Skip to main content

വനാവകാശ നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തണം : ഗവണ്‍മെന്‍റ് സെക്രട്ടറി

    വനാവകാശ നിയമപ്രകാരം വനവാസികള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വനം, പട്ടികവര്‍ഗ വികസന വകുപ്പുകള്‍ക്ക് കഴിയണമെന്ന് ജില്ലയുടെ ചുമതലയുള്ള ഗവണ്‍മെന്‍റ് സെക്രട്ടറി പി.വേണുഗോപാല്‍ നിര്‍ദേശിച്ചു. ജില്ലയില്‍ നടപ്പാക്കുന്ന കേന്ദ്ര സംസ്ഥാന പദ്ധതികളുടെ നിര്‍വഹണ പുരോഗതി, പ്രധാന പദ്ധതികളുടെ നടത്തിപ്പിലെ പുരോഗതി തുടങ്ങിയവ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനാവകാശ നിയമപ്രകാരമുള്ള എല്ലാ അവകാശങ്ങളും വനവാസികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത പട്ടികവര്‍ഗ വികസനവകുപ്പിനും വനം വകുപ്പിനുമുണ്ട്. ഇക്കാര്യത്തില്‍ നിയമം അനുശാസിക്കുന്ന അവകാശങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കണം. വനത്തിനുള്ളില്‍ താമസിക്കുന്ന പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ട് പാഴാകാതിരിക്കുന്നതിന് ഇവരുടെ ഉന്നമനത്തിനുള്ള  പദ്ധതികള്‍ വനം വകുപ്പിന്‍റെ കീഴിലുള്ള വനവികസന ഏജന്‍സികളിലൂടെ നടത്തുവാന്‍ പട്ടികവര്‍ഗ വികസന വകുപ്പ് നടപടികളെടുക്കണം. വനത്തിനുള്ളിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ മറ്റ് വകുപ്പുകള്‍ക്ക് അനുവാദമില്ലാത്തതിനാല്‍ വനം വകുപ്പ് മുഖേന തന്നെ പദ്ധതി നടപ്പാക്കുകയാണെങ്കില്‍ ഇതിന്‍റെ പ്രയോജനം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കും. ജില്ലയില്‍ വനത്തില്‍ ഒരു പ്രദേശത്ത് സ്ഥിരതാമസക്കാരല്ലാത്ത 46ഓളം പട്ടികവര്‍ഗ കുടുംബങ്ങളെയാണ് ഇനിയും സെറ്റില്‍  ചെയ്യിക്കാനുള്ളതെന്ന് പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. പട്ടികവര്‍ഗ വികസന വകുപ്പ് കുറച്ചുകൂടി ജനോപകാരപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് ശ്രദ്ധിക്കണമെന്നും സര്‍ക്കാര്‍ പട്ടികവര്‍ഗക്കാരുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ കൊണ്ട് അവര്‍ക്ക് പ്രയോജനമുണ്ടാകുന്നുവെന്ന് ഉറപ്പുവരുത്താന്‍ വകുപ്പിന് കഴിയണമെന്നും സെക്രട്ടറി നിര്‍ദേശിച്ചു.     
    ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ 91 പേര്‍ക്ക് മന്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളതായും ഇത് വളരെ ഗൗരവതരമായ ഒരു സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. മന്ത് രോഗം സ്ഥിരീകരിച്ച 91 പേര്‍ക്കും ചികിത്സ നല്‍കുന്നുണ്ടെങ്കിലും കൊതുകുകള്‍ പരത്തുന്ന ഈ രോഗം മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതകൂടുതലായതിനാല്‍ ഇക്കാര്യത്തില്‍ ഏറ്റവും അടിയന്തരമായ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളേണ്ടതിനാല്‍ വിഷയം സംബന്ധിച്ച വിശദമായ ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് ഉടന്‍ നല്‍കുന്നതിന് സെക്രട്ടറി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. 
    തദ്ദേശവാസികളില്‍ മന്ത് രോഗം അപൂര്‍വമായി മാത്രമേ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. എന്നിരുന്നാലും ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള ജില്ലയില്‍ ഇക്കാ     ര്യത്തില്‍ അടിയന്തര നടപടികള്‍ ആവശ്യമായതിനാല്‍ ആരോഗ്യ വകുപ്പ് ഊര്‍ജിതമായ പരിശോധനയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കണമെന്നും നിര്‍ദേശം നല്‍കി. 
    ഹരിതചട്ടം പാലിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ പൂര്‍ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. പലപ്പോഴും ഹരിതചട്ടം ലംഘിച്ചുകൊണ്ട് സര്‍ക്കാര്‍ വകുപ്പുകള്‍ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. മെയ് 20ഓടു കൂടി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പൂര്‍ണമായും ഹരിതചട്ടത്തിലേക്ക് മാറുമെന്നതിനാല്‍ ഇക്കാര്യത്തില്‍ ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചു. 
    കാലവര്‍ഷം അടുത്തുവരുന്ന സാഹചര്യത്തില്‍ മഴക്കാല പൂര്‍വശുചീകരണത്തില്‍ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ജില്ലയില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറുന്ന ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മൂന്നെണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രവര്‍ത്തനം തുടങ്ങിയതായും ബാക്കി നാലെണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതിനുള്ള നടപടികള്‍         പൂര്‍ത്തിയായി വരുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
    പൊതുവിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപ്പെട്ട് ജില്ലയിലെ അഞ്ച് സ്കൂളുകള്‍ക്ക് കിഫ്ബിയില്‍ നിന്ന് അഞ്ച് കോടി രൂപ വീതം അനുവദിച്ചത് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജില്ലയിലെ  സ്കൂളുകളില്‍ 870ഓളം ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങി നല്‍കിക്കഴിഞ്ഞു. മെയ് മാസത്തോടെ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത അധ്യയന വര്‍ഷം 870 സ്മാര്‍ട്ട് ക്ലാസ് മുറികള്‍ തയാറാകും. ഡയറ്റിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ച തുകയില്‍ 13 ശതമാനം മാത്രം ചിലവഴിച്ചത് സംബന്ധിച്ച് വിദ്യാഭ്യാസ  ഡെപ്യൂട്ടി ഡയറക്ടര്‍ വിശദീകരണം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ നിര്‍ദേശം നല്‍കി. കേന്ദ്രാവിഷ്കൃത പദ്ധതിയിന്‍കീഴില്‍ ലഭിക്കുന്ന തുകകള്‍ കൃത്യമായി ചെലവഴിച്ച് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമേ തുടര്‍ന്നും കേന്ദ്ര ഫണ്ടുകള്‍ ലഭിക്കൂ. കേന്ദ്ര ഫണ്ടുകളുടെ വിനിയോഗത്തില്‍ വീഴ്ചകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് സെക്രട്ടറി നിര്‍ദേശം നല്‍കി. 
    പട്ടികജാതി വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ വീടുകള്‍ പൂര്‍ത്തിയാക്കുന്നതിന് അനുവദിച്ചിരുന്ന തുകയില്‍  വളരെ കുറച്ച് മാത്രം ചെലവഴിച്ചത് ഗൗരവതരമായി കാണുമെന്നും സെക്രട്ടറി പറഞ്ഞു. അടുത്ത ആഴ്ചതന്നെ പട്ടികജാതി വികസന വകുപ്പിലെ ബ്ലോക്ക്  ലെവല്‍ ഓഫീസര്‍മാരുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും യോഗം വിളിച്ചുചേര്‍ത്ത് മെയ് മാസത്തിന് മുമ്പ് തുക പൂര്‍ണമായും ചെലവഴിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പട്ടികജാതി വികസന ജില്ലാ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. 
    തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ല  സംസ്ഥാനത്ത് മുന്‍പന്തിയില്‍ എത്തിയതിനും ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും 2018-19 ലെ തൊഴിലുറപ്പു പ്രവൃത്തികള്‍ ഏപ്രില്‍ മാസം തന്നെ ആരംഭിച്ചതിനും  ബന്ധപ്പെട്ടവരെ സെക്രട്ടറി പ്രത്യേകം അഭിനന്ദിച്ചു. ലൈഫ് മിഷന്‍റെ കീഴിലുള്ള വീടുകളുടെ പൂര്‍ത്തീകരണത്തിലും ജില്ല മികച്ച നേട്ടം കൈവരിച്ചതായി ദാരിദ്ര്യലഘൂ കരണവിഭാഗം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.  
    വ്യവസായ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3.57 കോടി രൂപ ഏകജാലക സംവിധാനത്തിലൂടെ സബ്സിഡിയായി നല്‍കിയതായി വ്യവസായ വകുപ്പ് അധികൃത ര്‍ അറിയിച്ചു. പൊതുമരാമത്ത് നിരത്ത് വിഭാഗം 480 കോടി രൂപയുടെ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പാക്കിവരുന്നതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വൈദ്യുതി ബോര്‍ഡ് വൈദ്യുതി തകരാര്‍ സംബന്ധിച്ച പരാതികള്‍ പരമാവധി 12 മണിക്കൂറിനുള്ളില്‍ പരിഹരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതായും ഇത്തരത്തില്‍ 12 മണിക്കൂറിനുള്ളില്‍ പരാതി പരിഹരിക്കാത്ത പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും പിഴ ഈടാക്കി വരുന്നതായും അധികൃതര്‍ അറിയിച്ചു. 
    കൃഷി വകുപ്പ് കഴിഞ്ഞ വര്‍ഷം 664 ഹെക്ടര്‍ തരിശുഭൂമിയില്‍ കൃഷി വ്യാപിപ്പിച്ചതായി അറിയിച്ചു. 
    പദ്ധതി നടത്തിപ്പില്‍ ഉണ്ടാകുന്ന കാലതാമസം സാമ്പത്തിക നഷ്ടത്തിനും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടിനും കാരണമാകുമെന്നതിനാല്‍ സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സെക്രട്ടറി പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചമൂലം പദ്ധതികള്‍ സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകാന്‍ പാടില്ല. പദ്ധതി നിര്‍വഹണത്തില്‍ കൂടുതല്‍ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് എല്ലാ ജില്ലകള്‍ക്കും ഗവണ്‍മെന്‍റ് സെക്രട്ടറിമാര്‍ക്ക് ചാര്‍ജ് നല്‍കി പദ്ധതി പുരോഗതികളും പ്രശ്നങ്ങളും വിലയിരുത്തുന്നതിന്        സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ യോഗമാണ് നടന്നത്. അടുത്ത യോഗത്തില്‍ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും തങ്ങളുടെ വകുപ്പിനെ സംബന്ധിക്കുന്ന ഒരു പ്രസന്‍റേഷന്‍ യോഗത്തില്‍ അവതരിപ്പിക്കണമെന്നും സെക്രട്ടറി അറിയിച്ചു. 
    യോഗത്തില്‍ അവതരിപ്പിച്ച കണക്ക് പ്രകാരം സംസ്ഥാന പദ്ധതികളുടെ നിര്‍വഹണത്തില്‍ 81.78 ശതമാനവും 100 ശതമാനം കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിര്‍വഹണത്തില്‍ 95.75 ശതമാനവും മറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിര്‍വഹണത്തില്‍ 59.42 ശതമാനവും പുരോഗതിയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.               (പിഎന്‍പി 829/18) 

date