75 താലൂക്ക് ആശുപത്രികളിലേക്ക് ഡയാലിസിസ് സൗകര്യങ്ങള്‍ വ്യാപിപ്പിക്കും: ആരോഗ്യമന്ത്രി
75 താലൂക്ക് ആശുപത്രികളിലേക്ക് ഡയാലിസിസ് സൗകര്യങ്ങള്‍ വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചര്‍. തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാട്ടേര്‍സ് ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷൈലജ ടീച്ചര്‍. കേരളത്തിലെ 44 താലൂക്ക് ആശുപത്രികള്‍ക്ക് ഡയാലിസിസ് സെന്ററുകള്‍ ആരംഭിച്ചതായും അതില്‍ 22 എണ്ണം ഉദ്ഘാടനം ചെയ്തുകഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. അടുത്ത വര്‍ഷം 75 താലൂക്ക് ആശുപത്രികളിലേക്ക് ഈ സൗകര്യം വ്യാപിപ്പിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കേരളത്തില്‍ ആര്‍ദ്രം മിഷന്‍ പ്രഖ്യാപിച്ചുകൊണ്ട് ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആരംഭിച്ച നടപടികള്‍ക്ക് മികച്ച ഫലമാണ് ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു. ഇതിനകം 103 പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയിട്ടുണ്ടെന്നും ഇതില്‍ 70 ലേറെ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകഴിഞ്ഞെന്നും മന്ത്രി ശൈലജ ടീച്ചര്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പി.എച്ച്.സി സെന്ററുകള്‍ ഇതിനായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ വ്യക്തിക്കും ശ്രദ്ധകൊടുത്തുകൊണ്ട് ഓരോ വ്യക്തിയുടെയും ആരോഗ്യം സംരക്ഷിക്കുന്നതിലേക്കാണ് നാം മാറുന്നതെന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി ആശുപത്രികളില്‍ മരുന്നുകളില്ലാത്ത അവസ്ഥയുണ്ടായിട്ടില്ലെന്നും ഷൈലജ ടീച്ചര്‍ പറഞ്ഞു.
അടുത്ത മാസം ഒന്നാം തീയ്യതി മുതല്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തന സജ്ജമാകുമെന്നും മന്ത്രി അറിയിച്ചു. ഇതോടൊപ്പം ആശുപത്രി ദിനാചരണം ഉദ്ഘാടനവും സുവനീര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ മഹമ്മൂദ് അള്ളാംകുളം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ പി ലത, ആന്തൂര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ പി കെ ശ്യാമള ടീച്ചര്‍, കെ എം എസ് സി എല്‍ ജനറല്‍ മാനേജര്‍ ദിലീപ് കുമാര്‍ എസ് ആര്‍, കെ എച്ച് ആര്‍ ഡബ്ല്യു എസ് എം ഡി അശോക്‌ലാല്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അസോസിയേഷന്‍ അംഗം ഡോ. കെ വി മുകുന്ദന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. നാരായണ നായിക്, താലൂക്ക് ഹെഡ്ക്വാട്ടേര്‍സ് ആശുപത്രി സൂപ്രണ്ട് ഡോ. എം പ്രീത തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വത്സല പ്രഭാകരന്‍, തളിപ്പറമ്പ് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി ഉമ്മര്‍, കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ വി നാരായണന്‍, പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനക്കീല്‍ ചന്ദ്രന്‍, പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ്, ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൈമൂനത്ത്്, തളിപ്പറമ്പ് നഗരസഭ കൗണ്‍സിലര്‍ സി സിറാജ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ കെ വി ലതീഷ്, തളിപ്പറമ്പ് നഗരസഭ സെക്രട്ടറി കെ അഭിലാഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments