ്ട് എന്ന പദ്ധതി പ്രകാരം 12 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകുകയും പദ്ധതി മൂന്ന് ഘട്ടങ്ങളിലായി പൂർത്തീകരിക്കുകയും ചെയ്തു. ആദ്യ രണ്ട് ഘട്ടത്തിൽ 9.46 കോടി രൂപ ചെലവഴിച്ച് 8 മത്സ്യകുളങ്ങൾ നിർമ്മിച്ച് ഓരു ജലമത്സ്യങ്ങളായ പൂമീൻ , തിരുത, കരിമീൻ എന്നിവയുടെ കൃഷി ആരംഭിച്ചു. മൂന്നാം ഘട്ടത്തിൽ 2.4 കോടി രൂപ ചെലവഴിച്ച് ഫാമിൻ്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, കരിമീൻ വിത്തുല്പാദന കേന്ദ്രം, ഓഫീസ് സമുച്ചയ നിർമ്മാണം എന്നിവ കേരള തീരദേശ വികസന കോർപറേഷൻ വഴി പൂർത്തീകരിച്ചു. ഫാമിൽ കേജുകൾ സ്ഥാപിച്ചുള്ള കരിമീൻ കൃഷിയും, പൂമീൻ , തിരുത എന്നിവയുടെ കൃഷിയും വിജയകരമായി നടത്തി വരുന്നു. ഗുണനിലവാരമുള്ള കരിമീൻ വിത്തിൻ്റെ ഉല്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യം നിറവേറ്റാനാണ് കരിമീൻ വിത്തുല്പാദന കേന്ദ്രം ആരംഭിച്ചത്. ഇവിടെ പന്ത്രണ്ട് ബ്രീഡിംഗ് ടാങ്കുകളും നാല് റെയറിംഗ് ടാങ്കുകളും നിർമ്മിച്ചിരിക്കുന്നത്. ഇതു വഴി അഞ്ച് ലക്ഷം കരിമീൻ കുഞ്ഞുങ്ങളെ പ്രതിവർഷം ഉല്പാദിപ്പിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. 
എം. സ്വരാജ് എംഎൽഎ അധ്യക്ഷത വഹിച്ചു. കേരള തീരദേശ വികസന കോർപറേഷൻ ചീഫ് എഞ്ചിനീയർ എം.എ.മുഹമ്മദ് അൻസാരി, എറണാകുളം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കെ. നൗഷർ ഖാൻ , ജോൺ ഫെർണാണ്ടസ് എം എൽ എ,കൗൺസിലർ പ്രതിഭ അൻസാരി എന്നിവർ പങ്കെടുത്തു.

date